പഞ്ചാബ് മുഖ്യമന്ത്രി മദ്യപിച്ച് നിയമസഭയിലെത്തി?; ആരോപണവുമായി പ്രതിപക്ഷം

സ്വാതി മാലിവാൾ അടക്കമുള്ളവർ ഭഗവന്ത് മന്നിനെതിരെ രംഗത്തുവന്നിട്ടുണ്ട്

പഞ്ചാബ് മുഖ്യമന്ത്രി മദ്യപിച്ച് നിയമസഭയിലെത്തി?; ആരോപണവുമായി പ്രതിപക്ഷം
dot image

ചണ്ഡിഗർ: മെയ്ദിനത്തിൽ നടന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിൽ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ മദ്യപിച്ചെത്തിയതായി പ്രതിപക്ഷത്തിന്റെ ആരോപണം. നിയമസഭയിലുണ്ടായിരുന്ന എല്ലാ എംഎൽഎമാരുടെയും മുഖ്യമന്ത്രിയുടെയും ആൽക്കോ മീറ്റർ(ബെർത്ത് അനലൈസർ) അല്ലെങ്കിൽ ഡോപ് ടെസ്റ്റ് നടത്തണമെന്ന് പ്രതിപക്ഷ നേതാവ് പ്രതാപ് സിങ് ബജ്വ ആവശ്യപ്പെട്ടു.

ദിവസങ്ങൾക്ക് മുമ്പ് എഎപി വിട്ട, നിലവിൽ ബിജെപി എംപിയായ സ്വാതി മാലിവാളും ഭഗവന്ത് മൻ നിയസഭയെ അഭിസംബോധന ചെയ്യുന്ന ദൃശ്യങ്ങൾ പങ്കുവച്ച് അദ്ദേഹം മദ്യപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം അടിസ്ഥാനരഹിതമായ ആരോപണമാണ് കോൺഗ്രസ് ഉന്നയിക്കുന്നതെന്നാണ് എഎപിയുടെ പ്രതികരണം.

'ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭയിൽ മുഖ്യമന്ത്രി എത്തിയത് മദ്യ ലഹരിയിലാണ്. ഈ മനുഷ്യൻ ഗുരുദ്വാരയിൽ പോകുന്നതും ക്ഷേത്രങ്ങളിൽ പോകുന്നതും എന്തിന് ലോക്സഭയിൽ പോയിരുന്നതും മദ്യപിച്ചാണ്. സർക്കാർ യോഗങ്ങളിലും ഇയാൾ പങ്കെടുക്കുന്നത് മദ്യപിച്ചാണ്. വിമാനത്തിൽവെച്ച് മദ്യപിച്ചതിനെ തുടർന്ന് ഒരിക്കൽ ഇയാളെ ഇറക്കിവിട്ടിരുന്നു', സ്വാതി ചൂണ്ടിക്കാട്ടി.

തെരഞ്ഞെടുപ്പിന് മുമ്പ് സ്വന്തം അമ്മയുടെ തലയിൽ കൈവച്ച് ഇനി മദ്യപിക്കില്ലെന്ന് മൻ ശപഥം ചെയ്തിരുന്നുവെന്നും സ്വാതി പറഞ്ഞു. അതീവ സുരക്ഷവേണ്ട അതിർത്തി സംസ്ഥാനമായ പഞ്ചാബിന്റെ മുഖ്യമന്ത്രി എപ്പോഴും മദ്യലഹരിയിലാണ്. ഫയലുകൾ ഒപ്പിടുന്നത് പോലും മദ്യപിച്ചാണ്. എന്തൊരു നാണക്കോടാണിതെന്നും സ്വാതി മാലിവാൾ ചോദിക്കുന്നു. ബിജെപിയിൽ ചേർന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രിക്കെതിരെ സ്വാതി മാലിവാൾ അടക്കമുള്ളവർ ഗുരുതര ആരോപണം ഉയർത്തിയിരിക്കുന്നത്.

Content Highlights: Opposition parties have alleged that the Punjab Chief Minister attended the legislative assembly while intoxicated

dot image
To advertise here,contact us
dot image