

പത്തനംതിട്ട: ആറന്മുള വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട ഡ്രോണ്‍ സര്‍വ്വേയ്‌ക്കെതിരെ മുന്‍ കൃഷിമന്ത്രി പി പ്രസാദ്. ആറന്മുളയെ ഭൂമാഫിയക്ക് കയറിയിറങ്ങി നിരങ്ങാനുള്ള ഇടമാക്കിയെന്നും ഭരണകൂടത്തിന്റെ പിന്തുണയിലാണ് ചിലര്‍ ചില വര്‍ത്തമാനങ്ങള്‍ പറയുന്നതെന്നും പി പ്രസാദ് ആരോപിച്ചു.
എന്തുകൊണ്ട് പത്തുകൊല്ലം ആറന്മുളയില്‍ ഡ്രോണ്‍ സര്‍വ്വേ ഉണ്ടായില്ലെന്നും പ്രസാദ് ചോദിച്ചു. പത്തുകൊല്ലം കഴിഞ്ഞപ്പോള്‍ കച്ചവടം ചെയ്യുമെന്ന് കച്ചവടക്കാര്‍ വന്ന് പറയുന്നു. കച്ചവടക്കാര്‍ക്ക് വേണ്ടി കൊടുക്കാനുള്ളതല്ല നാട്ടിലെ ജനവിധി. ജനവിധിയുടെ പേരില്‍ എന്തും ചെയ്യാന്‍ അവകാശമുണ്ടെന്ന് കരുതരുതെന്നും പി പ്രസാദ് പറഞ്ഞു.
യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെയാണ് ആറന്മുള വിമാനത്താവള പദ്ധതിയെപ്പറ്റിയുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമാകുന്നത്. പദ്ധതി പ്രദേശത്ത് ഭൂവുടമയും മൗണ്ട് സിയോണ്‍ ഗ്രൂപ്പ് ചെയര്‍മാനുമായ എബ്രഹാം കലമണ്ണിലിന്റെ നേതൃത്വത്തില്‍ ഡല്‍ഹിയിലെ സ്വകാര്യ സ്ഥാപനം ഡ്രോണ്‍ സര്‍വ്വേ നടത്തിയിരുന്നു. തന്റെ പക്കല്‍ 400 ഏക്കര്‍ ഉണ്ടെന്നും സര്‍വ്വേക്കായി സ്വകാര്യ കമ്പനി വീണ്ടുമെത്തുമെന്നുമായിരുന്നു എബ്രഹാമിന്റെ പ്രതികരണം. യുഡിഎഫ് സര്‍ക്കാരുമായി ഔദ്യോഗിക ചര്‍ച്ച നടത്തിയിട്ടില്ലെന്നും ഡ്രോണ്‍ സര്‍വ്വേ നടത്തിയത് ജില്ലാ ഭരണകൂടത്തിന് അറിയില്ലെന്നും അദ്ദേഹം റിപ്പോര്‍ട്ടറിനോട് പറഞ്ഞിരുന്നു.
'പദ്ധതിക്ക് മുന്‍കൈയെടുത്തത് ഉമ്മന്‍ചാണ്ടി സര്‍ക്കാരും എന്‍ഒസി നല്‍കിയത് അച്യുതാനന്ദന്‍ സര്‍ക്കാരുമാണ്. ഇടതും വലതും ഒന്നിച്ച് ആഗ്രഹിക്കുന്ന കാര്യമാണ് ആറന്മുള വിമാനത്താവളം പദ്ധതി. മുമ്പ് താന്‍ സര്‍വ്വേ നടത്താന്‍ ഏല്‍പ്പിച്ച ഏജന്‍സി അംഗീകൃതമല്ല എന്നാണ് ഹരിത ട്രിബ്യൂണല്‍ കണ്ടെത്തിയത്. അംഗീകൃത ഏജന്‍സി അല്ല എന്ന് എനിക്ക് അന്ന് അറിവില്ലായിരുന്നു. പത്തനംതിട്ട ജില്ല രക്ഷപ്പെടണമെങ്കില്‍ ആറന്മുള വിമാനത്താവള പദ്ധതി യാഥാര്‍ത്ഥ്യമാകണം. 400 ഏക്കര്‍ എന്റെ കൈവശമുണ്ട്', എബ്രഹാം പറഞ്ഞു.
അതേസമയം, ആറന്മുള വിമാനത്താവള പദ്ധതിക്കായുള്ള നീക്കത്തെ ബിജെപി ശക്തമായി എതിര്‍ക്കുമെന്ന് കുമ്മനം രാജശേഖരന്‍ പ്രതികരിച്ചു. എബ്രഹാം കലമണ്ണില്‍ ഭൂമി കച്ചവടമാണ് ലക്ഷ്യമിടുന്നത്. ഡ്രോണ്‍ സര്‍വ്വേ നടത്തിയതില്‍ ദുരൂഹതയുണ്ട്. പത്തനംതിട്ട ജില്ലയില്‍ മറ്റിടങ്ങളില്‍ വിമാനത്താവളത്തിന് അനുയോജ്യമായ സ്ഥലമുണ്ട്. വിമാനത്താവള പദ്ധതിക്കെതിരെ ജനങ്ങള്‍ രംഗത്തിറങ്ങുമെന്നും ആറന്മുള എംഎല്‍എ അബിന്‍ വര്‍ക്കി പ്രദേശത്തെക്കുറിച്ച് പഠിച്ചിട്ടല്ല നേരത്തെ അഭിപ്രായം പറഞ്ഞതെന്നും കുമ്മനം രാജശേഖരന്‍ ആരോപിച്ചു.
എല്ലാവര്‍ഷവും വെള്ളം കയറുന്ന ഇടമാണ് ആറന്മുള. 2018-ലെ മഹാപ്രളയത്തില്‍ പാടശേഖരം ഉള്ളതിനാലാണ് വലിയ അപകടം ഒഴിവായത്. ഒരു നിര്‍മ്മാണവും സഹിക്കാന്‍ പറ്റുന്ന ഭൂമിയല്ല ആറന്മുള. വയനാട് കണ്ടെങ്കിലും എംഎല്‍എയും എംപിയും പാഠം പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു. 2014 ല്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ പദ്ധതി റദ്ദാക്കിയിരുന്നു. 10 വര്‍ഷം മുമ്പ് സുപ്രീംകോടതിയും വിമാനത്താവളത്തിന് അനുമതി നിഷേധിച്ചിരുന്നു.
Content Highlights: former minister p prasad protests drone survey for aranmula airport project