

ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിന ക്രിക്കറ്റ് മത്സരത്തിനിടെ ഐസിസിയുടെ ലെവല്‍ വണ്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ഗുര്‍നൂര്‍ ബ്രാറിന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ മുന്നറിയിപ്പ് നല്‍കി. കൂടാതെ താരത്തിന്റെ അച്ചടക്ക റെക്കോര്‍ഡില്‍ ഒരു ഡീമെറിറ്റ് പോയിന്റും ചേര്‍ത്തിട്ടുണ്ട്. കഴിഞ്ഞ 24 മാസത്തിനിടയില്‍ ഗുര്‍നൂര്‍ ബ്രാര്‍ നടത്തുന്ന ആദ്യത്തെ അച്ചടക്ക ലംഘനമാണിത്.
ബര്‍മിംഗ്ഹാമില്‍ നടന്ന മത്സരത്തില്‍ ഇംഗ്ലണ്ട് ഇന്നിംഗ്‌സിന്റെ എട്ടാം ഓവറിലായിരുന്നു സംഭവം. ഗുര്‍നൂര്‍ ബ്രാര്‍ എറിഞ്ഞ പന്ത് ഇംഗ്ലണ്ട് ബാറ്റര്‍ ബെന്‍ ഡക്കറ്റ് നേരെ ബൗളര്‍ക്ക് തന്നെ ഡിഫന്‍ഡ് ചെയ്തു. ഫീല്‍ഡ് ചെയ്ത ശേഷം ബ്രാര്‍ പന്ത് ബാറ്റര്‍ക്ക് നേരെ അനുയോജ്യമല്ലാത്തതും അപകടകരവുമായ രീതിയില്‍ എറിയുകയായിരുന്നു.
അന്താരാഷ്ട്ര മത്സരങ്ങളില്‍ കളിക്കാര്‍ക്ക് നേരെ അപകടകരമായ രീതിയില്‍ പന്ത് എറിയുന്നത് വിലക്കുന്ന ഐസിസി പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.9 ബ്രാര്‍ ലംഘിച്ചതായി കണ്ടെത്തി. ഇതേത്തുടര്‍ന്നാണ് മുന്നറിയിപ്പ് നല്‍കിയത്. തെറ്റ് ചെയ്തതായി ഗുര്‍നൂര്‍ ബ്രാര്‍ സമ്മതിക്കുകയും ഐസിസി മാച്ച് റഫറി റിച്ചി റിച്ചാര്‍ഡ്സണ്‍ നിര്‍ദ്ദേശിച്ച ശിക്ഷാ നടപടി അംഗീകരിക്കുകയും ചെയ്തു. ഓണ്‍-ഫീല്‍ഡ് അമ്പയര്‍മാരായ കുമാര്‍ ധര്‍മ്മസേന, മൈക്ക് ബേണ്‍സ്, മൂന്നാം അമ്പയര്‍ സാം നൊഗാജ്സ്‌കി, നാലാം അമ്പയര്‍ റസ്സല്‍ വാറന്‍ എന്നിവരാണ് താരത്തിനെതിരെ പരാതി നല്‍കിയത്.
പെരുമാറ്റച്ചട്ടത്തിലെ ലെവല്‍ വണ്‍ ലംഘനങ്ങള്‍ക്ക് കുറഞ്ഞ ശിക്ഷയായി മുന്നറിയിപ്പും, പരമാവധി ശിക്ഷയായി മാച്ച് ഫീയുടെ 50 ശതമാനം വരെ പിഴയും ഒന്നോ രണ്ടോ ഡീമെറിറ്റ് പോയിന്റുകളുമാണ് നല്‍കുക. 24 മാസത്തിനിടയില്‍ ഒരു കളിക്കാരന് നാലോ അതിലധികമോ ഡീമെറിറ്റ് പോയിന്റുകള്‍ ലഭിച്ചാല്‍ അത് സസ്‌പെന്‍ഷന്‍ പോയിന്റുകളായി മാറുകയും വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്യും. അച്ചടക്ക നടപടി നേരിടേണ്ടി വന്നെങ്കിലും ഈ മത്സരത്തില്‍ ഇംഗ്ലീഷ് ഓപ്പണര്‍മാരായ ബെന്‍ ഡക്കറ്റ്, ജേക്കബ് ബെഥേല്‍ എന്നിവരുടെ വിക്കറ്റുകള്‍ വീഴ്ത്തി ഗുര്‍നൂര്‍ ബ്രാര്‍ മികച്ച പ്രകടനം നടത്തിയിരുന്നു. ഈ മത്സരത്തില്‍ ഇന്ത്യ ആറുവിക്കറ്റിന് വിജയിച്ചിരുന്നു.
content highlights: Indian pacer Gurnoor Brar warned for breaching ICC Code of Conduct