യുപിഐ ഇടപാടുകളിൽ എംഡിആ‍ർ ഈടാക്കാൻ വഴിയൊരുങ്ങി; കറൻസി ഉപയോഗം വീണ്ടും വർധിക്കുന്നതായി ആർബിഐ കണക്കുകൾ

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പൊതുജനങ്ങൾ കൈവശം സൂക്ഷിക്കുന്ന കറൻസിയുടെ തോത് വർദ്ധിച്ചതായാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകൾ വ്യക്തമാക്കുന്നത്

യുപിഐ ഇടപാടുകളിൽ എംഡിആ‍ർ ഈടാക്കാൻ വഴിയൊരുങ്ങി; കറൻസി ഉപയോഗം വീണ്ടും വർധിക്കുന്നതായി ആർബിഐ കണക്കുകൾ
dot image

മുംബൈ: അടുത്തിടെ സമാപിച്ച പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ നികുതി, മറ്റ് നിയമങ്ങൾ (ഭേദഗതി) ബിൽ, 2026 പാസായതോടെ യുപിഐ ഇടപാടുകളിൽ മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എംഡിആർ) ഈടാക്കാൻ നിയമപരമായ വഴിയൊരുങ്ങിയതിന് പിന്നാലെ യുപിഐ ഇടപാടുകളുടെ വളർച്ചാ നിരക്ക് മന്ദഗതിയിലായെന്ന് റിപ്പോർട്ട്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പൊതുജനങ്ങൾ കൈവശം സൂക്ഷിക്കുന്ന കറൻസിയുടെ തോത് വർദ്ധിച്ചതായാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകൾ ഉദ്ധരിച്ചുള്ള റിപ്പോർട്ട്.

കോവിഡ് മഹാമാരിക്കാലമായ 2020-21ൽ പൊതുജനങ്ങളുടെ കൈവശമുള്ള പണത്തിന്റെ വളർച്ചാ നിരക്ക് ഏകദേശം 17 ശതമാനമായി ഉയർന്നിരുന്നതായാണ് ആർബിഐയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്. തുടർന്ന് 2023-24 വരെ ഇത് ഏകദേശം 4 ശതമാനമായി കുറഞ്ഞെങ്കിലും പിന്നീട് വീണ്ടും ഉയർച്ച രേഖപ്പെടുത്തിയതായാണ് ദ ഹിന്ദു റിപ്പോർട്ട് ചെയ്യുന്നത്. 2024-25ൽ ഈ വളർച്ചാ നിരക്ക് 6.5 ശതമാനമായും, 2025-26ൽ 12 ശതമാനമായും ഉയർന്നതായാണ് ആർബിഐയുടെ കണക്കുകൾ അടിസ്ഥാനമാക്കി ദ ഹിന്ദു നടത്തിയ വിശകലനത്തിൽ വ്യക്തമാക്കുന്നത്. 2026-27 സാമ്പത്തിക വർഷത്തിൽ 2026 ജൂലൈ 31 വരെയുള്ള കണക്കുകൾ പ്രകാരം പൊതുജനങ്ങളുടെ കൈവശമുള്ള പണം 41.8 ലക്ഷം കോടി രൂപയിലെത്തിയെന്നാണ് ആർബിഐയുടെ കണക്ക്. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഇത് ഏകദേശം 13 ശതമാനം കൂടുതലാണിത്.

യുപിഐ ഇടപാടുകളുടെ വളർച്ചാ നിരക്ക് ക്രമേണ കുറയുകയാണെന്നാണ് നാഷണൽ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ കണക്കുകളും സൂചിപ്പിക്കുന്നത്. 2019-20ൽ 133 ശതമാനമായിരുന്ന വളർച്ചയെങ്കിൽ 2020-21ൽ ഇത് 95 ശതമാനമായി കുറഞ്ഞിരുന്നു. കോവിഡ് കാലത്തിന് ശേഷം ഇത് വീണ്ടും 105 ശതമാനമായി ഉയർന്നെങ്കിലും പിന്നീട് യുപിഐ ഇടപാടുകളുടെ വർദ്ധനവ് തുടർച്ചയായി മന്ദഗതിയിലായെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2025-26ൽ ഈ വളർച്ച 20.3 ശതമാനമായി ചുരുങ്ങിയെന്നും കണക്കുകൾ പറയുന്നു.

2026-27 സാമ്പത്തിക വർഷത്തിൽ 2026 ഓഗസ്റ്റ് വരെയുള്ള കണക്കുകൾ പ്രകാരം 2025-26 സാമ്പത്തിക വർഷത്തിലെ ഏപ്രിൽ-ഓഗസ്റ്റ് കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ യുപിഐ ഇടപാടുകളുടെ വളർച്ചാ നിരക്ക് 18.7 ശതമാനമായി കുറഞ്ഞുവെന്നും കണക്കുകൾ വ്യക്തമാക്കുന്നു. അതേ കാലയളവിൽ പൊതുജനങ്ങളുടെ കൈവശമുള്ള പണത്തിന്റെ വളർച്ച 13 ശതമാനയിരുന്നെങ്കിൽ യുപിഐ ഇടപാടുകളുടെ വളർച്ചാ നിരക്ക് 18.7 ശതമാനമാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

Content Highlights: Parliament has cleared the Taxation and Other Laws (Amendment) Bill, 2026, paving the way for MDR on UPI transactions, while RBI data indicates cash usage has been increasing in recent years.

dot image
To advertise here,contact us
dot image