'ധാരണാപത്രം ഒപ്പിട്ട ശേഷം പിഎം ശ്രീ നടപ്പാക്കാന്‍ കേരളം താല്‍പര്യം കാട്ടിയില്ല'; കേന്ദ്രത്തിന്റെ സത്യവാങ്മൂലം

പിഎംശ്രീയില്‍ രാഷ്ട്രീയ പോര് കടുക്കുകയാണ്. സംസ്ഥാന സര്‍ക്കാരിനെതിരെ നിലപാട് കടുപ്പിക്കാനാണ് എല്‍ഡിഎഫ് തീരുമാനം.

'ധാരണാപത്രം ഒപ്പിട്ട ശേഷം പിഎം ശ്രീ നടപ്പാക്കാന്‍ കേരളം താല്‍പര്യം കാട്ടിയില്ല'; കേന്ദ്രത്തിന്റെ സത്യവാങ്മൂലം
dot image

ന്യൂഡല്‍ഹി: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട മുഖ്യമന്ത്രി വി ഡി സതീശന്റെ വാദം തെറ്റെന്ന് തെളിയിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ സത്യവാങ്മൂലം റിപ്പോര്‍ട്ടറിന്. ധാരണാപത്രം ഒപ്പിട്ട ശേഷം പിഎം ശ്രീ നടപ്പാക്കാന്‍ കേരളം താല്‍പര്യം കാട്ടിയില്ലെന്ന് സുപ്രിംകോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. പിഎം ശ്രീ നടപ്പാക്കാനുള്ള സ്‌കൂളുകളുടെ പട്ടിക കേരളം നല്‍കിയില്ലെന്നും എല്‍ഡിഎഫ് സര്‍ക്കാര്‍ പിന്നോട്ട് പോയെന്നും കേന്ദ്രത്തിന്റെ സത്യവാങ്മൂലത്തിലുണ്ട്. ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട കേസിലെ സത്യവാങ്മൂലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. പദ്ധതി നടപ്പാക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ നിര്‍ബന്ധിതരായി എന്നായിരുന്നു മുഖ്യമന്ത്രി വിഡി സതീശന്റെ വാദം. പിഎം ശ്രീയില്‍ നിന്ന് പിന്മാറാന്‍ മുന്‍ സര്‍ക്കാര്‍ കത്ത് നല്‍കിയിട്ടില്ലെന്നും വി ഡി സതീശന്‍ പറഞ്ഞിരുന്നു.

അതേസമയം പിഎം ശ്രീയില്‍ നിന്ന് പിന്മാറാന്‍ മുന്‍ സര്‍ക്കാര്‍ കത്ത് നല്‍കിയിട്ടില്ലെന്ന് വി ഡി സതീശന്‍ അവകാശപ്പെട്ടതിന് പിന്നാലെ 2025 നവംബര്‍ 12ന് കേന്ദ്രത്തിന് കേരളം അയച്ച കത്ത് റിപ്പോര്‍ട്ടര്‍ പുറത്തുവിട്ടിരുന്നു. അന്നത്തെ വിദ്യാഭ്യാസ സെക്രട്ടറി വാസുകി ആയിരുന്നു കത്ത് അയച്ചത്. പി എം ശ്രീ നടപ്പാക്കുന്നതില്‍ ആശങ്കയുണ്ടെന്ന് കത്തില്‍ പറയുന്നു. ആശങ്ക പരിശോധിക്കാന്‍ മന്ത്രിസഭാ ഉപസമിതി തീരുമാനിച്ചെന്നും സമിതി റിപ്പോര്‍ട്ട് വരുന്നത് വരെ ധാരണാപത്രവുമായി മുന്നോട്ടുപോകാനാകില്ലെന്നും കത്തില്‍ പറയുന്നു. അതിനാല്‍ പി എം ശ്രീ നടപ്പാക്കുന്നത് താല്‍കാലികമായി നിര്‍ത്തിവെക്കുന്നുവെന്നും മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോര്‍ട്ട് വന്ന ശേഷമേ തുടര്‍ നടപടികള്‍ ആലോചിക്കൂവെന്നുമാണ് കത്തിന്റെ ഉള്ളടക്കം.

അതേസമയം പിഎംശ്രീയില്‍ രാഷ്ട്രീയ പോര് കടുക്കുകയാണ്. സംസ്ഥാന സര്‍ക്കാരിനെതിരെ നിലപാട് കടുപ്പിക്കാനാണ് എല്‍ഡിഎഫ് തീരുമാനം. പദ്ധതിയുമായി മുന്നോട്ട് പോവുകയാണെങ്കില്‍ പ്രത്യക്ഷ സമരത്തിന് ഇറങ്ങാനാണ് തീരുമാനം. പ്രതിപക്ഷ യുവജന വിദ്യാര്‍ത്ഥി സംഘനകളും സര്‍ക്കാരിനെതിരെ രംഗത്തുണ്ട്. എന്നാല്‍ മുന്‍പ് എതിര്‍ത്ത പദ്ധതി സ്വന്തം വകുപ്പിലൂടെ നടപ്പാക്കുന്നതില്‍ പ്രതിരോധത്തിലാണ് മുസ്ലിം ലീഗ്. എതിര്‍പ്പ് പരസ്യമാക്കി സമസ്തയും രംഗത്തെത്തിയിരുന്നു.

Content Highlights: A central government affidavit reportedly submitted to the court contradicts Chief Minister V. D. Satheesan’s claims regarding the PM SHRI scheme, according to reports.

dot image
To advertise here,contact us
dot image