പബ്ലിക് പ്രോപ്പര്‍ട്ടി ബില്ലിന് കര്‍ണാടക മന്ത്രിസഭയുടെ ആംഗീകാരം; ആര്‍എസ്എസിനെ ലക്ഷ്യമിട്ടെന്ന് അഭ്യൂഹം

പൊതുമുതലുകളും സര്‍ക്കാര്‍ കെട്ടിടങ്ങളും ദുരുപയോഗം ചെയ്യുന്നതിനെതിരെ പ്രിയങ്ക് ഖര്‍ഗെ രംഗത്തുവരികയും, ആര്‍എസ്എസ് ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു

പബ്ലിക് പ്രോപ്പര്‍ട്ടി ബില്ലിന് കര്‍ണാടക മന്ത്രിസഭയുടെ ആംഗീകാരം; ആര്‍എസ്എസിനെ ലക്ഷ്യമിട്ടെന്ന് അഭ്യൂഹം
dot image

ബംഗലൂരു: ആര്‍എസ്എസ് രജിസ്‌ട്രേഷന്‍ വിവാദം കനക്കുന്നതിനിടെ പബ്ലിക് പ്രോപ്പര്‍ട്ടി ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കിയതായി കര്‍ണാടക ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖര്‍ഗെ. മന്ത്രിസഭാ യോഗത്തിന് ശേഷമുള്ള പ്രസ്താവനയില്‍, സ്വകാര്യ വ്യക്തികള്‍, സംഘടനകള്‍, അസോസിയേഷനുകള്‍, സൊസൈറ്റികള്‍ എന്നിവര്‍ക്ക് സര്‍ക്കാര്‍ കെട്ടിടങ്ങളും പൊതുസ്വത്തും ഉപയോഗിക്കുന്നതിനുള്ള നിയമപരമായ ചട്ടക്കൂട് രൂപീകരിക്കാനാണ് ഈ ബില്‍ ലക്ഷ്യമിടുന്നതെന്ന് ഖര്‍ഗെ പറഞ്ഞു.

ഉത്തരവാദിത്തം ഉറപ്പാക്കുന്നതിനും പൊതു ആസ്തികളുടെ അനധികൃത ഉപയോഗം തടയുന്നതിനുമാണ് ഈ നിയമനിര്‍മ്മാണം ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഈ ബില്‍ രാഷ്ട്രീയ സ്വയംസേവക് സംഘിനെ (ആര്‍എസ്എസ്) ലക്ഷ്യമിട്ടുള്ളതാണെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ പ്രത്യേകിച്ചൊരു സ്ഥാപനത്തെയും മനസ്സില്‍ കണ്ടിട്ടില്ലെന്നാണ് പ്രിയങ്ക് ഖര്‍ഗെ വ്യക്തമാക്കിയത്. 'ഏതെങ്കിലും പ്രത്യേക സ്ഥാപനത്തെയോ അസോസിയേഷനെയോ സംഘടനയെയോ സൊസൈറ്റിയെയോ ക്ലബ്ബിനെയോ യൂണിയനെയോ സിന്‍ഡിക്കേറ്റിനെയോ എന്‍ജിഒയെയോ നിയന്ത്രിക്കാനോ ഒതുക്കാനോ ആണ് ഈ ബില്ലെന്നാണോ എല്ലാവരും കരുതുന്നത്? എനിക്കത് മനസ്സിലാകുന്നില്ല,' എന്നാണ് മന്ത്രി പ്രതികരിച്ചത്.

ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന വിവരമനുസരിച്ച്, പരിപാടികള്‍ക്കോ യോഗങ്ങള്‍ക്കോ മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കോ വേണ്ടി സര്‍ക്കാര്‍ വക സ്ഥലങ്ങളോ കെട്ടിടങ്ങളോ ഉപയോഗിക്കുന്നതിന് അനുമതി നല്‍കുന്നതിനുള്ള വ്യക്തമായ മാര്‍ഗനിര്‍ദ്ദേശങ്ങളും നടപടിക്രമങ്ങളും ഈ ബില്‍ മുന്നോട്ടുവെക്കുന്നു. പൊതുമുതല്‍ ദുരുപയോഗം ചെയ്യുകയോ കേടുപാടുകള്‍ വരുത്തുകയോ ചെയ്താല്‍ പിഴ ചുമത്തുന്നതിനുള്ള വ്യവസ്ഥകളും ഇതില്‍ ഉള്‍പ്പെടുന്നു. സര്‍ക്കാര്‍ ബില്‍ നിയമസഭയില്‍ അവതരിപ്പിക്കും.

2025 മുതല്‍, പൊതുമുതലുകളും സര്‍ക്കാര്‍ കെട്ടിടങ്ങളും ദുരുപയോഗം ചെയ്യുന്നതിനെതിരെ ഖര്‍ഗെ രംഗത്തുവരികയും, ആര്‍എസ്എസ് ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ആര്‍എസ്എസ് തങ്ങളുടെ പ്രവര്‍ത്തനത്തിന്റെ നൂറാം വര്‍ഷത്തിലേക്ക് കടക്കുന്ന വേളയില്‍, സംഘടനയുടെ നിയമപരമായ പദവി, സാമ്പത്തിക സുതാര്യത, ഭരണഘടനാപരമായ ഉത്തരവാദിത്തം എന്നിവ സംബന്ധിച്ച് വ്യക്തത തേടിക്കൊണ്ട് 2026 ജൂണില്‍ ഖാര്‍ഗെ അവര്‍ക്കൊരു തുറന്ന കത്തും എഴുതിയിരുന്നു. ഇന്ത്യയിലും വിദേശത്തുമായി 60,000-ത്തിലധികം ശാഖകളും കോടിക്കണക്കിന് സ്വയംസേവകരുമുണ്ടെന്ന് അവകാശപ്പെടുന്ന ഒരു സംഘടനയ്ക്ക് പൊതുജീവിതത്തില്‍ വലിയ സ്വാധീനമുണ്ടെന്നും, അതിനാല്‍ സുതാര്യത, ഭരണഘടനാപരമായ മാനദണ്ഡങ്ങള്‍ തുടങ്ങിയ ഉത്തരവാദിത്തങ്ങള്‍ അവര്‍ പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Content Highlights: The Karnataka Cabinet has approved a Public Property Bill, with speculation emerging over its possible implications for organisations such as the RSS. The cabinet decision has triggered political discussion over the proposed legislation and its potential impact.

dot image
To advertise here,contact us
dot image