

ന്യൂഡല്‍ഹി: മണ്ഡലപുനര്‍നിര്‍ണയവുമായി ബന്ധപ്പെട്ട് നിര്‍ണായകമായ പുതിയ ശുപാര്‍ശ പ്രധാനമന്ത്രിക്ക് മുന്നില്‍. രാജ്യത്തെ ലോക്‌സഭാ സീറ്റുകളുടെ എണ്ണം 824 ആയി ഉയര്‍ത്താന്‍ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി ശുപാര്‍ശ ചെയ്തു. കൂടുതല്‍ ജനസംഖ്യയുള്ള 170 മണ്ഡലങ്ങളെ വിഭജിക്കണമെന്നാണ് സമിതി മുന്നോട്ടുവയ്ക്കുന്ന പ്രധാന നിർദേശം.
പുതിയ ഫോര്‍മുല നടപ്പായാല്‍ കേരളത്തിലെ ലോക്‌സഭാ സീറ്റുകള്‍ 20-ല്‍ നിന്ന് 30 ആയി ഉയരും. തമിഴ്‌നാട്ടിലെ ലോക്‌സഭാ സീറ്റുകള്‍ 39-ല്‍ നിന്ന് 59 ആയി വര്‍ദ്ധിക്കുമെന്ന് സാമ്പത്തിക ഉപദേശക സമിതിയുടെ റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശില്‍ സീറ്റുകള്‍ 120 ആയും മഹാരാഷ്ട്രയില്‍ 72 ആയും ഉയര്‍ന്നേക്കും. ജനസംഖ്യ കുറഞ്ഞ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ സീറ്റ് വിഹിതത്തില്‍ വലിയ കുറവുണ്ടാകാത്ത രീതിയിലാണ് പുതിയ ശുപാര്‍ശ. മെട്രോ നഗരങ്ങളില്‍ സ്ത്രീകള്‍ക്കായി പ്രത്യേക പോളിംഗ് ബൂത്തുകള്‍ വേണമെന്നും സമിതി റിപ്പോര്‍ട്ടിലുണ്ട്.
സാമ്പത്തിക ഉപദേശക കൗണ്‍സില്‍ അംഗങ്ങളായ ഷാമി രവിയും മുദിത് കപൂറും ചേര്‍ന്നാണ് ശുപാര്‍ശ തയ്യാറാക്കിയിരിക്കുന്നത്. 170 മണ്ഡലങ്ങളില്‍ 59 മണ്ഡലങ്ങളെ രണ്ടായും 111മണ്ഡലങ്ങളെ മൂന്നായും വിഭജിക്കാനാണ് റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നത്. കര്‍ണാടകയില്‍ നിലവിലുള്ള 28 സീറ്റുകളില്‍ നിന്നും 42 ആകുമ്പോള്‍ തെലങ്കാനയില്‍ 17ല്‍ നിന്നും 28ആകും. ആന്ധ്രാപ്രദേശില്‍ 25ല്‍ നിന്നും സീറ്റുകളുടെ എണ്ണം 38ആയി ഉയരും.
ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ മണ്ഡലങ്ങള്‍ വിഭജിക്കുമ്പോള്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് സീറ്റില്‍ വലിയ നഷ്ടം സംഭവിക്കുമെന്ന ആശങ്കയുണ്ട്. ഇക്കാര്യത്തിന് പരിഹാരമായാണ് ഒരു യൂണിഫോം രീതിക്ക് പകരമായി വലിയ മണ്ഡലങ്ങളെ വിഭജിക്കുന്ന തരത്തില്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്.
വരാനിരിക്കുന്ന പാര്‍ലമെന്റ് വര്‍ഷകാല സമ്മേളത്തില്‍ വീണ്ടും മണ്ഡല പുനര്‍നിര്‍ണയം ചര്‍ച്ചയാകാനിരികെയാണ് പുതിയ ശുപാര്‍ശ പ്രധാനമന്ത്രിക്ക് മുന്നിലെത്തിയിരിക്കുന്നത്.
Content Highlights: A proposal linked to the constituency delimitation process has recommended increasing the total number of Lok Sabha seats to 824