

ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിൽ ഒമ്പത് വിക്കറ്റിന്റെ തോൽവിയാണ് ഓസ്ട്രേലിയ വഴങ്ങിയത്. ഓസ്ട്രേലിയൻ മണ്ണിൽ ഏറ്റവും വേഗത്തിൽ കന്നി ടെസ്റ്റ് വിജയം നേടുന്ന ഏഷ്യൻ രാജ്യമായും ഇതോടെ ബംഗ്ലാദേശ് മാറി.
ഇന്ത്യയ്ക്കും പാകിസ്താനും ശ്രീലങ്കയ്ക്കുമൊന്നുമില്ലാത്ത റെക്കോർഡാണ് ഇത്. ഓസ്ട്രേലിയൻ മണ്ണിൽ തങ്ങളുടെ മൂന്നാമത്തെ മാത്രം ടെസ്റ്റ് മത്സരത്തിലാണ് ബംഗ്ലാദേശ് ഈ ചരിത്ര വിജയം സ്വന്തമാക്കിയത്.
അതേ സമയം ഓസീസിന്റെ തോൽവിയിൽ ഷോക്കിലാണ് ഓസീസ് ഇതിഹാസങ്ങൾ. മുൻ നായകൻ റിക്കി പോണ്ടിങ്, ഓപ്പണർമാരായ മാർക്ക് വോ, മാത്യു ഹെയ്ഡൻ അടക്കമുള്ളവർ ടീമിന്റെ ദയനീയ പ്രകടനം കണ്ട് നിരാശ അറിയിച്ചു.
ലജ്ജിപ്പിക്കുന്ന പരാജയമെന്നാണ് റിക്കി പോണ്ടിങ് ഓസീസ് ടീമിന്റെ പ്രകടനത്തെ വിശേഷിപ്പിച്ചത്. ഓസ്ട്രേലിയൻ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അട്ടിമറിയെന്നാണ് ബംഗ്ലാദേശ് വിജയത്തെ മാർക്ക് വോ വിശേഷിപ്പിച്ചത്.
ഓസീസ് ടീം നേരിടുന്ന ഏറെ വേദനിപ്പിക്കുന്ന തോൽവിയാണിത്. എന്റെ ഓർമയിൽ ഞാൻ കണ്ടിട്ടുള്ള ഓസ്ട്രേലിയൻ മണ്ണിലെ ഓസീസ് ടീമിന്റെ ഏറ്റവും വലിയ അട്ടിമറി തോൽവി ഇതാണ്. മൂന്നോ നാലോ വർഷം മുൻപ് ഗാബയിൽ വെസ്റ്റ് ഇൻഡീസ് ഓസീസിനെ വീഴ്ത്തിയിരുന്നു. അതും അട്ടിമറി തന്നെയാണ്. എന്നാൽ അതിനും മുകളിൽ വരും ഈ തോൽവി, മാർക്ക് വോ വ്യക്തമാക്കി.
ലജ്ജിപ്പിക്കുന്ന പരാജയമാണ് സംഭവിച്ചതെന്നു മുൻ നായകനും ഇതിഹാസ താരവുമായ റിക്കി പോണ്ടിങ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഓസീസ് ടീം ഒന്നാം ഇന്നിങ്സിൽ 198 റൺസിന് ഓൾ ഔട്ടായതിനു പിന്നാലെ പോണ്ടിങ് കടുത്ത വിമർശനങ്ങൾ ഉയർത്തിയിരുന്നു. പിന്നാലെയാണ് തോൽവിക്ക് ശേഷമുള്ള പ്രതികരണം.
ബാറ്റിങ് പൊസിഷൻ മാറ്റങ്ങളും ടീം അഴിച്ചു പണിയുമാണ് മാത്യു ഹെയ്ഡൻ മുന്നോട്ടു വച്ചത്. 'ഓപ്പണിങ് ഹെഡിന്റെ മികച്ച സ്ഥാനമല്ല. അദ്ദേഹത്തിന്റെ ഏറ്റവും അനുയോജ്യമായ സ്ഥാനം അഞ്ചാം നമ്പർ തന്നെയാണ്. അലക്സ് കാരി അഞ്ചാം നമ്പറിൽ ബാറ്റിങിനു ഇറങ്ങുന്നത് എനിക്ക് താത്പര്യമില്ലാത്ത കാര്യമാണ്', ഹെയ്ഡൻ പറഞ്ഞു.
content highlights:australia humiliated by bangladesh legends react