'വിദ്യാർത്ഥികൾ ദേഹോപദ്രവം ഏൽപ്പിച്ചു'; കാലടി സംസ്‌കൃത സർവകലാശാലയിലെ പ്രതിഷേധത്തിൽ പരാതി നൽകി സിസ തോമസ്

മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി അടക്കമുള്ളവർക്കാണ് സിസ തോമസ് പരാതി നൽകിയത്

'വിദ്യാർത്ഥികൾ ദേഹോപദ്രവം ഏൽപ്പിച്ചു'; കാലടി സംസ്‌കൃത സർവകലാശാലയിലെ പ്രതിഷേധത്തിൽ പരാതി നൽകി സിസ തോമസ്
dot image

കൊച്ചി: കാലടി സംസ്‌കൃത സര്‍വകലാശാലയിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് പരാതി നല്‍കി വൈസ് ചാന്‍സലര്‍ സിസ തോമസ്. മുഖ്യമന്ത്രി വി ഡി സതീശന്‍, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, ഉന്നത വിദ്യാഭ്യാസ മന്ത്രി, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി, ഡിജിപി എന്നിവര്‍ക്കാണ് പരാതി നല്‍കിയത്. ഒരു സംഘം വിദ്യാര്‍ത്ഥികള്‍ ദേഹോപദ്രവം ഏല്‍പ്പിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. കൈയേറ്റം ചെയ്തുവെന്നും മാനസികമായി പീഡിപ്പിച്ചുവെന്നും പരാതിയിലുണ്ട്. കൂടെ വന്ന സിന്‍ഡിക്കേറ്റ് അംഗങ്ങളും ആക്രമിക്കപ്പെട്ടുവെന്നും പരാതിയില്‍ പറയുന്നു. വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചുവെന്നും പരാതിയിലുണ്ട്.

ഇക്കഴിഞ്ഞ ഓഗസ്റ്റ് പതിമൂന്നാം തീയതിയായിരുന്നു കാലടി സര്‍വകലാശാലയില്‍ എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നത്. സര്‍വകലാശാലയില്‍ ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തിലേക്ക് ശവമഞ്ചം അടക്കം കൊണ്ടുവന്നായിരുന്നു എസ്എഫ്‌ഐയുടെ പ്രതിഷേധം. വി സി സിസ തോമസിനേയും സിന്‍ഡിക്കേറ്റ് അംഗങ്ങളെയും പ്രതിഷേധക്കാര്‍ തടഞ്ഞുവെച്ചിരുന്നു. ഇതിന് പിന്നാലെ തനിക്കെതിരെ കയ്യേറ്റം നടന്നുവെന്ന് സിസ തോമസ് ആരോപിച്ചിരുന്നു. സിന്‍ഡിക്കേറ്റ് അംഗങ്ങളെ മുറിയില്‍ പൂട്ടിയിട്ടെന്നും സിസ തോമസ് പറഞ്ഞിരുന്നു. ഔദ്യോഗിക വാഹനം നശിപ്പിച്ചെന്ന ആരോപണവും സിസ തോമസ് ഉന്നയിച്ചിരുന്നു. സംഭവത്തില്‍ പരാതി നല്‍കില്ലെന്നായിരുന്നു സിസ തോമസ് ആദ്യം പറഞ്ഞത്. എന്നാല്‍ പിന്നീട് പരാതി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.

ഗസ്റ്റ് അധ്യാപക നിയമനം പൂര്‍ത്തിയാക്കുക, കോഴ്‌സ് പൂര്‍ത്തീകരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് സമയബന്ധിതമായി സര്‍ട്ടിഫക്കറ്റുകള്‍ വിതരണം ചെയ്യുക, അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് എസ്എഫ്‌ഐ സമരത്തിലാണ്. സര്‍വകലാശാലയിലെ അഡ്മിനിസ്ട്രറ്റീവ് ബ്ലോക്കിന് മുന്നിലാണ് എസ്എഫ്‌ഐയുടെ സമരം ഇതിനിടെയായിരുന്നു സിന്‍ഡിക്കേറ്റ് യോഗത്തിലേക്ക് ശവമഞ്ചം കൊണ്ടുവന്നുള്ള പ്രതിഷേധം എസ്എഫ്‌ഐ സംഘടിപ്പിച്ചത്. എസ്എഫ്‌ഐയുടെ സമരരീതി അപരിഷ്‌കൃതമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോണ്‍ വിമര്‍ശിച്ചിരുന്നു.

Content Highlights- Sree Sankaracharya University of Sanskrit Vice Chancellor Sisa Thomas alleged that SFI protesters physically assaulted her during a protest at the Kalady campus

dot image
To advertise here,contact us
dot image