പൊലീസ് അനുമതി നിഷേധിച്ചു; രാത്രി മുഴുവൻ ജന്തർ മന്തറിൽ സമരം തുടരാൻ സിജെപി

സമരം നീട്ടുന്നതിനായി സിജെപി ഡൽഹി പൊലീസിന് കത്ത് നൽകിയെങ്കിലും അനുമതി ലഭിച്ചില്ല

പൊലീസ് അനുമതി നിഷേധിച്ചു; രാത്രി മുഴുവൻ ജന്തർ മന്തറിൽ സമരം തുടരാൻ സിജെപി
dot image

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന രാജിവെക്കുന്നത് വരെ ജന്തർ മന്തറിലെ സമരം തുടരുമെന്ന് പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാർട്ടി. ജന്തർ മന്തറിലെ പ്രതിഷേധം നാളെ രാവിലെ വരെ നീട്ടിയതായാണ് സിജെപി നേതാവ് അഭിജീത് ദീപ്കെ അറിയിച്ചത്. നേരത്തെ സമരം നീട്ടുന്നതിനായി സിജെപി ഡൽഹി പൊലീസിന് കത്ത് നൽകിയെങ്കിലും അനുമതി ലഭിച്ചിരുന്നില്ല. സമരത്തിന് അനുമതിയില്ലെന്നും രാത്രി ജന്തർ മന്തിർ ഒഴിപ്പിക്കണമെന്ന് സുപ്രീംകോടതി വിധിയുണ്ടെന്നും ചൂണ്ടിക്കാണിച്ച് പൊലീസ് അനൗൺസ്മെൻ്റ് മുഴക്കുന്നുണ്ട്.

അനുവദിച്ച സമയം കഴിഞ്ഞിട്ടും പ്രതിഷേധിക്കുന്ന സിജെപി പ്രവർത്തക‍ർ‌ ജന്തർ മന്തർ വിട്ടുപോകാത്തതിനെ തുടർന്ന് പൊലീസ് ഇങ്ങോട്ടുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു. പ്രതിഷേധക്കാർക്ക് കുടിവെള്ളം വിതരണം ചെയ്യുന്നതും പൊലീസ് തടഞ്ഞിരുന്നു. എന്നാൽ പൊലീസ് പിന്നീട് ജന്ത‍ർ മന്തറിലേയ്ക്കുള്ള ലൈറ്റുകൾ ഓണാക്കുകയും കുടിവെള്ളം വിതരണം ചെയ്യാൻ അനുമതി നൽകുകയും ചെയ്തിരുന്നു.

ജന്തർ മന്തിറിൽ പ്രതിഷേധിക്കുന്നതിനായി അനുവദിച്ചിരിക്കുന്ന സമയം അവസാനിച്ചതിനാൽ പിരിഞ്ഞ് പോകണമെന്ന് നേരത്തെ ഡൽഹി പൊലീസ് ആവശ്യപ്പെട്ടിരുന്നു. സുപ്രീം കോടതി ഉത്തരവ് ചൂണ്ടിക്കാണിച്ചായിരുന്നു പൊലീസ് പ്രതിഷേധക്കാരോട് പിരിഞ്ഞ് പോകാൻ ആവശ്യപ്പെട്ടത്.എന്നാൽ പൊലീസ് നിലപാടിന് വഴങ്ങാതെ പ്രതിഷേധം തുടരാനാണ് സിജെപിയുടെ തീരുമാനം. ഇതിനിടെ ജയിലിൽ പോകാൻ തയ്യാറാണെന്ന് അഭിജീത് ദീപ്കെ വ്യക്തമാക്കി. അറസ്റ്റ് ചെയ്താൻ ജയിലിൽ ഇടണമെന്നും അഭിജിത് ദീപ്കെ പറഞ്ഞിരുന്നു. ഒരു കാരണവശാലും സമരവേദി വിട്ട് പോകരുതെന്ന് അഭിജീത് ദീപ്കെ പ്രവർത്തകരോട് നിർദ്ദേശിച്ചിരുന്നു. സമരം സമാധാനപരമായിരിക്കണമെന്നും അഭിജീത് ദീപ്കെ പ്രവർത്തകർക്ക് നിർദ്ദേശം നൽകി. ഇതിനിടെ സമരക്കാരുമായി ചർച്ച ആകാമെന്ന സർക്കാർ വാ​ഗ്ദാനവും സിജെപി തള്ളിയിരുന്നു. സർക്കാരുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും എന്നാൽ ധർമ്മേന്ദ്ര പ്രധാൻ രാജിവെച്ചതിന് ശേഷം മാത്രമേ ചർച്ചയുള്ളു എന്നുമാണ് അഭിജീത് ദീപ്കെ വ്യക്തമാക്കിയിരിക്കുന്നത്.

ഇന്ന് രാവിലെയാണ് കേന്ദ്ര മന്ത്രി ധർമ്മേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ട് സിജെപി ജന്തർ മന്തറിൽ രണ്ടാംഘട്ട പ്രതിഷേധം ആരംഭിച്ചത്. നീറ്റ് പുനഃപരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനിടെ ജീവനൊടുക്കിയ 13 വിദ്യാർഥികളുടെ ചിത്രങ്ങൾ സിജെപി സമരവേദിയിൽ പ്രദർശിപ്പിച്ചിരുന്നു. വിദ്യാർത്ഥികളുടെ മരണത്തിന് കാരണമായ സിസ്റ്റത്തിനെതിരെ സിജെപി സമരവേദിയിൽ രൂഷമായി വിമർശനം ഉയർന്നു. സമാധാനപരമായ പ്രതിഷേധം എന്നെഴുതിയ ബോർഡുകൾ ജന്തർ മന്തറിൽ നിരത്തിയാണ് സിജെപി പ്രതിഷധത്തിനെത്തിയത്. സിജെപിയിൽ ചേരാനുള്ള ക്യൂആർ കോഡുകളും പ്രതിഷേധ വേദിയിൽ നിരത്തിയിരുന്നു.

അഭിജീത് ദിപ്‌കെ സമരത്തിന് മുൻപായി നിർദേശിച്ചതു പോലെ പ്ലേറ്റും സ്പൂണുമായാണ് പ്രതിഷേധക്കാർ ജന്തർ മന്തറിൽ എത്തിയത്. കൊവിഡ്-19 പകർച്ചവ്യാധിയുടെ സമയത്ത് പാത്രങ്ങൾ അടിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിന് സമാനമായാണ് സിജെപിയും ആഹ്വാനം നൽകിയത്. സമരത്തിനെത്തിയ സിജെപി പ്രവർത്തകർ പ്ലേറ്റും സ്പൂണും കൊട്ടിയാണ് പ്രതിഷേധിച്ചത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു കൊണ്ട് ജന്തർ മന്തറിൽ വീണ്ടും പ്രതിഷേധിക്കുമെന്ന് കോക്രോച്ച് ജനതാ പാർട്ടി നേരത്തെ അറിയിച്ചിരുന്നു. സമൂഹമാധ്യമത്തിൽ വീഡിയോ പങ്കുവെച്ചാണ് സിജെപി പ്രതിഷേധത്തിന് ആഹ്വാനം നൽകിയത്.

Content Highlights: Police denied permission for the protest, but CJP decided to continue its demonstration throughout the night at Jantar Mantar, intensifying its stand against the authorities.

dot image
To advertise here,contact us
dot image