

ന്യൂഡല്‍ഹി: തലസ്ഥാനത്ത് ജന്തര്‍ മന്തറില്‍ നടക്കുന്ന സിജെപി പ്രതിഷേധത്തില്‍ സന്ദര്‍ശനം നടത്തി എഎപി അധ്യക്ഷനും മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍. പ്രതിഷേധത്തില്‍ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം നടത്തുന്ന സോനം വാങ്ചുക്കിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച കെജ്‌രിവാള്‍ അടുത്ത വിദ്യാഭ്യാസ മന്ത്രിയായി അദ്ദേഹത്തെ നിയമിക്കണെന്ന് നിര്‍ദേശിക്കുകയും ചെയ്തു. രാജ്യത്തെ വിദ്യാര്‍ത്ഥികള്‍ക്കായി വാങ്ചുക്ക് എന്ന സാമൂഹ്യ പ്രവര്‍ത്തകന്‍ തന്റെ ജീവന്‍ പോലും അപകടത്തിലാക്കുകയാണ്. അതിനാല്‍ ധര്‍മേന്ദ്ര പ്രധാനെ പുറത്താക്കൂ, സോനം വാങ്ചൂക്കിനെ ഈ രാജ്യത്തിന്റെ വിദ്യാഭ്യാസ മന്ത്രിയാക്കൂ എന്നായിരുന്നു കെജ്‌രിവാളിന്റെ ആഹ്വാനം.
വാങ്ചുക്കിനെ കേള്‍ക്കണമെന്ന് സര്‍ക്കാരിനോട് അദ്ദേഹം ആവശ്യപ്പെട്ടു. അല്ലെങ്കില്‍ യുപിഎ സര്‍ക്കാരിന്റെ വിധിയുണ്ടാകുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി. '2011 ഏപ്രിലില്‍ ഇതേ സ്ഥലത്താണ് അണ്ണാ ഹസാരേയ്‌ക്കൊപ്പം താനിരുന്നത്. സോനം വാങ്ചുക്കിനെ കേള്‍ക്കണമെന്നാണ് എനിക്ക് കേന്ദ്ര സര്‍ക്കാരിനോട് പറയാനുള്ളത്, അല്ലെങ്കില്‍ മൂന്നു വര്‍ഷത്തിന് ഇപ്പുറം അതേവിധി സര്‍ക്കാരിനുണ്ടാകും.'- കെജ്‌രിവാള്‍ പറഞ്ഞു.
വാങ്ചുക്ക് വിപ്ലവകരമായ കാര്യങ്ങള്‍ പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഭയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോക്രോച്ച് ജനത പാര്‍ട്ടിയും വാങ്ചുക്കും വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടാണ് പ്രതിഷേധം നടത്തുന്നത്. പ്രമുഖനായ വിദ്യാഭ്യാസ പ്രവര്‍ത്തകനാണ് സോനം വാങ്ചുക്ക്. അദ്ദേഹം മുമ്പ് ലഡാക്കിന് വേണ്ടിയും നിരാഹാര സമരം നടത്തിയിട്ടുണ്ടെന്നും കെജ്‌രിവാള്‍ ചൂണ്ടിക്കാട്ടി.
'മത്സരപരീക്ഷകള്‍ വിദ്യാര്‍ഥികളുടെ സ്വപ്‌നമാണ്. തങ്ങളുടെ കഠിനാധ്വാനം കൊണ്ട് ഒരു ഭാവി സൃഷ്ടിക്കാം എന്ന വിശ്വാസത്തിലാണ് അവര്‍ പരീക്ഷാ മുറിയിലെത്തുന്നത്. ചോദ്യപ്പേര്‍ ചോര്‍ച്ച രാജ്യത്തിന് തന്നെ അപകടകരമാണ്. യുവാക്കളെയും 'പാറ്റ'കളെയും സര്‍ക്കാര്‍ കേള്‍ക്കാന്‍ തയ്യാറാകണം. ഇനി കുട്ടികള്‍ ജീവനൊടുക്കാതെ ഇരിക്കാന്‍ സിസ്റ്റത്തില്‍ മാറ്റം കൊണ്ടുവരണം. സിജെപി പ്രഖ്യാപിച്ചിരിക്കുന്ന ജൂലായ് 20ലെ പ്രതിഷേധത്തില്‍ രാജ്യത്തുടനീളമുള്ള എല്ലാവരും പങ്കെടുക്കണം.' - ജന്തര്‍ മന്തറിലെ പ്രതിഷേധക്കാരെ അഭിസംബോധന ചെയ്ത് കെജ്‌രിവാള്‍ പറഞ്ഞു.
മുന്‍ ഡല്‍ഹി മന്ത്രി സൗരഭ് ഭരദ്വാജിനൊപ്പമാണ് പ്രതിഷേധ വേദിയില്‍ കെജ്‌രിവാളെത്തിയത്. ബിജെപി സര്‍ക്കാരിനെതിരെ വിമര്‍ശനം ഉയര്‍ത്തിയ ഭരദ്വാജ്, ധര്‍മന്ദ്ര പ്രധാനെ നീക്കം ചെയ്താലും ഒരിക്കലും സ്മൃതി ഇറാനിയെ വിദ്യാഭ്യാസ മന്ത്രിയാക്കരുതെന്ന് പരിഹാസരൂപേണ പറഞ്ഞു.
Content Highlights: AAP leader Arvind Kejriwal alleged that the Prime Minister fears Wangchuk and said he should be made Education Minister instead of Dharmendra Pradhan. Kejriwal made the remarks while commenting on the ongoing political issue involving Wangchuk.