

ന്യൂഡൽഹി: രാഷ്ട്രീയ കൂറുള്ള ഉദ്യോഗസ്ഥ വൃന്ദത്തെ ബിജെപിയെ പോലെ കോൺഗ്രസിനും ആവശ്യമുണ്ടെന്ന് സിപിഐഎം പശ്ചിമ ബംഗാൾ സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീം. കേരളത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായിരുന്ന രത്തൻ ഖേൽക്കറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചതിലായിരുന്നു മുഹമ്മദ് സലീമിൻ്റെ പ്രതികരണം. ബംഗാളിൽ ബിജെപി സർക്കാരിൻ്റെ സമാനമായ നിയമനത്തെ ചോദ്യം ചെയ്യാനുള്ള ധാർമ്മിക അവകാശം കോൺഗ്രസിനില്ലെന്നും കോൺഗ്രസും ബിജെപിയും പിന്തുടരുന്ന രീതികൾ ഒന്നാണെന്നും മുഹമ്മദ് സലീം ചൂണ്ടിക്കാണിച്ചു. ഐഎഎസ്-ഐപിഎസ് ലോബിക്ക് ഈ പാർട്ടികളോട് അടുത്ത ബന്ധമുണ്ടെന്നും ഈ നിയമനങ്ങൾ തെരഞ്ഞെടുപ്പിലെ സുതാര്യത സംബന്ധിച്ച് ജനങ്ങളിൽ സംശയമുണ്ടാക്കുന്നെന്നും മുഹമ്മദ് സലീം കുറ്റപ്പെടുത്തി. ഈ നിയമങ്ങൾ ഒറ്റ രാത്രികൊണ്ട് ഉണ്ടായ മാറ്റം അല്ലെന്നും സിപിഐഎം പശ്ചിമബംഗാൾ സംസ്ഥാന സെക്രട്ടറി ചൂണ്ടിക്കാണിച്ചു.
പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പ് ഫലം സിപിഐഎമ്മിന് പ്രതീക്ഷ നൽകുന്നതാണെന്നും മുഹമ്മദ് സലീം വ്യക്തമാക്കി. ഭയമില്ലാതെ ജനങ്ങൾ വോട്ട് ചെയ്തപ്പോൾ പോരാട്ടം സിപിഐഎമ്മും ബിജെപിയും തമ്മിലായി. തൃണമൂൽ ഐസ് പോലെ അലിഞ്ഞെന്നും ഫാൾട്ട തെരഞ്ഞെടുപ്പ് ഫലം ഇടതുപക്ഷത്തിന് പ്രതീക്ഷ നൽകുന്നതാണെന്നും മുഹമ്മദ് സലീം ചൂണ്ടിക്കാണിച്ചു. കേരളത്തിലെ തെരഞ്ഞെടുപ്പ് പരാജയത്തിലും മുഹമ്മദ് സലീം പ്രതികരിച്ചു, ആവശ്യമായ തിരുത്തലുകൾ കേരളത്തിലെ പാർട്ടി നേതൃത്വം വരുത്തുമെന്നായിരുന്നു മുഹമ്മദ് സലീമിൻ്റെ പ്രതികരണം.
ഇതിനിടെ വിവാദങ്ങൾ അവഗണിച്ച് മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി രത്തൻ ഖേൽക്കർ ചുമതലയേറ്റിരുന്നു. അവധി ദിവസമായിട്ടും ഞായറാഴ്ച തന്നെ രത്തൻ ഖേൽക്കർ ചുമതലയേറ്റെടുക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ പ്രത്യേക നിർദ്ദേശ പ്രകാരമാണ് ഞായറാഴ്ച തന്നെ രത്തൻ ഖേൽക്കർ നിയമനം ഏറ്റെടുത്തത്. രത്തൻ ഖേൽക്കറുടെ നിയമനത്തിൽ ഇതിനിടെ വിമർശനം കടുക്കുകയാണ്. ബംഗാളിലേത് സമാനമാണ് നിയമനമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ-കോൺഗ്രസ് ഡീൽ സംശയിക്കുന്നുവെന്നുമാണ് സിപിഐഎം ആരോപിക്കുന്നത്. ബംഗാളിൽ സമാനനിയമനം ദേശീയ വിഷയമാക്കി ഉയർത്തിയ രാഹുൽ ഗാന്ധിക്ക് കേരളത്തിലെ വിഷയത്തിൽ ഇരട്ടത്താപ്പാണെന്നാണ് ബിജെപിയുടെ വിമർശനം.
Content Highlights: Congress leader Muhammad Salim stated that the Congress party also requires politically loyal officers similar to the BJP. His remarks came in response to the Kerala UDF government's appointment of Dr. Ratan U. Kelkar (Chief Electoral Officer) as Secretary to the Leader of Opposition. This highlights the ongoing debate on political appointments of bureaucrats following similar moves in West Bengal.