

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ വിചിത്ര നിയമനവുമായി മുഖ്യമന്ത്രി സുവേന്ദു അധികാരി. ബംഗാളിലെ എസ്‌ഐആര്‍ നിരീക്ഷകനായ ഉദ്യോഗസ്ഥനെയാണ് സുവേന്ദു അധികാരി തന്റെ ഉപദേശകനായി നിയമിച്ചത്. മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനായ സുബ്രത ഗുപ്തയെയാണ് സുവേന്ദു അധികാരി ഉപദേഷ്ടാവായി നിയമിച്ചത്. ബംഗാള്‍ എസ്‌ഐആറില്‍ പ്രത്യേക നിരീക്ഷകനായിരുന്നു സുബ്രത ഗുപ്ത. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ സുബ്രതയെ ഉപദേഷ്ടാവായി നിയമിക്കുകയായിരുന്നു. 1990 ബാച്ച് ഉദ്യോഗസ്ഥനാണ് സുബ്രത ഗുപ്ത.
നയരൂപീകരണത്തിലും ഭരണവുമായി ബന്ധപ്പെട്ട കാര്യത്തിലും ഗുപ്തയുടെ ദീര്‍ഘകാല പരിചയം സര്‍ക്കാരിനെ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഐഎഎസ് ഉദ്യോഗസ്ഥനായ ശാന്തനു ബാലയെ സുവേന്ദു അധികാരിയുടെ പ്രൈവറ്റ് സെക്രട്ടറിയായും നിയമിച്ചു. 2017 ബാച്ച് ഐഎഎസ് ഓഫീസറായ ബാല സൗത്ത് 24 പര്‍ഗാനാസിലെ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റായി സേവനമനുഷ്ടിച്ചുവരികയായിരുന്നു.
ഉത്തരവ് പുറത്തുവന്നതിന് പിന്നാലെ ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തി. മമതാ ബാനര്‍ജിയുടെ മണ്ഡലത്തില്‍ മാത്രം അമ്പതിനായിരം പേരുടെ പേരാണ് എസ്‌ഐആറിലൂടെ വെട്ടിമാറ്റപ്പെട്ടത്. മമത തോറ്റത് പതിനയ്യായിരത്തിനടുത്ത് വോട്ടിനായിരുന്നു. ബിജെപിക്ക് അനുകൂലമായ രീതിയില്‍ എസ്‌ഐആര്‍ മേല്‍നോട്ടം വഹിച്ചതിന് കിട്ടിയ സമ്മാനമാണ് ഈ നിയമനം എന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് ഉയര്‍ത്തിയ വിമര്‍ശനം.
Content Highlights: SIR observer in West Bengal subratha gupta appointed as Advisor to Suvendu Adhikari