പ്രഖ്യാപിച്ച് മൂന്നാംദിനം സ്ഥാനാര്‍ത്ഥിയെ മാറ്റി ബിജെപി; ബങ്കിപൂരില്‍ ട്വിസ്റ്റ്

നിതിന്‍ നബീന്റെ അടുത്ത അനുയായി കൂടിയായിരുന്ന അഭിഷേക് കുമാര്‍ സിന്‍ഹ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സജീവമായിരുന്നു

പ്രഖ്യാപിച്ച് മൂന്നാംദിനം സ്ഥാനാര്‍ത്ഥിയെ മാറ്റി ബിജെപി; ബങ്കിപൂരില്‍ ട്വിസ്റ്റ്
dot image

പട്‌ന: ബിഹാര്‍ ബങ്കിപൂര്‍ നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ പ്രഖ്യാപിച്ചിരുന്ന സ്ഥാനാര്‍ത്ഥിയെ മാറ്റി ബിജെപി. അഭിഷേക് കുമാര്‍ സിന്‍ഹയെ മാറ്റി നീരജ് കുമാര്‍ സിന്‍ഹയെയാണ് ബിജെപി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്. സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് മൂന്നാം ദിനം മാറ്റിയത് മണ്ഡലത്തില്‍ ചര്‍ച്ചയായി. കുടുംബകാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ന് രാവിലെയാണ് അഭിഷേക് കുമാര്‍ സിൻഹ നാമനിര്‍ദേശ പത്രിക പിന്‍വലിച്ചത്. ബിജെപി ദേശീയ അധ്യക്ഷന്‍ കൂടിയായ നിതിന്‍ നബീന്‍ രാജ്യസഭാംഗമായതോടെയാണ് ബങ്കിപൂര്‍ മണ്ഡലം ഉപതെരഞ്ഞെടുപ്പിനൊരുങ്ങുന്നത്.

നിതിന്‍ നബീന്റെ അടുത്ത അനുയായി കൂടിയായ അഭിഷേക് കുമാര്‍ സിന്‍ഹ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സജീവമായിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകരുമായി ഇതിനകം തെരഞ്ഞെടുപ്പ് യോഗങ്ങള്‍ സംഘടിപ്പിക്കുകയും മുതിര്‍ന്ന നേതാക്കളില്‍ നിന്നും ആശിര്‍വാദം സ്വീകരിക്കുകയും ചെയ്തിരുന്നു. അതിനിടെയാണ് കുടുംബപരമായ കാരണം ചൂണ്ടിക്കാട്ടിയുള്ള പെട്ടെന്നുള്ള പിന്‍വാങ്ങല്‍. 2006 മുതല്‍ ബിജെപിയില്‍ പ്രവര്‍ത്തിച്ചുവരുന്നയാളാണ് നീരജ് കുമാര്‍ സിന്‍ഹ.

തെരഞ്ഞെടുപ്പ് തന്ത്രജ്ഞനും ജന്‍സുരാജ് പാര്‍ട്ടി സ്ഥാപകനുമായ പ്രശാന്ത് കിഷോര്‍ ആദ്യമായി സ്ഥാനാര്‍ത്ഥിയാകുന്ന തെരഞ്ഞെടുപ്പാണ് ബങ്കിപൂരിലേത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നിതിന്‍ നബീന്‍ പരാജയപ്പെടുത്തിയ രേഖാ ഗുപ്തയാണ് ബങ്കിപൂരിലെ ആര്‍ജെഡി സ്ഥാനാര്‍ത്ഥി.

Content Highlights: Bankipur bypoll BJP's Sudden Candidate Change make buzz

dot image
To advertise here,contact us
dot image