വിദ്യാർത്ഥികളോട് പാകിസ്താനിലേയ്ക്ക് പോകണമെന്ന പരാമർശം; ഖേദം പ്രകടിപ്പിച്ച് സൈനിക സ്കൂൾ ഉടമ ഡോ. രാജു ഡേവിസ്

രക്ഷിതാക്കളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലായിരുന്നു സ്കൂൾ ഉടമ വിവാദ പരാമർശം പങ്കുവെച്ചത്

വിദ്യാർത്ഥികളോട് പാകിസ്താനിലേയ്ക്ക് പോകണമെന്ന പരാമർശം; ഖേദം പ്രകടിപ്പിച്ച് സൈനിക സ്കൂൾ ഉടമ ഡോ. രാജു ഡേവിസ്
dot image

തൃശ്ശൂർ: വിദ്യാർത്ഥികളോട് പാകിസ്താനിലേയ്ക്ക് പോകണമെന്ന പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് തൃശൂർ മാളയിലെ ഇന്റർനാഷണൽ ആൻഡ് സൈനിക സ്‌കൂൾ ഉടമ ഡോ. രാജു ഡേവിസ്. ‌പരാമർശം പിൻവലിക്കുന്നെന്നും ഡോ. രാജു ഡേവിസ് വ്യക്തമാക്കി. രക്ഷിതാക്കളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലായിരുന്നു സ്കൂൾ ഉടമ വിവാദ പരാമർശം പങ്കുവെച്ചത്. സ്‌കൂളിലെ ആഘോഷ ചടങ്ങിൽ പങ്കെടുക്കാത്തവരെ ക്ലാസിൽ കയറ്റില്ലെന്നും അവധി ദിനം സ്‌കൂളിലെത്താത്തവർ വിശദീകരണം നൽകണമെന്നും സ്‌കൂൾ ഉടമയായ ഡോ. രാജു ഡേവിസ് അയച്ച സന്ദേശത്തിൽ പറഞ്ഞിരുന്നു.

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികളെ എത്തിക്കാൻ പല ഭാഗത്തേക്കും സ്‌കൂൾ ബസ് ഏർപ്പെടുത്തിയിരുന്നു. എന്നാൽ പകുതി രക്ഷിതാക്കളും കുട്ടികളെ സ്‌കൂളിലേക്ക് അയച്ചിരുന്നില്ല. ഇതിനെതുടർന്നാണ് സ്‌കൂൾ ഉടമ വിവാദ സന്ദേശം വാട്‌സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവെച്ചത്. വിവാദ പരാമർശനത്തിന് പുറമെ ചില കാര്യങ്ങൾ കൂടി സന്ദേശത്തിൽ പറയുന്നുണ്ട്. എല്ലാത്തിനും സ്വാതന്ത്ര്യം വേണം, എന്നാൽ സ്വാതന്ത്ര്യദിനത്തിന്റെ സമയത്ത് കുട്ടികളെ വീട്ടിൽ ഇരുത്തുകയാണ് ചെയ്യുന്നത്. അതുകൊണ്ടാണ് കുട്ടികൾ ധിക്കാരികളായി മാറുന്നത്. പരിപാടിയ്ക്ക് ആരും വരുന്നില്ലെന്ന് നേരത്തെ അറിഞ്ഞിരുന്നുവെങ്കിൽ ഒരു ലക്ഷം രൂപ തന്റെ പോക്കറ്റിൽ തന്നെ ഇരിക്കുമായിരുന്നുവെന്നും സ്‌കൂൾ ഉടമ അയച്ച സന്ദേശത്തിലുണ്ട്. പണം നഷ്ടമായതിന്റെയും കുട്ടികൾ കുറഞ്ഞു പോയതിന്റെയും ദേഷ്യത്തിലായിരുന്നു സ്‌കൂൾ ഉടമയുടെ ശബ്ദ സന്ദേശം. തുടർന്ന് വിവാദ സന്ദേശത്തിൽ പ്രതിഷേധവുമായി രക്ഷിതാക്കളും രംഗത്തെത്തി. വിഷയത്തിൽ പ്രതിഷേധിച്ചുകൊണ്ട് സ്‌കൂളിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്ന് എസ്എഫ്‌ഐ അറിയിച്ചിട്ടുണ്ട്..

സംഭവം വിവാദമായതിന് പിന്നാലെ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്തവർ പാകിസ്താനിലേക്ക് പോകണമെന്ന് പറഞ്ഞിൽ ഉറച്ചുനിൽക്കുന്നുവെന്ന് രാജു ഡേവിസ് പ്രതികരിച്ചിരുന്നു. സ്വാതന്ത്ര്യ ദിനത്തിൽ സ്കൂളിൽ വരാത്ത കുട്ടികളോട് ശത്രുരാജ്യത്തേക്ക് പോകാനാണ് പറഞ്ഞതെന്നും അത് ഏതെങ്കിലും മത വിഭാഗത്തെ ഉദ്ദേശിച്ച് പറഞ്ഞതല്ലെന്നുമായിരുന്നു ഡോ. രാജു ഡേവിസിൻ്റെ വിശദീകരണം.1947 മുതൽ പാകിസ്താൻ ഇന്ത്യയുടെ ശത്രുരാജ്യമാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിൽ പങ്കെടുക്കാത്തവർ ശത്രു രാജ്യത്തിലേക്ക് പോകുന്നതാണ് നല്ലത് എന്നാണ് സൂചിപ്പിച്ചതെന്നും രാജു ‍ഡേവിസ് വിശദീകരിച്ചിരുന്നു.

Content Highlights: Military school owner Dr. Raju Davis has expressed regret over his controversial remark asking students to "go to Pakistan." The statement sparked criticism, prompting him to issue a public apology.

dot image
To advertise here,contact us
dot image