

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ ദക്ഷിണ പർഗാനാസ് ജില്ലയിലെ കുല്‍താലിയില്‍ മലയാളിയെ മോഷ്ടാവെന്ന് സംശയിച്ച മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ 7പേര്‍ പൊലീസില്‍ പിടിയില്‍. സംഭവത്തില്‍ അഞ്ച് പേരുടെ അറസ്റ്റ് രേഖപ്പെടുത്തുകയും പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. മുപ്പത് വയസ് പ്രായമുള്ള യുവാവാണ് മരിച്ചത്. മോഷ്ടാവാണെന്ന് കരുതി കെട്ടിയിട്ട് മർദിക്കുകയായിരുന്നു. ഇയാളുടെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
കേരളത്തില്‍ തന്നോടൊപ്പം ജോലി ചെയ്യുന്നവരുമായി കുല്‍താലിയിലെത്തിയതാണ് യുവാവെന്ന് ബരുയിപൂര്‍ സബ് ഡിവിഷന്‍ സീനിയര്‍ പൊലീസ് ഓഫീസര്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രഥമദൃഷ്ട്യാ മോഷ്ടാവാണെന്ന് തെറ്റിദ്ധരിച്ചാണ് ഗ്രാമവാസികള്‍ ഇയാളെ മര്‍ദിച്ചത്. എന്നാല്‍ ചില ഗ്രാമീണര്‍ പറയുന്നത് ഇയാള്‍ ഒരു ഗര്‍ഭിണിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചുവെന്നാണ്. ഇക്കാര്യത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
ജൂണ്‍ 9നായിരുന്നു സംഭവം. കുല്‍താലിയിലെ സന്‍കിജഹാന്‍ പ്രദേശത്തുള്ള സഹപ്രവര്‍ത്തകന്റെ വീട്ടിലെത്തിയ യുവാവ് സംഭവ ദിവസം രാവിലെ പ്രാദേശിക മാര്‍ക്കറ്റിലേക്ക് പോയി. പ്രദേശത്തെ വഴികള്‍ പരിചതമല്ലാത്തതിനാല്‍ ഇയാള്‍ മറ്റൊരിടത്തേക്കാണ് അബദ്ധത്തില്‍ എത്തപ്പെട്ടത്. ഇയാള്‍ ബംഗാളി ഭാഷയും വശമില്ലായിരുന്നു.
പ്രദേശത്ത് ഇയാള്‍ ചുറ്റിക്കറങ്ങുന്നത് കണ്ട് ഗ്രാമീണര്‍ ഇയാളെ ചോദ്യം ചെയ്യാന്‍ ആരംഭിച്ചു. പിന്നാലെ പലരും ഇയാളോട് തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്നാണ് ഇയാള്‍ കള്ളനാണെന്ന് തെറ്റിദ്ധരിച്ച് കയറില്‍ കെട്ടിയിട്ട് മര്‍ദ്ദിക്കാന്‍ ആരംഭിച്ചത്. ക്രൂരമായി മര്‍ദനമേറ്റയാള്‍ വഴിയില്‍ കിടക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സംഭവസ്ഥലത്ത് എത്തുന്നത്. തുടര്‍ന്ന് ജയ്‌നഗര്‍-കുല്‍താലി റൂറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇയാള്‍ മരിച്ചിരുന്നു.
പൊലീസ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റിയെങ്കിലും ഇയാള്‍ക്ക് എന്ത് സംഭവിച്ചതാണെന്ന് അപ്പോള്‍ പൊലീസിന് വ്യക്തമല്ലായിരുന്നു. പിന്നീടാണ് സമൂഹമാധ്യമങ്ങളില്‍ ആള്‍ക്കൂട്ടം ഒരു യുവാവിനെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. മരിച്ചയാള്‍ തന്നെയാണ് ദൃശ്യങ്ങളിലുള്ളതെന്ന് മനസിലായതോടെ പൊലീസ് നടപടികള്‍ സ്വീകരിക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
Content Highlights: A Malayali man was killed in an alleged mob lynching in West Bengal. Police have arrested seven individuals in connection with the incident, including two minors