

പട്‌ന: ബോളിവുഡ് താരം ആമിര്‍ ഖാനും ഗൗരി സ്പ്രാറ്റും വിവാഹിതരായെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ നടന്റെ കോലം കത്തിച്ച് ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍. ചൊവ്വാഴ്ച ബിഹാറിലെ ഫോര്‍ബ്സ് ഗഞ്ചിലാണ് ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ കോലം കത്തിച്ചത്.
നടന്‍ 'ലവ് ജിഹാദ്' പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് പ്രവര്‍ത്തകര്‍ ആമിര്‍ ഖാന്റെ കോലം കത്തിച്ചത്. ആമിര്‍ ഖാന്‍ ഹിന്ദു സ്ത്രീകളെ ആവര്‍ത്തിച്ച് വിവാഹം കഴിക്കുന്നുണ്ടെന്നും അദ്ദേഹം ഹിന്ദു സമൂഹത്തെ അപമാനിക്കുകയാണെന്നും ബജ്റംഗ്ദള്‍ നേതാവ് മനോജ് സോണി രോപിക്കുന്ന ഒരു വീഡിയോയും പുറത്തുവന്നിട്ടുണ്ട്. നിയമവും നിയമവ്യവസ്ഥയും കോടതികളും എവിടെയാണെന്നും പ്രവര്‍ത്തകര്‍ ചോദിക്കുന്നു.
'അദ്ദേഹം ഹിന്ദു സ്ത്രീകളെയാണ് വിവാഹം കഴിക്കുന്നത്, പക്ഷേ കുട്ടികള്‍ക്ക് മുസ്‌ലിം പേരുകള്‍ നല്‍കുന്നു. എന്തുകൊണ്ടാണ് അദ്ദേഹം മുസ്‌ലിം സമുദായത്തില്‍ നിന്നുള്ള സ്ത്രീകളെ വിവാഹം കഴിക്കാത്തത്? നടനെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണം?, മനോജ് സോണി ആവശ്യപ്പെട്ടു.
ദീർഘനാളത്തെ സുഹൃത്തായ ഗൗരി സ്പ്രാറ്റിനെ മുംബൈയിലെ ബാന്ദ്രയിലുള്ള വസതിയിൽ വച്ചായിരുന്നു ആമിർ ഖാൻ രജിസ്റ്റർ വിവാഹം ചെയ്തത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. സംവിധായകൻ രാജ്‌കുമാർ ഹിറാനിയുടെ പുതിയ വെബ് സീരീസിന്റെ പ്രീമിയർ ചടങ്ങിൽ ജൂലൈ 5-ന് വിവാഹിതരാകുമെന്ന് ആമിർ മാധ്യമങ്ങളോട് സ്ഥിരീകരിച്ചിരുന്നു. ഒപ്പം തന്റെ നാലുമക്കളും വിവാഹച്ചടങ്ങിന് സാക്ഷിയാകുമെന്നും ആമിർ പറഞ്ഞിരുന്നു.
ബെംഗളൂരു സ്വദേശിനിയാണ് ഗൗരി സ്പ്രാറ്റ്. ലിങ്ക്ഡ് ഇൻ പ്രൊഫൈൽ പ്രകാരം ബ്‌ളൂ മൗണ്ടെയ്ൻ സ്‌കൂളിൽ പഠിച്ച ഗൗരി 2004-ൽ ലണ്ടനിലെ യൂണിവേഴ്‌സിറ്റി ഓഫ് ആർട്‌സിൽ നിന്ന് എഫ്ഡിഎ സ്റ്റൈലിങ് ആൻഡ് ഫോട്ടോഗ്രഫി കോഴ്‌സ് പൂർത്തിയാക്കി. ഇപ്പോൾ മുംബൈയിൽ ബിബ്ലണ്ട് എന്ന സലോൺ നടത്തുന്നു. ബാല്യകാല സുഹൃത്തായ റീന ദത്തയെയാണ് ആമിർ ഖാൻ ആദ്യം വിവാഹം ചെയ്തത്.
1986-ൽ വിവാഹിതരായ ഇവർ 2002-ൽ വേർപിരിഞ്ഞു. യുവ നടൻ ജുനൈദ്, ഐറ എന്നിവർ മക്കളാണ്. 2005-ൽ ആമിർ സംവിധായിക കിരൺ റാവുവിനെ വിവാഹം ചെയ്തു. 2001-ൽ പുറത്തിറങ്ങിയ ആമിർ ചിത്രം ലഗാന്റെ സഹസംവിധായികയായിരുന്നു കിരൺ റാവു. സിനിമയുടെ സെറ്റിൽവെച്ചാണ് ഇവർ കണ്ടുമുട്ടിയത്. 2021-ൽ വേർപിരിഞ്ഞ ഇവർക്ക് വാടകഗർഭധാരണത്തിലൂടെ പിറന്ന ആസാദ് എന്ന മകനുണ്ട്.
Content Highlights: bajrang dal protests aamir khan marriage to gauri spratt accuses actor of love jihad