'KSUവിന്റെ ആവശ്യം ന്യായം; എല്ലാവരെയും കേൾക്കുക എന്നത് ജനാധിപത്യ രീതി'; മുഖ്യമന്ത്രിയെ വിമർശിച്ച് ജിൻ്റോ ജോൺ

മുഖ്യമന്ത്രിയുടെ പ്രതികരണം ശരിയായില്ലെന്ന് ജിൻ്റോ ജോൺ

'KSUവിന്റെ ആവശ്യം ന്യായം; എല്ലാവരെയും കേൾക്കുക എന്നത് ജനാധിപത്യ രീതി'; മുഖ്യമന്ത്രിയെ വിമർശിച്ച് ജിൻ്റോ ജോൺ
dot image

കൊച്ചി: കെഎസ്‌യുവിന് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രതികരണത്തില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ജിന്റോ ജോണ്‍. എല്ലാവരെയും കേള്‍ക്കുക എന്നത് ജനാധിപത്യ രീതിയാണ്. വ്യത്യസ്ത അഭിപ്രായമുള്ളപ്പോള്‍ കേള്‍ക്കാന്‍ തയ്യാറാകണം. മുഖ്യമന്ത്രിയുടെ പ്രതികരണം ശരിയായില്ലെന്നും ജിനറോ ജോണ്‍ പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടെങ്കില്‍ അറിയിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നാണ് കെഎസ്‌യു കരുതുന്നത്. രാഷ്ട്രീയത്തില്‍ വ്യത്യസ്ത അഭിപ്രായം ഉണ്ടെങ്കില്‍ അത് പറയാന്‍ കെഎസ്‌യുവിന് അവകാശമുണ്ടെന്നും ജിന്റോ ജോണ്‍ പറഞ്ഞു. കോഫി വിത്ത് അരുണിലായിരുന്നു ജിന്റോ ജോണിന്റെ പ്രതികരണം.

ഗവ. പ്ലീഡര്‍ നിയമത്തില്‍ ആശങ്കയുണ്ടെന്നും ജിന്റോ ജോണ്‍ പറഞ്ഞു. ഏത് പാര്‍ട്ടിയില്‍ ഉള്ളവര്‍ക്കും യുഡിഎഫിലേക്ക് വരാന്‍ സ്വാതന്ത്ര്യമുണ്ട്. കെഎസ്‌യുക്കാരെ മര്‍ദ്ദിച്ചവര്‍ അഭിഭാഷകരായി എത്തുമ്പോള്‍ ഉത്തരവാദിത്തപ്പെട്ടവരെ അറിയിക്കണം. അങ്ങനെ അല്ലാത്തവര്‍ വരുമ്പോള്‍ ആശങ്കയുണ്ടാകും. കെഎസ്‌യുവിന്റെ ആവശ്യം ന്യായമാണ്. രാഷ്ട്രീയം പരസ്യമായി നിലപാട് പറയാനുള്ളതാണ്. അതുകൊണ്ടാണ് താൻ കോണ്‍ഗ്രസ് തെരഞ്ഞെടുത്തത്. മുഖ്യമന്ത്രിയെ കാണാന്‍ ആര്‍ക്കും അവകാശമുണ്ട്. വി ഡി സതീശന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. വി ഡി സതീശന്‍ സംഘപരിവാറിനെ പിന്തുണയ്ക്കുന്ന ആളാണെന്ന് കരുതാനാവില്ലെന്നും ജിന്റോ ജോണ്‍ കൂട്ടിച്ചേര്‍ത്തു.

ഇക്കഴിഞ്ഞ ബുധനാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു കെഎസ്‌യുവിന് എതിരായ മുഖ്യമന്ത്രിയുടെ പരാമര്‍ശമുണ്ടായത്. ഗവ. പ്ലീഡറായി സജീവ ആര്‍എസ്എസ് ബന്ധമുള്ള വ്യക്തിയെ നിയമിച്ചതുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കവെയായിരുന്നു വിമര്‍ശനം. തിരുവനന്തപുരത്തെ കെഎസ്‌യുവാണോ പ്ലീഡറെ നിയമിക്കുന്നത് എന്നായിരുന്നു സതീശന്‍ ചോദിച്ചത്. കെഎസ്‌യുവിന് പ്ലീഡര്‍ നിയമനത്തില്‍ എന്ത് കാര്യമെന്നും സതീശന്‍ ചോദിച്ചിരുന്നു. ഇതിന് പിന്നാലെ സതീശനെതിരെ തുറന്നടിച്ച് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ രംഗത്തെത്തിയിരുന്നു. പ്ലീഡര്‍ നിയമനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ കെഎസ്‌യു ആശങ്ക അറിയിച്ചതില്‍ എന്താണ് തെറ്റ് എന്ന് അലോഷ്യസ് ചോദിച്ചിരുന്നു. കേരളത്തിന്റെ തെരുവില്‍ സമരം ചെയ്ത ആളുകളുടെ വൈകാരികത ഉള്‍ക്കൊണ്ട് കെഎസ്‌യു മുഖ്യമന്ത്രിയെ ആശങ്ക അറിയിക്കുമെന്നും അലോഷ്യസ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഫേസ്ബുക്കിലൂടെയും അലോഷ്യസ് പ്രതികരിച്ചു. 'നെറികേടുകള്‍ക്ക് നേരെ വിരല്‍ ചൂണ്ടുന്നത് ധിക്കാരമെങ്കില്‍ ഞങ്ങള്‍ ഒരു കൂട്ടം ധിക്കാരികള്‍' എന്ന് പറഞ്ഞ് ഫേസ്ബുക്കിലൂടെയായിരുന്നു അലോഷ്യസ് പ്രതികരിച്ചത്. വിരല്‍ ചൂണ്ടുന്ന ഒരു ചിത്രവും അലോഷ്യസ് പങ്കുവെച്ചിരുന്നു.

മുഖ്യമന്ത്രിക്കെതിരെ പ്രതികരിച്ച് കെഎസ്‌യു സംസ്ഥാന ട്രഷറര്‍ ആദില്‍ കെകെബിയും രംഗത്തെത്തി. മുക്കാല്‍ പിണറായിയെ അല്ല അധികാരത്തില്‍ ഇരുത്തിയതെന്നും കെഎസ്‌യുവിനെതിരെ പറഞ്ഞതൊക്കെ തിരുത്താന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും ആദില്‍ പറഞ്ഞിരുന്നു. മുഖ്യമന്ത്രിയെ കാണാന്‍ അലോഷ്യസ് സേവ്യര്‍ ശ്രമം നടത്തിയെങ്കിലും കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചതും രൂക്ഷ വിമർശനത്തിന് കാരണമായി.

Content Highlights- Jinto John criticized the Chief Minister, stating that KSU's demand is justified. He said listening to everyone is a democratic practice.

dot image
To advertise here,contact us
dot image