

ചെന്നൈ: തെരഞ്ഞെടുപ്പ് ഫലം വന്ന് അഞ്ച് ദിവസത്തോളം പിന്നിടുമ്പോൾ ഗവർണറുമായി നാലോളം കൂടിക്കാഴ്ചകൾ, ചെറു കക്ഷികളുമായി നിലയ്ക്കാത്ത യോഗങ്ങൾ. ഒടുവിൽ തമിഴ്നാടിൻ്റെ ഭരണം വിജയ്‌യിലേക്ക് എത്തിയിരിക്കുന്നു. പാർട്ടി രൂപീകരിച്ച് നേരിട്ട ആദ്യ തെരഞ്ഞെടുപ്പിൽ തന്നെ വമ്പൻ വിജയം നേടിയ വിജയ് ഇന്ന് രാവിലെ പത്തുമണിക്ക് തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും. കോൺഗ്രസിന്‍റേത് ഉള്‍പ്പെടെ 9 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും.
ചെന്നൈ ജവഹർലാൽ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ അയ്യായിത്തോളം പേർക്ക് പങ്കെടുക്കാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. ബുധനാഴ്ച നിയമസഭയിൽ വിജയ് വിശ്വാസവോട്ട് തേടേണ്ടി വരുമെന്ന് ലോക്ഭവൻ പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചിട്ടുണ്ട്. കോൺഗ്രസ് എംപിയും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിക്ക് അടക്കം ചടങ്ങിൽ ക്ഷണമുണ്ട്. ചടങ്ങിൽ പങ്കെടുക്കാൻ രാഹുൽ ഡൽഹിയിൽ നിന്ന് പുറപ്പെട്ടിട്ടുണ്ട്.
തിങ്കളാഴ്ച തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ രാഷ്ട്രീയ നിരീക്ഷകരെ വരെ ഞെട്ടിച്ച് വലിയ വിജയമാണ് വിജയ് നേടിയത്. രണ്ട് ദ്രാവിഡ പാർട്ടികൾ അറുപത് വർഷത്തോളം കയ്യടക്കിവെച്ചിരുന്ന ഭരണത്തിനാണ് ഇതോടെ വിരാമമായത്. 234 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ 108 സീറ്റുകളാണ് വിജയ്‌യുടെ ടിവികെ സ്വന്തമാക്കിയത്. കേവലഭൂരിപക്ഷത്തിന് പത്ത് സീറ്റുകളുടെ കുറവായിരുന്നു ഉണ്ടായിരുന്നത്.
ഫലം വന്നതോടെ നിഷ്പ്രയാസം വിജയ് അധികാരത്തിലെത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഗവർണർ രാജേന്ദ്ര ആർലേക്കർ നിലപാട് കടുപ്പിച്ചതോടെ ദ്രാവിഡ പാർട്ടികൾ ഒന്നിച്ച് ഭരിക്കുമെന്ന തരത്തിൽ വരെ റിപ്പോർട്ടുകൾ പുറത്തുവന്നു. എന്നാല്‍ ടിവികെയെ പിന്തുണച്ച് ആദ്യം കോൺഗ്രസ് രംഗത്തെത്തി. പിന്നീട് ഡിഎംകെ സഖ്യത്തിൽ മത്സരിച്ച സിപിഐ, സിപിഐഎം എന്നിവരും വിജയ്ക്കൊപ്പം നിൽക്കാൻ തയ്യാറായി. അപ്പോഴും കേവലഭൂരിപക്ഷം തികയ്ക്കാൻ കഴിഞ്ഞില്ല.
വിജയ് രണ്ട് മണ്ഡലങ്ങളിൽ നിന്നും ജനവിധി തേടിയ സാഹചര്യത്തിൽ ടിവികെ 107, കോൺഗ്രസ് 5, ലെഫ്റ്റ് പാർട്ടികൾ 4 എന്നിങ്ങനെ മുഴുവൻ 116 സീറ്റുകൾ മാത്രമായി. വീണ്ടും രണ്ട് സീറ്റുകളുടെ കുറവുണ്ടായി. 118 എംഎൽഎമാരുടെ പിന്തുണ ഉറപ്പാക്കിയെ മതിയാകുവെന്ന ഗവർണറുടെ നിലപാട് തുടർന്ന സാഹചര്യത്തിൽ അപ്രതീക്ഷിതമായി ഡിഎംകെ സഖ്യത്തിലുള്ള തോൾ തിരുമാവാലന്റെ വിസികെ ടിവികെയ്ക്ക് പിന്തുണ അറിയിച്ചു. ഇതോടെ കേവലഭൂരിപക്ഷത്തിന് ആവശ്യമായ 118 സീറ്റുകൾ തികയ്ക്കാൻ ടിവികെയ്ക്ക് കഴിഞ്ഞു. മണിക്കൂറുകൾക്കുള്ളിൽ ഡിഎംകെയുടെ മറ്റൊരു സഖ്യകക്ഷിയായ മുസ്ലീം ലീഗും വിജയ്ക്ക് പിന്തുണ അറിയിക്കുകയായിരുന്നു.
Content Highlights: Vijay is scheduled to take oath as Chief Minister today amid intense political developments in Tamil Nadu