

ന്യൂഡല്‍ഹി: ഫുക്കറ്റ്-ഡല്‍ഹി വിമാനം താഴ്ന്ന് പറന്ന സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. നാല് സെക്കന്റ് നേരത്തേക്ക് വിമാനത്തിന്റെ നിയന്ത്രണം പൂര്‍ണമായി നഷ്ടമായെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സില്‍ നിന്നുള്ള വിവരങ്ങള്‍ മുന്‍നിര്‍ത്തി എന്‍ഡിടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആകാശത്ത് വെച്ചാണ് നിയന്ത്രണം നഷ്ടമായതെന്നും വിമാനത്തിന്റെ പ്രധാന നിയന്ത്രണ സംവിധാനങ്ങള്‍ പൈലറ്റിന്റെ നിര്‍ദ്ദേശങ്ങളോട് പ്രതികരിക്കാതിരുന്നതിനെ തുടര്‍ന്നാണ് വിമാനം താഴേക്ക് പോയതെന്നുമാണ് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്.
വിമാനത്തിലെ മൂന്ന് ഹൈഡ്രോളിക് സംവിധാനങ്ങളും ഒരേസമയം തകരാറിലായതാണ് വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാന്‍ ഇടയാക്കിയത്. എലിവേറ്ററുകൾ ഉള്‍പ്പെടെയുള്ള പ്രധാന നിയന്ത്രണ സംവിധാനങ്ങള്‍ നാല് സെക്കന്റ് നേരത്തേക്ക് പൂര്‍ണമായും ഒരേസമയം പ്രവര്‍ത്തനഹരിതമായെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. വിമാനം താഴ്ന്ന് തുടങ്ങിയതോടെ ഓട്ടോ പൈലറ്റ് സംവിധാനം തനിയെ പ്രവര്‍ത്തനരഹിതമാകുകയായിരുന്നു. കോ പൈലറ്റ് വിമാനത്തെ നിയന്ത്രിക്കാന്‍ ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം. എന്നാല്‍ നാല് സെക്കന്റിന് ശേഷം ഹൈഡ്രോളിക് സംവിധാനങ്ങള്‍ വീണ്ടും പ്രവര്‍ത്തനക്ഷമമാകുകയായിരുന്നു.
അതേസമയം ഫുക്കറ്റ്-ഡല്‍ഹി വിമാനത്തിലെ പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചതായി തെളിഞ്ഞതിനെ തുടര്‍ന്ന് എല്ലാ പൈലറ്റുമാര്‍ക്കും ലഹരി പരിശോധന എയര്‍ ഇന്ത്യ കര്‍ശനമാക്കിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ച ഫുക്കറ്റില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം പെട്ടെന്ന് വേഗം നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടായിരുന്നു. ഈ സംഭവത്തെ തുടര്‍ന്ന് നടത്തിയ രണ്ട് ഡ്രഗ് ടെസ്റ്റുകളിലും പൈലറ്റ് സുദീപ് വശിഷ്ഠയുടെ ശരീരത്തില്‍ കഞ്ചാവിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു.
AI2379 എന്ന വിമാനത്തില്‍ 137 യാത്രക്കാരും 8 ജീവനക്കാരുമാണുണ്ടായിരുന്നത്. ഓഗസ്റ്റ് നാലിന് ഫുക്കറ്റില്‍ നിന്ന് ഡല്‍ഹിയിലേക്ക് പറക്കുന്നതിനിടെ ഒഡീഷയ്ക്ക് മുകളിലൂടെ വിമാനം പെട്ടെന്ന് ഏകദേശം 300 അടി താഴേക്ക് പതിക്കുകയായിരുന്നു. സംഭവത്തില്‍ 20 യാത്രക്കാര്‍ക്കും 4 ജീവനക്കാര്‍ക്കും പരിക്കേറ്റു. വിമാനം ഉയരം നഷ്ടപ്പെട്ട സമയത്ത് പൈലറ്റ് സുദീപ് വസിഷ്ഠ തന്റെ സീറ്റിലുണ്ടായിരുന്നില്ലെന്നും ആ സമയത്ത് കോ-പൈലറ്റായിരുന്നു വിമാനം നിയന്ത്രിച്ചിരുന്നതെന്നും എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഡല്‍ഹിയില്‍ വിമാനം ഇറങ്ങിയ ശേഷം പൈലറ്റ് കാലുകളുറയ്ക്കാത്ത നിലയിലായിരുന്നെന്നും ഇരിക്കാന്‍ സഹായം ആവശ്യപ്പെട്ടെന്നും ചില സ്രോതസ്സുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ എയര്‍ ഇന്ത്യയുടെ ആഭ്യന്തര ഫ്ലൈറ്റ് സേഫ്റ്റി റിപ്പോര്‍ട്ട് പ്രകാരം, ഉറങ്ങാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പൈലറ്റ് മരുന്ന് കഴിച്ചിരുന്നതായി അറിയിച്ചിരുന്നു. പകല്‍ സമയത്തെ വിശ്രമത്തിനായി തനിക്ക് ലഭിച്ചത് വളരെ കുറച്ച് സമയം മാത്രമാണെന്നും അത് മതിയായ ശാരീരിക വീണ്ടെടുപ്പിന് ആവശ്യമായ സമയത്തേക്കാള്‍ കുറവായിരുന്നുവെന്നും പൈലറ്റ് വിശദീകരണം നല്‍കിയിട്ടുണ്ട്.
Content Highlights: New details have emerged about the Phuket-Delhi flight incident, with reports indicating the aircraft briefly lost control for four seconds