തമിഴ്‌നാട്ടില്‍ വീണ്ടും ട്വിസ്റ്റ്; DMK- AIADMK സഖ്യത്തിന് നീക്കമെന്ന് അഭ്യൂഹം

രഹസ്യമായി ചര്‍ച്ചകള്‍ നടന്നെന്നാണ് വിവരം

തമിഴ്‌നാട്ടില്‍ വീണ്ടും ട്വിസ്റ്റ്; DMK- AIADMK സഖ്യത്തിന് നീക്കമെന്ന് അഭ്യൂഹം
dot image

ചെന്നൈ: തമിഴ്‌നാട്ടില്‍ നടന്‍ വിജയ് നയിക്കുന്ന ടിവികെയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അനുമതി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ നല്‍കാത്തതിന് പിന്നാലെ വമ്പന്‍ ട്വിസ്റ്റ്. ചിരവൈരികളായ ദ്രാവിഡ പാര്‍ട്ടികള്‍ കൈകോര്‍ക്കുന്നുവെന്നാണ് അഭ്യൂഹം. എം കെ സ്റ്റാലിന്‍ നയിക്കുന്ന ഡിഎംകെയും എടപ്പാടി പളനിസ്വാമി നയിക്കുന്ന എഐഎഡിഎംകെയും തമ്മില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് നേതാക്കള്‍ തന്നെ സ്ഥിരീകരിച്ചു. രഹസ്യമായി ചര്‍ച്ചകള്‍ നടന്നെന്നാണ് വിവരം. അതേസമയം ടിവികെയെ പിന്തുണയ്ക്കില്ലെന്ന് രണ്ട് പാര്‍ട്ടികളും വ്യക്തമാക്കിയിട്ടുണ്ട്.

ഒരു സാഹചര്യത്തിലും ടിവികെയെ എഐഎഡിഎംകെ പിന്തുണയ്ക്കില്ലെന്നും അത്തരം റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്നും പാര്‍ട്ടി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി കെ പി മുനുസ്വാമി പ്രസ്താവനയിലൂടെ അറിയിച്ചു. അതേസമയം നാളെ പ്രഖ്യാപിച്ച വിജയ്‌യുടെ സത്യപ്രതിജ്ഞ നടക്കില്ലെന്ന് ഉറപ്പായി. ഗവര്‍ണര്‍ കേവല ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യപ്പെട്ടതോടെയാണ് കാര്യങ്ങള്‍ അനിശ്ചിതത്തിലായത്.

തെരഞ്ഞെടുപ്പില്‍ ഡിഎംകെ 59 സീറ്റുകള്‍ നേടിയപ്പോള്‍ എഐഎഡിഎംകെയ്ക്ക് ലഭിച്ചത് 47 സീറ്റുകളാണ്. ഇരുപാര്‍ട്ടികളും കൈകോര്‍ത്താല്‍ കേവല ഭൂരിപക്ഷത്തിന് വീണ്ടും 12 സീറ്റുകളുടെ കുറവുണ്ടാകും. ഈ സാഹര്യത്തില്‍ പ്രാദേശിക പാര്‍ട്ടികളായ വിസികെ ഉള്‍പ്പെടെയുള്ള ഡിഎംകെ - എഐഎഡിഎംകെ കൂട്ടുകെട്ടിനെ സഹായിക്കാന്‍ മുന്നിട്ടിറങ്ങണം. എന്നാല്‍ എഐഎഡിഎംകെയുടെ പകുതിയിലേറെ എംഎല്‍എമാര്‍ക്കും ടിവികെയെ പിന്തുണയ്ക്കുന്നതിലാണ് താൽപര്യം.

ഡിഎംകെയുടെ കടുത്ത എതിര്‍പ്പിനെ വകവെയ്ക്കാതെയാണ് കോണ്‍ഗ്രസ് നിബന്ധനകള്‍ മുന്നോട്ടുവച്ച് ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്. രണ്ട് മന്ത്രി സ്ഥാനങ്ങളായിരുന്നു കോൺഗ്രസ് മുന്നോട്ടുവെച്ച നിബന്ധനകളിൽ പ്രധാനപ്പെട്ടത്. വര്‍ഗീയശക്തികളില്‍ നിന്ന് അകന്നുനില്‍ക്കണം, തദ്ദേശസ്വയംഭരണ, ലോക്‌സഭ, രാജ്യസഭ, തെരഞ്ഞെടുപ്പുകളിൽ അടക്കം സഖ്യമുണ്ടായിരിക്കണം തുടങ്ങിയ നിബന്ധനകളും കോൺഗ്രസ് മുന്നോട്ടുവെച്ചിരുന്നു.

വെറും രണ്ട് വര്‍ഷത്തിനുള്ളില്‍ ടിവികെ നേടിയ വിജയത്തിന്റെ ആഘാതത്തിലാണ് മുന്‍നിര പാര്‍ട്ടികളിലെ നേതാക്കള്‍. എന്നാല്‍ സംസ്ഥാന കോണ്‍ഗ്രസിലെ പല നേതാക്കളും വിജയ് സുനാമി സൃഷ്ടിക്കുമെന്ന് മുന്‍കൂട്ടി കണ്ടിരുന്നു. ടിവികെയുമായുള്ള സഖ്യത്തിനായി കോണ്‍ഗ്രസ് എംപി മാണിക്കം ടാഗോറും കോണ്‍ഗ്രസ് പ്രൊഫഷണല്‍ വിങ് മേധാവി പ്രവീണ്‍ ചക്രവര്‍ത്തിയും കഠിനമായി പരിശ്രമിച്ചിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇക്കാര്യം രാഹുൽ ഗാന്ധിയുമായി നേതാക്കൾ സംസാരിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്. ഡിഎംകെയുമായുള്ള സഖ്യത്തിനെക്കാള്‍ വിജയ്‌ക്കൊപ്പം ചേരുക എന്നതാണ് മികച്ച തീരുമാനം എന്നതായിരുന്നു നേതാക്കളുടെ നിലപാട്. എന്നാല്‍ കൈവിട്ട കളിക്ക് കോണ്‍ഗ്രസ് നേതൃത്വം താത്പര്യം പ്രകടിപ്പിച്ചില്ല.

തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ചർച്ചകളിൽ നാൽപത് സീറ്റും മന്ത്രിപദവുമായിരുന്നു കോൺഗ്രസ് ആവശ്യപ്പെട്ടത്. എന്നാൽ ഡിഎംകെ ഇത് അംഗീകരിച്ചിരുന്നില്ല. അതേസമയം തന്നെ ടിവികെ കോണ്‍ഗ്രസിന് അറുപത് സീറ്റുകള്‍ നല്‍കാന്‍ തയ്യാറായിരുന്നു. മാത്രവുമല്ല മന്ത്രിപദം നല്‍കുന്നതിലും എതിര്‍പ്പുകളുണ്ടായിരുന്നില്ല. എന്നാല്‍ അവസാന നിമിഷം ഡിഎംകെക്കൊപ്പം നിൽക്കാൻ ഹൈക്കമാൻഡ് നിർദേശിക്കുകയായിരുന്നു. ഡിഎംകെ മുന്നോട്ടുവെച്ച 28 സീറ്റുകൾ എന്ന നിബന്ധന കോൺഗ്രസ് അംഗീകരിക്കുകയും ചെയ്തു.

Content Highlights: Rumours have emerged about a possible alliance between DMK and AIADMK in Tamil Nadu, introducing a new twist in the state’s political landscape

dot image
To advertise here,contact us
dot image