

ന്യൂഡല്‍ഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച വിഷയത്തില്‍ സിജെപി നയിച്ച സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നടത്തിയ പരിപാടികളുടെ പേരില്‍ കേരളത്തിലെടുത്ത കേസുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഗാന്ധിജിയുടെ കൊച്ചുമകനും പൊതുപ്രവര്‍ത്തകനുമായ തുഷാര്‍ ഗാന്ധി. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി വി ഡി സതീശനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കും തുഷാര്‍ ഗാന്ധി കത്തയച്ചു. കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ നിയമനടപടി ലജ്ജാകരമാണെന്നാണ് തുഷാര്‍ ഗാന്ധി കത്തില്‍ പറയുന്നത്. എഫ്‌ഐആറുകള്‍ റദ്ദാക്കണമെന്നും ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും തുഷാര്‍ ഗാന്ധി പറഞ്ഞു.
ഡല്‍ഹിയില്‍ നടന്ന പ്രതിഷേധത്തിന് പിന്തുണ അറിയിച്ച് കേരളത്തില്‍ നടത്തിയ പ്രതിഷേധത്തില്‍ കേസെടുത്ത വിവരം അത്ഭുതപ്പെടുത്തിയതായി തുഷാര്‍ ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വം നല്‍കുന്ന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇത്തരത്തിലൊരു നടപടി ലജ്ജാകരമാണ്. ലോക്‌സഭാ പ്രതിപക്ഷാ നേതാവ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധി എംപിയും വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ നല്‍കി രംഗത്തെത്തിയിരുന്നു. അവരെ അതിക്രൂരമായാണ് കേന്ദ്രസര്‍ക്കാരും ഡല്‍ഹി പൊലീസും നേരിട്ടത്. പ്രതിഷേധിക്കാന്‍ ഭരണഘടന നല്‍കുന്ന അവകാശത്തെ താങ്കളും സര്‍ക്കാരും മാനിക്കുന്നുവെന്നാണ് കരുതുന്നത്. സത്യാഗ്രത്തിലൂടെയാണ് കോണ്‍ഗ്രസ് രൂപപ്പെട്ടതെന്ന് നിങ്ങളെ പ്രത്യേകം ഓര്‍മ്മിപ്പിക്കേണ്ടതില്ലല്ലോ?. കോണ്‍ഗ്രസ് സര്‍ക്കാരില്‍ നിന്നും ഇതിലും മികച്ചതാണ് പ്രതീക്ഷിക്കുന്നത്. മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും അടുത്ത സുഹൃത്തുക്കളായാണ് താന്‍ കാണുന്നതെന്നും തുഷാര്‍ ഗാന്ധി കത്തില്‍ ചൂണ്ടിക്കാട്ടി.
കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുഖ്യമന്ത്രിക്കും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്കും കത്തയച്ചിരുന്നു. സമരം ഒത്തുതീര്‍ക്കുന്നതിന്റെ ഭാഗമായി എല്ലാ കേസുകളും പിന്‍വലിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സമ്മതിച്ചിട്ടും കേരളത്തില്‍ അത്തരമൊരു തീരുമാനം യുഡിഎഫ് സര്‍ക്കാര്‍ കൈക്കൊണ്ടിട്ടില്ലെന്ന് പിണറായി വിജയന്‍ മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ പറഞ്ഞിരുന്നു.
Content Highlights- Thushar Gandhi sent a letter to V D Satheesan and Ramesh Chennithala, describing the legal action taken in Kerala against supporters of the CJP protest as shameful