

തിരുവനന്തപുരം: എംഎസ്‌സിയുമായുള്ള ഓഹരി കൈമാറ്റത്തിൻ്റെ കൂടുതൽ വിശദാംശങ്ങൾ സർക്കാരിന് കൈമാറി അദാനി ഗ്രൂപ്പ്. എംഎസ്‌സിയുമായുള്ള ഓഹരി കൈമാറ്റത്തിൽ അന്തിമ ധാരണയായില്ലെന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കിയിട്ടുണ്ട്. സർക്കാർ അനുമതിയോടുകൂടി മാത്രമേ മുന്നോട്ടു പോകൂ എന്നും അദാനി ഗ്രൂപ്പ് സംസ്ഥാന സർക്കാരിനെ അറിയിച്ചിട്ടുണ്ട്. അനുമതി തേടി സർക്കാരിന് നൽകിയ അപേക്ഷ പരിഗണിക്കുമ്പോൾ ഇന്ന് നൽകിയ വിശദാംശങ്ങൾ കൂടി ഉൾപ്പെടുത്തണമെന്നും പുതിയ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞദിവസം പെട്ടെന്ന് അപേക്ഷ നൽകേണ്ടി വന്നതിനാലാണ് വ്യക്തത വരുത്താൻ കഴിയാതിരുന്നതെന്നും അദാനി ഗ്രൂപ്പ് സംസ്ഥാന സർക്കാരിനെ അറിയിച്ചിട്ടുണ്ട്.
എംഎസ്എസിയുമായി ധാരണയായിട്ടുണ്ടെന്നും സെബിയുടെ അനുമതിയും കിട്ടിയെന്നായിരുന്നു ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് നേരത്തെ സർക്കാരിനെ അറിയിച്ചിരുന്നത്. ഇതിന് പിന്നാലെ സർക്കാരിൻ്റെ അനുമതിയില്ലാതെ മുന്നോട്ട് പോകുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ അദാനി ഗ്രൂപ്പിനെ അതൃപ്തി അറിയിച്ചിരുന്നു. അതിനുള്ള വിശദീകരണം എന്ന നിലയിലാണ് ഇപ്പോൾ എംഎസ്‌സിയുമായുള്ള ഓഹരി കൈമാറ്റത്തിൻ്റെ കൂടുതൽ വിശദാംശങ്ങൾ അദാനി ഗ്രൂപ്പ് സംസ്ഥാന സർക്കാരിന് കൈമാറിയിരിക്കുന്നത്.
സംസ്ഥാന സർക്കാരിനെ അറിയിക്കുകയോ സർക്കാരുമായി കൂടിയാലോചന നടത്തുകയോ ചെയ്യാതെയാണ് അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിൽ 49 ശതമാനം ഓഹരി പങ്കാളിത്തത്തോടെ മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി നിക്ഷേപം നടത്തുന്നെന്ന പ്രഖ്യാപനമുണ്ടായതെന്ന് നേരത്തെ വാർത്താക്കുറിപ്പിലൂടെ മുഖ്യമന്ത്രി വി ഡി സതീശൻ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ അതൃപ്തി മുഖ്യമന്ത്രി വി ഡി സതീശൻ അദാനി പോർട്‌സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡ് മാനേജ്‌മെന്റിനെ അയിച്ചതായും വാർത്താക്കുറിപ്പിൽ പറഞ്ഞിരുന്നു. സർക്കാരിന്റെ അനുമതിയോട് കൂടി മാത്രമെ കൺസഷെനയറുടെ ഓഹരി ഘടനയിൽ മാറ്റം വരുത്താനാകൂവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചിരുന്നു. കൺസഷൻ കരാറിലെ ബാധകമായ വ്യവസ്ഥകളും മറ്റ് നിയന്ത്രണങ്ങളും നിർദേശങ്ങളും കർശനമായി പരിശോധിച്ചതിന് ശേഷം ഇക്കാര്യത്തിൽ സർക്കാർ തുടർ നിലപാട് സ്വീകരിക്കുമെന്നും വി ഡി സതീശൻ വ്യക്തമാക്കിയിരുന്നു.
ഓഹരി കൈമാറ്റത്തിനുള്ള അദാനിയുടെ നിയമവിരുദ്ധ നടപടി അനുവദിക്കരുതെന്ന് നേരത്തെ കോൺഗ്രസ് ഹൈക്കമാൻഡ് ശക്തമായ നിലപാട് എടുത്തിരുന്നു. ഈ നിലപാട് മുഖ്യമന്ത്രി വി ഡി സതീശനെ അറിയിച്ചിരുന്നു. അദാനി ഗ്രൂപ്പിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങരുതെന്നും ഹൈക്കമാൻഡ് നിർദ്ദേശിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിനെ അറിയിക്കാതെ ഓഹരി കൈമാറിയത് കരാര്‍ ലംഘനമാണെന്നും വിഴിഞ്ഞം തുറമുഖത്തെ ഇടപാടുകള്‍ സുതാര്യമാക്കണമെന്നും സംശയത്തിന്റെ കണികകള്‍ ഉണ്ടാകാന്‍ പാടില്ലെന്നുമായിരുന്നു ഈ വിഷയത്തിൽ കോൺഗ്രസ് ദേശീയ നേതൃത്വത്തിൻ്റെ നിലപാട്.
അദാനി ഗ്രൂപ്പിന്റെ ഉപസ്ഥാപനമായ അദാനി പോര്‍ട്ട്‌സിന് കീഴിലെ അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ (എവിപിപിഎല്‍) 49 ശതമാനം ഓഹരികള്‍ എംഎസ്‌സിക്ക് കൈമാറുന്നുവെന്നായിരുന്നു വാര്‍ത്തകള്‍. എംഎസ്‌സി ഗ്രൂപ്പിന്റെ ടെര്‍മിനല്‍ വിഭാഗമായ ടെര്‍മിനല്‍ ഇന്‍വെസ്റ്റ്‌മെന്റ് ലിമിറ്റഡിന്റെ (TiL) ഉപസ്ഥാപനമായ 'മുന്‍ഡി ലിമിറ്റഡ്' ഓഹരികള്‍ സ്വന്തമാക്കുന്നുവെന്നായിരുന്നു പുറത്തുവന്ന വിവരം. ഏകദേശം 13,270 കോടി രൂപയ്ക്കായിരുന്നു കൈമാറ്റം. സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അദാനി ഗ്രൂപ്പ് ഇക്കാര്യം വ്യക്തമാക്കിയതായിരുന്നു റിപ്പോര്‍ട്ടുകള്‍.
Content Highlights: Adani Group has shared additional details regarding the proposed share transfer, stating that the process will move forward only after receiving the necessary government approval. Read the latest updates.