

ചെന്നൈ: ടിവികെ അധ്യക്ഷന്‍ വിജയ് നാളെ തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. രാവിലെ പത്തുമണിയോടെ ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. മുഖ്യമന്ത്രിക്കൊപ്പം ഒന്‍പത് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. നിയമന ഉത്തരവ് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ വിജയ്ക്ക് കൈമാറി. ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിന് ഒടുവിലാണ് വിജയ് സര്‍ക്കാര്‍ രൂപീകരിക്കുന്നത്. 120 എംഎല്‍എമാരുടെ പിന്തുണ ഉറപ്പായതിന് പിന്നാലെ ഗവര്‍ണര്‍ കൂടിക്കാഴ്ച്ചയ്ക്കായി വിജയ്ക്ക് സമയം അനുവദിക്കുകയായിരുന്നു.
വിസികെ ടിവികെയ്ക്ക് പിന്തുണ കത്ത് കൈമാറിയതോടെയാണ് തമിഴ് രാഷ്ട്രീയത്തിലെ അനിശ്ചിതത്വം നീങ്ങിയത്. ഉപാധികളില്ലാതെ ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിക്കുകയാണ് എന്ന് വിസികെ അറിയിക്കുകയായിരുന്നു. വിസികെ പിന്തുണ പ്രഖ്യാപിച്ചതോടെ സർക്കാർ രൂപീകരിക്കാനുളള 118 എന്ന കേവലഭൂരിപക്ഷം ടിവികെയ്ക്ക് ലഭിച്ചു. അതിന് പിന്നാലെ ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിക്കുകയാണെന്ന് അറിയിച്ച് മുസ്ലിം ലീഗും രംഗത്തെത്തി. ഇതോടെ വിജയ്ക്ക് 120 എംഎൽഎമാരുടെ പിന്തുണയായി.
ഇന്ന് രാവിലെ 11 മണിയോടെ വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ 116 പേരുടെ പിന്തുണ കത്ത് മാത്രമാണ് ലഭിച്ചതെന്ന് ലോക്ഭവൻ വ്യക്തമാക്കിയതോടെ പ്രതിസന്ധിയുണ്ടാവുകയായിരുന്നു. പിന്തുണ നൽകുമെന്ന് വിസികെ പറഞ്ഞിരുന്നെങ്കിലും കത്ത് കൈമാറിയിരുന്നില്ല. പിന്തുണ കത്ത് നൽകില്ലെന്ന് മുസ്‌ലിം ലീഗും വ്യക്തമാക്കിയിരുന്നു. ഇതോടെ ഇന്ന് രാവിലെ 11 മണിക്ക് നിശ്ചയിച്ച വിജയ്‌യുടെ സത്യപ്രതിജ്ഞ നീക്കങ്ങൾക്ക് ഗവർണർ തടയിടുകയായിരുന്നു.
234 അംഗ തമിഴ്നാട് നിയമസഭയിൽ 118 എംഎൽഎമാരുടെ ഭൂരിപക്ഷമാണ് സർക്കാർ രൂപീകരിക്കാൻ വേണ്ടത്. ഇതിൽ 107 എംഎൽഎമാരാണ് ടിവികെയ്ക്ക് ഉളളത്. 118 എന്ന മാജിക് നമ്പറിലേക്ക് എത്തണമെങ്കിൽ 11 എംഎൽഎമാരുടെ കുറവുണ്ടായിരുന്നു. ഫലം വന്നതിന് പിന്നാലെ 5 എംഎൽഎമാരുളള കോൺഗ്രസ് ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതോടെ 112 എംഎൽഎമാരായിരുന്നു. ഇപ്പോൾ 2 എംഎൽഎമാർ വീതമുളള സിപിഐഎമ്മും സിപിഐയും വിസികെയും പിന്തുണ പ്രഖ്യാപിച്ചതോടെ സർക്കാർ രൂപീകരിക്കാനുളള 118 എന്ന അംഗസംഖ്യയായി.
Content Highlights: Support of 120 MLAs; 'Vijay to form government tomorrow'; oath-taking tomorrow