

എയര്‍ ഇന്ത്യ പൈലറ്റുമാരുടെ ലഹരി പരിശോധനയില്‍ രണ്ട് പൈലറ്റ്മാര്‍ക്ക് കൂടി നോണ്‍-നെഗറ്റീവ് ഫലം. ഇവരുടെ ടെസ്റ്റ് സാമ്പിളുകള്‍ കൂടുതല്‍ പരിശോധനയ്ക്കായി അയച്ചു. ഓഗസ്റ്റ് നാലിന് ഫുക്കറ്റ്-ഡല്‍ഹി എയര്‍ ഇന്ത്യ വിമാനത്തിന് വേഗം നഷ്ടപ്പെട്ട സംഭവത്തില്‍ ക്യാപ്റ്റന്‍ കഞ്ചാവ് ഉപയോഗിച്ചതായി തെളിഞ്ഞിരുന്നു. ഇതിന് പിന്നാലെ, എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും ഉള്‍പ്പെടുന്ന ഗ്രൂപ്പിലെ എല്ലാ പൈലറ്റുമാര്‍ക്കും നിര്‍ബന്ധിത ഡ്രഗ് ടെസ്റ്റ് നടത്താന്‍ ആരംഭിച്ചു. ഇതുവരെ ഏകദേശം 400 പൈലറ്റുമാരെ പരിശോധിച്ചതായാണ് വിവരം.
നിയമപ്രകാരം, പ്രാഥമിക പരിശോധനയില്‍ പോസിറ്റിവ് ഫലം ലഭിച്ച രണ്ട് പൈലറ്റുമാരെയും സ്ഥിരീകരണ പരിശോധനാ ഫലം വരുന്നതുവരെ ഡ്യൂട്ടിയില്‍ നിന്ന് മാറ്റിനിര്‍ത്തിയിട്ടുണ്ട്. പ്രാഥമിക പരിശോധനയില്‍ ചില മരുന്നുകളുടെയോ ഭക്ഷണത്തിന്റെയോ ഉപയോഗം, സാങ്കേതിക പിഴവുകള്‍ തുടങ്ങിയ കാരണങ്ങളാല്‍ തെറ്റായ പോസിറ്റീവ് ഫലം ലഭിക്കാനുള്ള സാധ്യതയുള്ളതിനാലാണ് സ്ഥിരീകരണ പരിശോധന നിര്‍ബന്ധമാക്കിയിരിക്കുന്നത്.
ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ നിര്‍ദേശിക്കുന്ന മാനദണ്ഡങ്ങള്‍ക്ക് പുറമേയാണ് എയര്‍ ഇന്ത്യ ഗ്രൂപ്പ് ഈ ഒറ്റത്തവണ പരിശോധന നടത്തുന്നത്. ഡിജിസിഎ നിര്‍ദേശിക്കുന്ന എല്ലാ നിയന്ത്രണ മാനദണ്ഡങ്ങളും എയര്‍ ഇന്ത്യ പൂര്‍ണമായും പാലിക്കുന്നുണ്ട്. യൂറോപ്പിലും അമേരിക്കയിലും ഉള്‍പ്പെടെ മറ്റ് പ്രധാന വ്യോമയാന മേഖലകളില്‍ പിന്തുടരുന്ന മാനദണ്ഡങ്ങള്‍ക്ക് സമാനമാണ് ഇവ. എങ്കിലും, പരിശോധനകള്‍ അല്‍പ്പം കൂടെ കര്‍ശനമാക്കുന്നതിന്റെ ഭാഗമാണിത്.
എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും ചേര്‍ന്ന് ഏകദേശം 5,000 പൈലറ്റുമാരും 300ഓളം വിമാനങ്ങളുമാണ് കൈകാര്യം ചെയ്യുന്നത്. വിമാനയാത്രയുടെ സുരക്ഷാ നിലവാരം പരമാവധി ഉറപ്പാക്കുന്നതിനും യാത്രക്കാരുടെയും വ്യോമയാന മേഖലയിലെ മറ്റ് പങ്കാളികളുടെയും വിശ്വാസം ഉറപ്പാക്കുന്നതിനുമാണ് പരിശോധന നടത്തുന്നതെന്നാണ് സൂചന.
ഡിജിസിഎയുടെ സൈക്കോ ആക്ടീവ് വസ്തുക്കളുടെ പരിശോധന സംബന്ധിച്ച സിവില്‍ ഏവിയേന്‍ റിക്വയര്‍മെന്റ്‌സ് (CAR) പ്രകാരം, ഓരോ വര്‍ഷവും ഫ്‌ലൈറ്റ് ക്രൂ, മറ്റ് പൈലറ്റുമാര്‍, എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍ എന്നിവരില്‍ 10 ശതമാനം പേരെ ലഹരി പരിശോധനയ്ക്ക് വിധേയരാക്കാറുണ്ട്.
പതിവ് പരിശോധനകള്‍ക്ക് പുറമെ, സുരക്ഷയുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ക്കുശേഷവും ഇത്തരം പരിശോധനകള്‍ നടത്താറുണ്ട്. ഓഗസ്റ്റ് 4ലെ ഫുക്കറ്റ്ഡല്‍ഹി എയര്‍ ഇന്ത്യ വിമാനത്തിലെ സംഭവത്തിന് ശേഷമുള്ള പരിശോധനയും ഇതിന്റെ ഭാഗമാണ്.
ഓഗസ്റ്റ് 4ന് ഫുക്കറ്റില്‍ നിന്ന് ഡല്‍ഹിയിലേക്ക് സര്‍വീസ് നടത്തിയ എയര്‍ ഇന്ത്യ വിമാനം പെട്ടെന്ന് വേഗം നഷ്ടപ്പെട്ട് ഏകദേശം 300 അടി താഴേക്ക് പതിക്കുന്ന തരത്തിലുള്ള ഉയരക്കുറവ് നേരിട്ടിരുന്നു. സംഭവത്തില്‍ 20 യാത്രക്കാര്‍ക്കും നാല് കാബിന്‍ ക്രൂ അംഗങ്ങള്‍ക്കും പരിക്കേറ്റു. പരിക്കേറ്റ 24 പേരില്‍ 17 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിമാനത്തില്‍ 137 യാത്രക്കാരും ആറ് കാബിന്‍ ക്രൂ അംഗങ്ങളും രണ്ട് പൈലറ്റുമാരുമാണ് ഉണ്ടായിരുന്നത്. സംഭവത്തെ ഗുരുതരമായ വ്യോമയാന സംഭവമായി കണക്കാക്കി, എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വസ്റ്റിഗേഷന്‍ ബ്യൂറോ അന്വേഷണം നടത്തിവരികയാണ്.
Content Highlights: Two More Air India Pilots Test Non-Negative in Drug Screening; Samples Sent for Confirmation