

തിരുവനന്തപുരം: പേവിഷബാധ ഉണ്ടെന്ന സംശയത്തെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലന്‍സില്‍ നിന്നിറങ്ങിയോടി ഓടയില്‍ ചാടിയ രോഗി മരിച്ചു. നെയ്യാറ്റിന്‍കര ചെങ്കല്‍ വട്ടവിള സ്വദേശി രാജേന്ദ്രന്‍ ആണ് മരിച്ചത്. ഇന്ന് രാവിലെ ആശുപത്രിയിലേക്ക് പോകും വഴി തിരുവനന്തപുരം ഈഞ്ചയ്ക്കല്‍ ജംഗ്ഷന് സമീപത്തുവെച്ചാണ് സംഭവം നടന്നത്.
ആംബുലന്‍സിലെ ഡ്രൈവറെയും മറ്റും ആക്രമിച്ച ശേഷം രാജേന്ദ്രന്‍ റോഡിലേക്ക് ഇറങ്ങി ഓടുകയായിരുന്നു. രക്ഷപ്പെടാന്‍ ഓടിയ ഇയാള്‍ ദേശീയപാത വികസനം നടക്കുന്ന ഈഞ്ചയ്ക്കല്‍ ഭാഗത്തെ വെള്ളം നിറഞ്ഞ വലിയ ഓടയിലേക്ക് ഇറങ്ങുകയായിരുന്നു. ഇവിടെ നിന്ന് കയറാന്‍ കഴിയാതെ കുടുങ്ങിയ രാജേന്ദ്രനെ നാട്ടുകാരും പൊലീസും ചേര്‍ന്നാണ് പുറത്തെടുത്തത്. അപ്പോഴേയ്ക്കും മരിച്ചിരുന്നു. ആംബുലന്‍സ് ഡ്രൈവറും രാജേന്ദ്രനും റോഡിലൂടെ ഓടുന്നതിന്റെയും രാജേന്ദ്രന്‍ ഓടയില്‍ കുടുങ്ങുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
ഇന്ന് പുലര്‍ച്ചെ നാലരയ്ക്കാണ് 108 ആംബുലന്‍സിലേക്ക് അടിയന്തരമായി വിളി വരുന്നത്. രാജേന്ദ്രന്‍ എന്ന ആള്‍ വെള്ളം കണ്ടാല്‍ പരിഭ്രമിക്കുന്നുവെന്നും പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നുവെന്നുമായിരുന്നു സന്ദേശം. തുടര്‍ന്ന് ആംബുലന്‍സ് സര്‍വീസില്‍നിന്ന് ജീവനക്കാരെത്തി ബലപ്രയോഗത്തിലൂടെ രാജേന്ദ്രനെ ആംബുലന്‍സില്‍ കയറ്റി ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു.
ഇതിനിടെ ഈഞ്ചയ്ക്കലിൽ എത്തിയപ്പോള്‍ രാജേന്ദ്രന്‍ വാഹനത്തിനുള്ളില്‍ ബഹളം വെയ്ക്കുകയും ഫയര്‍ എക്സ്റ്റിങ്ഗ്യൂഷന്‍ ഉപയോഗിച്ച് ചില്ലുകള്‍ തകര്‍ത്ത് പുറത്തേക്ക് ഓടുകയും ചെയ്തു. രാജേന്ദ്രന്റെ ആക്രമണത്തില്‍ പരിഭ്രാന്തരായ ജീവനക്കാരും പിന്നാലെ ഓടി. തുടര്‍ന്നാണ് രാജേന്ദ്രന്‍ റോഡിന്റെ വശത്തുള്ള വെള്ളം നിറഞ്ഞ ഓടയില്‍ ചാടിയത്. എന്നാല്‍ പിന്നീട് അദ്ദേഹത്തിന് തിരിച്ചുകയറാന്‍ കഴിയാതെ കുടുങ്ങുകയായിരുന്നു. തുടര്‍ന്ന് പൊലീസും നാട്ടുകാരും നടത്തിയ തിരച്ചിലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
തെരുവുനായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്ന ശീലം രാജേന്ദ്രനുണ്ടായിരുന്നുവെന്നാണ് വിവരം. ഒരാഴ്ച മുന്‍പ് കൈയില്‍ മുറിവുണ്ടായിട്ടും ആരെയും അറിയിച്ചിരുന്നില്ല. ഇന്നലെ രാത്രി വീട്ടില്‍ വച്ച് അസ്വസ്ഥതയുണ്ടായതിനെ തുടര്‍ന്ന് ഇറങ്ങി ഓടുകയും ജംഗ്ഷനിൽ എത്തി ബഹളം വെയ്ക്കുകയായിരുന്നു. ഇതോടെയാണ് നാട്ടുകാര്‍ ആംബുലന്‍സ് സര്‍വീസില്‍ വിവരം അറിയിച്ചത്. രാജേന്ദ്രന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. രാജേന്ദ്രന്റെ ആക്രമണത്തില്‍ പരിക്കേറ്റവരെയും വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
Content Highlights: Suspected of having rabies; Panicked patient jumps out of ambulance, dies in drain