

ഭോപാല്‍: മധ്യപ്രദേശിലെ ജബല്‍പൂര്‍ ജില്ലയിലുണ്ടായ ബോട്ടപകടത്തില്‍ കാണാതായ അമ്മയുടെയും മകന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തി. നാല് വയസുകാരനായ മകനെ നെഞ്ചോട് ചേര്‍ത്ത നിലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കുടുംബത്തിലെ അച്ഛനും മകളും അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു.
നര്‍മദാനദിയില്‍ നര്‍മത ബര്‍ഗി ഡാമിന് സമീപം ഇന്നലെയായിരുന്നു ബോട്ട് മറിഞ്ഞ് അപകടമുണ്ടായത്. ഒന്‍പതുപേരാണ് അപകടത്തില്‍ മരിച്ചത്. വെള്ളിയാഴ്ച രാവിലെ വരെ 24 പേരെ രക്ഷപ്പെടുത്തിയിരുന്നു. ലൈഫ് ജാക്കറ്റ് ധരിച്ചിരുന്ന ക്രൂയിസ് ക്യാപ്റ്റന്‍ മഹേഷ് പട്ടേല്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടവരില്‍ ഒരാളാണ്. രക്ഷപ്പെട്ടവരില്‍ 17 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അഞ്ച് കുട്ടികള്‍ ഉള്‍പ്പെടെ ഒമ്പതുപേരെ ഇനിയും കണ്ടെത്താനുണ്ട്. പൊലീസും ജില്ലാ ഉദ്യോഗസ്ഥരും ദുരന്തനിവാരണ സേനയും ഉള്‍പ്പെടെയുള്ള രക്ഷാപ്രവര്‍ത്തകരുടെ സംഘം തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
കാലാവസ്ഥ പെട്ടെന്ന് മോശമായതാണ് അപകട കാരണമെന്നാണ് രക്ഷപ്പെട്ട ഒരാള്‍ പറയുന്നത്. 'വലിയ കൊടുങ്കാറ്റ് ഉണ്ടാവുകയും ബോട്ട് ആടിയുലയുകയും നിമിഷനേരം കൊണ്ട് വെള്ളം നിറയുകയും ചെയ്തു. എന്തുചെയ്യണമെന്ന് ആര്‍ക്കും മനസ്സിലായില്ല. നിലവിളികള്‍ ഉയര്‍ന്നിരുന്നു. ബോട്ട് മുങ്ങിത്താഴുകയും ആളുകള്‍ സഹായത്തിനായി നിലവിളിക്കുകയും ചെയ്തു. ഞാനും മുങ്ങിത്താഴുകയായിരുന്നു. മരിക്കുമെന്നായിരുന്നു കരുതിയത്. തല വെള്ളത്തിന് മുകളില്‍ വരുന്ന വിധം പിടിച്ചുകിടന്നു. ഏറെ സമയം അങ്ങനെ കിടന്നു. മുന്നിലൂടെ മൃതദേഹങ്ങള്‍ ഒഴുകിവരുന്നതുകണ്ടു. പിന്നീട് രക്ഷാപ്രവർത്തകർ എത്തി രക്ഷിച്ചു', എന്നാണ് അപകടത്തെ അതിജീവിച്ച വ്യക്തി പറഞ്ഞത്.
Content Highlights: Bodies of mother and son missing in boat accident in Madhya Pradesh's Jabalpur district found