'അറസ്റ്റ് രാഷ്ട്രീയ പ്രേരിതം, ഡിഎംകെയെ നേരിടാൻ ടിവികെ സർക്കാരിന് ധൈര്യമില്ല': ഉദയനിധിയുടെ അറസ്റ്റിൽ കനിമൊഴി

പറഞ്ഞത് തെറ്റായി തോന്നുന്നില്ലെന്നും വിഷയം നിയമപരമായി നേരിടുമെന്നും ഉദയനിധി പറഞ്ഞു

'അറസ്റ്റ് രാഷ്ട്രീയ പ്രേരിതം, ഡിഎംകെയെ നേരിടാൻ ടിവികെ സർക്കാരിന് ധൈര്യമില്ല': ഉദയനിധിയുടെ അറസ്റ്റിൽ കനിമൊഴി
dot image

ചെന്നൈ: നടി തൃഷയ്‌ക്കെതിരായ ദ്വയാര്‍ത്ഥ പരാമര്‍ശത്തില്‍ തമിഴ്‌നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ അറസ്റ്റ് ചെയ്തതില്‍ പ്രതികരണവുമായി കനിമൊഴി എംപി. നാളെ ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് പ്രതിപക്ഷ നേതാവിനെ തടയാനാണ് അറസ്റ്റ് എന്നാണ് കനിമൊഴി പറയുന്നത്. പ്രതിപക്ഷ പാര്‍ട്ടി എന്ന നിലയില്‍ ഡിഎംകെയെ നേരിടാന്‍ ടിവികെ സര്‍ക്കാരിന് ധൈര്യമില്ലെന്നും ഉദയനിധിയുടെ അറസ്റ്റ് രാഷ്ട്രീയ പ്രതികാരമാണെന്നും കനിമൊഴി പറഞ്ഞു. എക്‌സിലൂടെയായിരുന്നു കനിമൊഴിയുടെ പ്രതികരണം.

'പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനോട് വ്യക്തിപരമായ പക തീര്‍ക്കാനാണെങ്കില്‍ കേസ് കൊടുക്കൂ. കോടതി തീരുമാനിക്കട്ടെ. എന്നാല്‍ ഡിഎംകെയെ നേരിടാനുളള ധൈര്യമില്ലാത്തതുകൊണ്ട് മാത്രം ഇത്തരത്തിലുളള അടിച്ചമര്‍ത്തല്‍ നടപടികളിലേക്ക് ടിവികെ സര്‍ക്കാര്‍ കടക്കുന്നത് നിയമവിരുദ്ധമാണ്. നാളെ ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് തടയുക എന്ന ലക്ഷ്യത്തോടെ മാത്രം പ്രതിപക്ഷ നേതാവിനെ അറസ്റ്റ് ചെയ്യുന്നത് തികഞ്ഞ ഭീരുത്വമാണ്': എന്നാണ് കനിമൊഴി പറഞ്ഞത്.

നടി തൃഷയ്‌ക്കെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ തമിഴ്‌നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ അൽപ്പസമയം മുൻപാണ് അറസ്റ്റ് ചെയ്തത്. തഞ്ചാവൂര്‍ പൊലീസ് ചെന്നൈയിലെ വീട്ടിലെത്തിയാണ് ഉദയനിധിയെ കസ്റ്റഡിയിലെടുത്തത്. ഉദയനിധിയുടെ  മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഉച്ചയ്ക്ക് ശേഷം പരിഗണിക്കാനിരിക്കെയായിരുന്നു അറസ്റ്റ്. അറസ്റ്റിനെ ഒരു തമാശ പോലെയാണ് കാണുന്നതെന്നാണ് ഉദയനിധി സ്റ്റാലിന്‍ പ്രതികരിച്ചത്. പറഞ്ഞത് തെറ്റായി തോന്നുന്നില്ലെന്നും വിഷയം നിയമപരമായി നേരിടുമെന്നും ഉദയനിധി പറഞ്ഞു.  അടിയന്തരാവസ്ഥയേക്കാള്‍ മോശം സാഹചര്യമാണ് ഇപ്പോഴെന്നും ഉദയനിധി പറഞ്ഞു.

'കോടതിയില്‍ കാണാം. വിഷയത്തെ നിയമപരമായി നേരിടും. ഞാന്‍ ഒരാളുടെയും പേര് പറഞ്ഞിട്ടില്ല. ആരെക്കുറിച്ചും സംസാരിച്ചിട്ടില്ല. അനന്തരഫലം നേരിടാന്‍ തയ്യാറാണ്. അറസ്റ്റിനെ പേടിക്കുന്നയാളല്ല ഞാന്‍': ഉദയനിധി പറഞ്ഞു. രാഷ്ട്രീയ വേട്ടയാടലാണോ എന്ന ചോദ്യത്തിന്, അവര്‍ക്ക് അതിനുളള ബുദ്ധിയുണ്ടെന്ന് തോന്നുന്നില്ല എന്നാണ് ഉദയനിധി പറഞ്ഞത്. 'ഒരു കൂട്ടം വിഡ്ഢികളാണ് അവര്‍. ഇതെല്ലാം യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്ന് വഴി തിരിച്ചുവിടാനുളള തന്ത്രങ്ങളാണ്. കര്‍ഷകരുടെ പോരാട്ടം നടക്കുന്നില്ലേ. അതില്‍ നിന്ന് ശ്രദ്ധ തിരിക്കുകയാണ് ലക്ഷ്യം' ഉദയനിധി കൂട്ടിച്ചേര്‍ത്തു. ഉദയനിധി സ്റ്റാലിനെതിരെ ഗുരുതര വകുപ്പുകളാണ് ചുമത്തിയത്. സെക്ഷന്‍ 196 വംശീയാധിക്ഷേപം, സെക്ഷന്‍ 192 കലാപാഹ്വാനം, 352 വ്യക്തി അപമാനം, 79 സ്ത്രീകളുടെ മാന്യതയെ അപമാനിക്കല്‍, 61 ക്രിമിനല്‍ ഗൂഢാലോചന എന്നീ വകുപ്പുകളാണ് ഉദയനിധിക്കെതിരെ ചുമത്തിയിരിക്കുന്നത്.

കാവേരി നദീജല വിഷയത്തില്‍ ഡിഎംകെ നടത്തിയ പ്രതിഷേധത്തിനിടെയാണ് ഉദയനിധി സ്റ്റാലിന്‍ തൃഷയെക്കുറിച്ച് ദ്വയാര്‍ത്ഥ പരാമര്‍ശം നടത്തിയത്. കാവേരി വിഷയത്തില്‍ മുഖ്യമന്ത്രി മിണ്ടുന്നില്ലെന്നും അദ്ദേഹത്തിന് ഇപ്പോള്‍ ആകെയുളള ജോലി ഡിഎംകെയ്ക്ക് എതിരെ കളളക്കേസ് എടുക്കുക എന്നതാണെന്നും ഉദയിധി പറഞ്ഞപ്പോള്‍ പ്രവര്‍ത്തകര്‍ സദസില്‍ നിന്നും തൃഷ, തൃഷാ എന്ന് കൂട്ടത്തോടെ വിളിച്ചുപറഞ്ഞു. ഇതോടെ പ്രസംഗം നിര്‍ത്തി ചെറുചിരിയോടെയാണ് ഉദയനിധി ദ്വയാര്‍ത്ഥ പരാമര്‍ശം നടത്തിയത്. പിന്നാലെ ഉദയനിധിയ്‌ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ടിവികെയും ബിജെപിയും ഉള്‍പ്പെടെ രംഗത്തെത്തുകയായിരുന്നു.

Content Highlights: DMK MP Kanimozhi strongly condemns the arrest of Udhayanidhi Stalin, alleging that the ruling TVK government is using political vendetta out of fear.

dot image
To advertise here,contact us
dot image