

ന്യൂഡല്‍ഹി: ധര്‍മേന്ദ്ര പ്രധാന്‍ രാജി വെക്കും വരെ സമരം തുടരുമെന്ന് കോക്രോച്ച് ജനതാ പാര്‍ട്ടി നേതാവ് അഭിജീത് ദീപ്‌കെ റിപ്പോര്‍ട്ടറിനോട്. സമരം ചെയ്യാന്‍ ജന്തര്‍ മന്തറില്‍ അനുവാദം ഇല്ലെങ്കില്‍ മറ്റൊരു സ്ഥലം അനുവദിക്കണം. സര്‍ക്കാര്‍ കര്‍ക്കശ നിലപാട് ആണെങ്കില്‍, സിജെപിയും നിലപാട് കടുപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് വിദ്യാര്‍ത്ഥികള്‍ നീറ്റ് പരീക്ഷ എഴുതുമ്പോള്‍ അവരുടെ ജ്യേഷ്ഠന്മാര്‍ സമരത്തിലാണ്. വീഴ്ചകളുടെ ഉത്തരവാദിത്വം ആര്‍ക്കാണെന്നും അഭിജീത് ദീപ്‌കെ ചോദിച്ചു. 14 പരീക്ഷാര്‍ത്ഥികളുടെ ആത്മഹത്യക്ക് ആര് ഉത്തരം പറയും? കേരളത്തിലെ യുവജനങ്ങള്‍ പ്രതിഷേധത്തിന് പിന്തുണ നല്‍കണം. ഇപ്പോള്‍ പ്രതിഷേധിച്ചില്ലെങ്കില്‍ പിന്നെ പ്രതിഷേധിക്കാന്‍ കഴിയില്ല.
സിജെപിക്ക് പിന്നില്‍ ഒരു രാഷ്ട്രീയ അജണ്ടയും ഇല്ല. ഒരു വിദേശ ഫണ്ടിങ്ങും ലഭിക്കുന്നില്ല. ഗുരുദ്വാരയില്‍ നിന്നാണ് ഇന്നലെ ഭക്ഷണം കൊണ്ടുവന്നത്. ഇന്നും ആരെങ്കിലും ചായ കൊണ്ടുവരുമെന്നാണ് പ്രതീക്ഷ. ഇതാണ് സിജെപിയുടെ ഫണ്ടിങ് എന്നും അഭിജീത് ദീപ്‌കെ പറഞ്ഞു.
ഇന്നലെ രാവിലെയാണ് കേന്ദ്ര മന്ത്രി ധർമ്മേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ട് സിജെപി ജന്തർ മന്തറിൽ രണ്ടാംഘട്ട പ്രതിഷേധം ആരംഭിച്ചത്. നീറ്റ് പുനഃപരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനിടെ ജീവനൊടുക്കിയ വിദ്യാർത്ഥികളുടെ ചിത്രങ്ങൾ സിജെപി സമരവേദിയിൽ പ്രദർശിപ്പിച്ചിരുന്നു. വിദ്യാർത്ഥികളുടെ മരണത്തിന് കാരണമായ സിസ്റ്റത്തിനെതിരെ സിജെപി സമരവേദിയിൽ രൂഷമായി വിമർശനം ഉയർന്നു. സമാധാനപരമായ പ്രതിഷേധം എന്നെഴുതിയ ബോർഡുകൾ ജന്തർ മന്തറിൽ നിരത്തിയാണ് സിജെപി പ്രതിഷധത്തിനെത്തിയത്. സിജെപിയിൽ ചേരാനുള്ള ക്യൂആർ കോഡുകളും പ്രതിഷേധ വേദിയിൽ നിരത്തിയിരുന്നു.
അഭിജീത് ദിപ്‌കെ സമരത്തിന് മുൻപായി നിർദേശിച്ചതു പോലെ പ്ലേറ്റും സ്പൂണുമായാണ് പ്രതിഷേധക്കാർ ജന്തർ മന്തറിൽ എത്തിയത്. കൊവിഡ്-19 പകർച്ചവ്യാധിയുടെ സമയത്ത് പാത്രങ്ങൾ തമ്മിലടിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിന് സമാനമായാണ് സിജെപിയും ആഹ്വാനം നൽകിയത്. സമരത്തിനെത്തിയ സിജെപി പ്രവർത്തകർ പ്ലേറ്റും സ്പൂണും കൊട്ടിയാണ് പ്രതിഷേധിച്ചത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു കൊണ്ട് ജന്തർ മന്തറിൽ വീണ്ടും പ്രതിഷേധിക്കുമെന്ന് കോക്രോച്ച് ജനതാ പാർട്ടി നേരത്തെ അറിയിച്ചിരുന്നു. സമൂഹമാധ്യമത്തിൽ വീഡിയോ പങ്കുവെച്ചാണ് സിജെപി പ്രതിഷേധത്തിന് ആഹ്വാനം നൽകിയത്.
Content Highlights: cockroach Janata Party leader Abhijeet Deepke has said the protest will continue until Union Education Minister Dharmendra Pradhan resigns