

അയോധ്യ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന ക്രമക്കേടില്‍ വെട്ടിലായി ആര്‍എസ്എസ് നേതൃത്വം. സംഭവത്തില്‍ ആര്‍എസ്എസ് നേതൃത്വം കടുത്ത അതൃപ്തിയിലാണ്. സംഭാവനയിലുണ്ടായ ക്രമക്കേട് സംഘടനയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചുവെന്നാണ് വിലയിരുത്തല്‍. ഇത്രയും വലിയ ക്രമക്കേട് ഉണ്ടായത് ഒരു തരത്തിലും ന്യായീകരിക്കാന്‍ കഴിയില്ലെന്നാണ് ആര്‍എസ്എസ് നിലപാട്. ക്ഷേത്ര ട്രസ്റ്റിലെ പ്രമുഖരെല്ലാം ആര്‍എസ്എസുമായി ഏറ്റവും അടുത്ത് നില്‍ക്കുന്നവരാണ്. പണം എണ്ണിത്തിട്ടപ്പെടുത്തുന്ന ജോലി ചെയ്യുന്നവരടക്കം ആര്‍എസ്എസുമായി ബന്ധമുള്ളവരാണ്. ഇതില്‍ പലരും സംശയത്തിന്റെ നിഴലിലായതാണ് ആര്‍എസ്എസിനെ വെട്ടിലാക്കിയിരിക്കുന്നത്.
ഭക്തര്‍ സമര്‍പ്പിച്ച ആഭരണങ്ങള്‍ മാറ്റി വ്യാജ ആഭരണങ്ങള്‍ വച്ചതും ക്ഷേത്ര സംഭാവനകളില്‍ നിന്നും പണം കാണാതായതും അടക്കമുള്ള ആരോപണങ്ങള്‍ ഉയര്‍ന്നതോടെയാണ് അയോധ്യ രാമക്ഷേത്രം നിരീക്ഷണത്തിലായത്. മുഴുവന്‍ സംഭാവന പ്രക്രിയയും പരിശോധിക്കാന്‍ യുപി സര്‍ക്കാര്‍ മൂന്നംഗ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരിക്കുകയാണ്. രാമക്ഷേത്രത്തില്‍ നിന്നും 200 മീറ്റര്‍ അകലെയുള്ള പില്‍ഗ്രിം ഫെസിലിറ്റേഷന്‍ സെന്ററിനെ കേന്ദീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഈ കെട്ടിടത്തിന്റെ ബേസ്‌മെന്റിലുള്ള കൗണ്ടിങ് മുറിയിലാണ് സംഭാവന ബോക്‌സില്‍ നിന്നുള്ള പണമെല്ലാം എത്തിക്കുന്നതും എണ്ണുന്നതും ഇതിന്റെ വിവരങ്ങള്‍ രേഖപ്പെടുത്തുന്നതും.
ദിവസവും ഒരു ലക്ഷത്തോളം ഭക്തരെത്തുന്ന രാമ ക്ഷേത്രത്തില്‍ 35ഓളം സംഭാവന ബോക്‌സുകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഇതില്‍ നിരന്തരം പണവും ആഭരണങ്ങളും സംഭാവനയായി ലഭിക്കുന്നുണ്ട്. എല്ലാ ദിവസവും രണ്ട് ഷിഫ്റ്റുകളിലായാണ് സംഭാവനകള്‍ എണ്ണുന്നത്. ആദ്യത്തേ ഷിഫ്റ്റ് രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 2വരെയും രണ്ടാമത്തേത് ഉച്ചയ്ക്ക് 2 മുതല്‍ രാത്രി 8വരെയുമാണ്. 20ഓളം ജീവനക്കാരെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. എട്ടുലക്ഷം മുതല്‍ 13 ലക്ഷം വരെ സംഭാവനകളായി ഒരു ദിവസം ലഭിക്കാറുണ്ടെന്നാണ് കണക്ക്. എന്നാല്‍ പ്രത്യേക ദിവസങ്ങളില്‍ ഇത് 50 മുതല്‍ 60 ലക്ഷം വരെ ഉയരും. രാമ ജന്മഭൂമി ക്ഷേത്ര തീര്‍ത്ഥ് ട്രസ്റ്റിന്റെ അംഗമായ അനില്‍ മിശ്രയാണ് മുഴുവന്‍ സംഭാവനയുമായ ബന്ധപ്പെട്ട കാര്യങ്ങളുടെ മേല്‍നോട്ടം വഹിക്കുന്നത്.
Content Highlights: Allegations of irregularities related to the Ayodhya Ram Temple project have reportedly placed RSS leadership under scrutiny