

ന്യൂഡല്‍ഹി: ഇന്‍ഡ്യ സഖ്യത്തിലെ അസ്വാരസ്യങ്ങളില്‍ പരസ്യ പ്രതികരണം നല്‍കിയതില്‍ ജോണ്‍ ബ്രിട്ടാസ് എംപിയോട് അതൃപ്തി പരസ്യമാക്കി കെ സി വേണുഗോപാല്‍ എംപി. മീറ്റിങിന് മുന്‍പ് ബൈറ്റ് കൊടുക്കേണ്ട ആവശ്യമുണ്ടായിരുന്നോ എന്ന് കെ സി വേണുഗോപാല്‍ ചോദിച്ചു. യോഗത്തില്‍ പറഞ്ഞ ശേഷം ബൈറ്റ് കൊടുത്താല്‍ മതിയായിരുന്നില്ലേയെന്നും കെ സി വേണുഗോപാല്‍ ചോദിച്ചു. ഇന്‍ഡ്യ സഖ്യ യോഗത്തിന് കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ എത്തിയപ്പോഴായിരുന്നു കെ സി വേണുഗോപാലിന്റെ അതൃപ്തി പരസ്യമാക്കല്‍. ഇതിന് പിന്നാലെ കെ സി വേണുഗോപാലിനെ ജോണ്‍ ബ്രിട്ടാസ് കെട്ടിപ്പിടിച്ചു.
യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു ഇന്‍ഡ്യ സഖ്യത്തിലെ അസ്വാരസ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ജോണ്‍ ബ്രിട്ടാസ് എംപി തുറന്നുപറഞ്ഞത്. കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ രോഷവും അസംതൃപ്തിയും നുരഞ്ഞുപൊന്തുകയാണെന്നും അത്തരം സാഹചര്യത്തില്‍ പ്രതിപക്ഷമാണ് രാജ്യത്തിന് വഴികാട്ടിയാകേണ്ടതെന്നും ജോണ്‍ ബ്രിട്ടാസ് എം പി പറഞ്ഞു. അത്തരത്തില്‍ വഴികാട്ടേണ്ട ഒരു സഖ്യത്തിന്റെ നേതൃ പദവി അലങ്കരിക്കുന്ന കോണ്‍ഗ്രസ് കുറച്ചുകൂടി വിശാലമായി കാര്യങ്ങളെ കാണണം. യുക്തിഭദ്രമായി മുന്നണിയെ നയിക്കണമെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞിരുന്നു. രാഷ്ട്രീയത്തിന് ഒരു മര്യാദയാണ്. രാഷ്ട്രീയ സദാചാരം പാലിക്കണം. ഇന്‍ഡ്യ സഖ്യ നേതൃത്വത്തിന് നല്‍കിയ കത്തില്‍ അക്കാര്യം വിശദീകരിച്ചിരുന്നുവെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞിരുന്നു.
ഇതിനിടെ ഇന്‍ഡ്യ മുന്നണിയിലെ ഭിന്നതയുമായി ബന്ധപ്പെട്ട് പ്രതികരിച്ച് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി രംഗത്തെത്തിയിരുന്നു. ഒരുമിച്ചു നില്‍ക്കാന്‍ വഴികള്‍ തേടണം എന്നായിരുന്നു കുഞ്ഞാലിക്കുട്ടി പറഞ്ഞത്. രാജ്യത്തെ ജനങ്ങളോടുള്ള ഉത്തരവാദിത്വം നിറവേറ്റാന്‍ ഒരുമിച്ച് നില്‍ക്കേണ്ടത് ആവശ്യമാണ്. എല്ലാം തെരഞ്ഞെടുപ്പ് അല്ലല്ലോയെന്നും സംസ്ഥാനങ്ങളിലെ ഭിന്നതകള്‍ മാറ്റിവെയ്ക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. നീറ്റ്, ഇന്ധന വില വര്‍ധന തുടങ്ങി നിരവധി ജനകീയ പ്രശ്നങ്ങള്‍ ഉണ്ട്. ആരാണ് മുന്നണി മര്യാദ പാലിക്കാത്തത് എന്ന് എല്ലാവര്‍ക്കും അറിയാമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു.
അതേസമയം ഇന്‍ഡ്യ മുന്നണി യോഗം കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ ആരംഭിച്ചു. പ്രതിപക്ഷ ശക്തി തുടരണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ ആമുഖ പ്രസംഗത്തില്‍ ആവശ്യപ്പെട്ടു. മണ്ഡല പുനര്‍നിര്‍ണയ ബില്ലിനെതിരെ പാര്‍ലമെന്റില്‍ കാണിച്ച ശക്തി തുടരണം. മോദിയുടെ ദുര്‍ഭരണത്തില്‍ രാജ്യം നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഒന്നിച്ച് നില്‍ക്കണം. രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക, വിദേശ നയങ്ങളുമായി ബന്ധപ്പെട്ട വെല്ലുവിളികളെ ഒറ്റക്കെട്ടായി നേരിടാന്‍ കഴിയും. ഇതിനായി ഐക്യം കൂടുതല്‍ ശക്തിപ്പെടുത്തണമെന്നും മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു. യോഗത്തില്‍ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, തൃണമൂല്‍ എംപി അഭിഷേക് ബാനര്‍ജി, സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷനും എംപിയുമായ അഖിലേഷ് യാദവ്, ബിഹാര്‍ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ്, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ തുടങ്ങിയവര്‍ പങ്കെടുക്കുന്നുണ്ട്. പ്രതിഷേധ സൂചകമായി എം എ ബേബി യോഗത്തില്‍ നിന്ന് വിട്ടുനിന്നു. ഡിഎംകെയും ജെഎംഎമ്മും യോഗത്തില്‍ പങ്കെടുത്തിട്ടില്ല.
Content Highlights- K. C. Venugopal reportedly expressed dissatisfaction over remarks made by John Brittas, highlighting internal disagreements within the INDIA alliance.