

കൊൽക്കൊത്ത: തൃണമൂൽ കോൺഗ്രസിൻ്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച് പൊലീസ്. വിമത എംഎല്‍എമാരുടെ പരാതിയിലാണ് ടിഎംസിയുടെ മൂന്ന് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചത്. ഇതില്‍ 440 കോടി രൂപ ഉണ്ടായിരുന്നു എന്നാണ് വിവരം. ഇത് തൃണമൂലിലെ ആഭ്യന്തര കലഹം രൂക്ഷമാകുന്നതിന്റെ തെളിവായാണ് വിലയിരുത്തപ്പെടുന്നത്.
സ്വകാര്യ ബാങ്കിലെ അക്കൗണ്ടുകളാണ് പോലീസ് മരവിപ്പിച്ചത്. ഇതോടെ ഈ അക്കൗണ്ടുകളില്‍ നിന്ന് പണം പിന്‍വലിക്കാന്‍ കഴിയില്ലെങ്കിലും നിക്ഷേപിക്കുന്നതില്‍ തടസമുണ്ടാകില്ലെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. ടിഎംസി നയിക്കുന്ന മുന്‍ മന്ത്രി അരൂപ് ബിശ്വാസും പ്രതിപക്ഷ നേതാവ് ഋതബ്രത ബാനര്‍ജിയും തമ്മിലുള്ള അധികാര തര്‍ക്കത്തിന്റെ തെളിവാണ് ഈ പരാതി എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷമാണ് ഇരുവരും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്നത്. ഋതബ്രത ബാനര്‍ജി വിഭാഗത്തിലെ 10 എംഎല്‍എമാരാണ് ടിഎംസി അക്കൗണ്ടുകൾക്കെതിരെ അന്വേഷണം അവശ്യപ്പെട്ട് ബിധാനഗര്‍ പൊലീസ് കമ്മീഷ്ണറേറ്റിന് കീഴിലെ സൈബര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. അക്കൗണ്ടുകളിലെ പണത്തിന്റെ സ്രോതസ് അന്വേഷിക്കണമെന്നായിരുന്നു പരാതി.
അതേസമയം അക്കൗണ്ടുകളുടെ സുരക്ഷ ഉറപ്പാക്കണമെന്നും ഇടപാടുകള്‍ നിര്‍ത്തിവെക്കണമെന്നും ആവശ്യപ്പെട്ട് മുതിര്‍ന്ന തൃണമൂല്‍ നേതാവ് അരൂപ് ബിശ്വാസ് മുന്‍പ് തന്നെ ബാങ്കില്‍ കത്ത് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് വിമത എംഎല്‍എമാര്‍ പൊലീസില്‍ പരാതി നൽകിയത്. അക്കൗണ്ടിനെതിരെ സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു പരാതി. അതേസമയം അര്‍ജന്റീന ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസി കൊല്‍ക്കത്ത സന്ദര്‍ശിച്ചതിനിടെ ഉണ്ടായ സംഘര്‍വുമായി ബന്ധപ്പെട്ട് അരൂപിനെതിരെ ഇതേ സ്റ്റേഷനില്‍ ഒരു കേസ് നിലനിൽക്കുന്നുണ്ട്.
എന്നാല്‍ അരൂപ് നിലവിൽ പാര്‍ട്ടി ട്രഷറര്‍ അല്ലെന്നും പാര്‍ട്ടിയുടെ സാമ്പത്തിക കാര്യങ്ങളിന്‍ ഇടപെടേണ്ടതില്ലെന്നും ചൂണ്ടിക്കാണിച്ച് മമത പക്ഷ എംഎല്‍എ കുനാല്‍ ഗോഷ് രംഗത്ത് വന്നു. പാർട്ടിയുടെ അക്കൗണ്ട് മരവിപ്പിക്കപ്പെട്ടെന്നറിഞ്ഞെന്നും എന്നാൽ കുടുതൽ വിവരങ്ങൽ ലഭിച്ചിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു. പാര്‍ട്ടി ട്രഷററായിരുന്ന അരൂപ് ബിശ്വാസിനെ മാറ്റി സുബാഷിഷ് ചക്രവര്‍ത്തിയെ ട്രഷററായി ജൂണ്‍ 5ന് ചേര്‍ന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റി ഐക്യകണ്‌ഠേന
തിരഞ്ഞെടുത്തിരുന്നു.
Content Highlights: Police have frozen bank accounts linked to Trinamool Congress after receiving a complaint from rebel MLAs. The move comes as part of an investigation into alleged financial irregularities, with authorities examining relevant records and transactions.