പരിക്കേറ്റ് പുറത്തായി ശിവം മാവി; കൗമാര താരത്തെ ടീമിലെത്തിച്ച് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

അണ്ടര്‍ 19 ക്രിക്കറ്റില്‍ ഇന്ത്യക്ക് കിരീടം സമ്മാനിച്ച്, ടീമില്‍ മികച്ച പ്രകടനം നടത്തിയ താരത്തെയാണ് ഹൈദരാബാദ് ടീമിലെത്തിച്ചത്

പരിക്കേറ്റ് പുറത്തായി ശിവം മാവി; കൗമാര താരത്തെ ടീമിലെത്തിച്ച് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്
dot image

പരിക്കേറ്റ് പുറത്തായ ശിവം മാവിക്ക് പകരം കൗമാര താരം ആര്‍എസ് അംബ്രിഷിനെ ടീമിലെത്തിച്ച് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ നിര്‍ണായകനീക്കം. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിലെ ശേഷിക്കുന്ന മത്സരങ്ങളെല്ലാം ശിവം മാവിക്ക് നഷ്ടമാകുന്നതിന് പിന്നാലെയാണ് ഹൈദരാബാദിന്റെ നീക്കം. ഓള്‍റൗണ്ടര്‍ താരമായ അംബ്രിഷ് 2026 ഐസിസി അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ കിരീടം നേടിയ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു. ടൂര്‍ണമെന്റില്‍ 11 വിക്കറ്റ് വീഴ്ത്തിയ താരം കൂടിയാണ് അംബ്രിഷ്. ടീമിനായി ഏറ്റവുമധികം വിക്കറ്റ് സ്വന്തമാക്കിയതും അംബ്രിഷാണ്. അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനലില്‍ ഒമ്പത് ഓവറില്‍ 56 റണ്‍സ് വഴങ്ങി അംബ്രിഷ് മൂന്നുവിക്കറ്റ് വീഴ്ത്തിയിരുന്നു. ഇംഗ്ലണ്ടിനെതിരായ ഫൈനലില്‍ ടീമിന്റെ ജയത്തിനും കിരീട നേട്ടത്തിനും താരത്തിന്റെ മിന്നുന്ന പ്രകടനം നിര്‍ണായകമായി. വലംകൈയന്‍ മീഡിയം പേസറും ഇടംകൈയന്‍ ബാറ്ററുമായ അംബ്രിഷിനെ 30 ലക്ഷം രൂപയ്ക്കാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിലെടുത്തത്.

തുടയെല്ലിന് പരിക്കേറ്റതാണ് ശിവം മാവിക്ക് വിനയായത്. ചികിത്സയും വിശ്രമവും വേണ്ടതിനാലാണ് ഹൈദരാബാദ് മറ്റൊരു താരത്തെ തേടിയത്. യുവതാരങ്ങളാല്‍ സമ്പന്നമായ ബൗളിങ് യൂണിറ്റാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റേത്. ഇതിലേക്കാണ് അംബ്രിഷ് കൂടി ചേരുന്നത്. പ്രഫുല്‍ ഹിംഗെ, സാക്കിബ് ഹുസൈന്‍ എന്നിവരടങ്ങുന്ന നിരയിലേക്ക് അംബ്രിഷ് കൂടിയെത്തുമ്പോള്‍ ടീമിനും നേട്ടമാണ്.

ഒമ്പത് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ആറുകളിയും ജയിച്ച് 12 പോയിന്റോടെ മൂന്നാം സ്ഥാനത്താണ്. ഇതുവരെ മൂന്നുകളിയാണ് ടീം തോറ്റത്. പ്ലേ ഓഫ് സാധ്യത ഏറെ സജീവമാക്കിയ ടീമിന്, പ്ലേ ഓഫ് ഉറപ്പിക്കാന്‍ ഇനിയുള്ള മത്സരങ്ങള്‍ നിര്‍ണായകമാണ്. കഴിഞ്ഞമത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ച ഹൈദരാബാദിന് കൊല്‍ക്കത്ത് നൈറ്റ് റൈഡേഴ്‌സാണ് അടുത്ത മത്സരത്തിലെ എതിരാളി.

content highlights: Shivam Mavi Ruled Out Due to Injury; Sunrisers Hyderabad Sign Teenage Replacement

dot image
To advertise here,contact us
dot image