വിആര്‍എസ് എടുത്ത് മുൻ ഐപിഎസ് ഉദ്യോ​ഗസ്ഥൻ മനോജ് നിനാമ ബിജെപി സ്ഥാനാർത്ഥിയായി; പക്ഷെ കാത്തിരുന്നത് പരാജയം

കോൺഗ്രസ് സ്ഥാനാർത്ഥി സുരേഷ് നിനാമയാണ് ബിജെപി സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തിയത്

വിആര്‍എസ് എടുത്ത് മുൻ ഐപിഎസ് ഉദ്യോ​ഗസ്ഥൻ മനോജ് നിനാമ ബിജെപി സ്ഥാനാർത്ഥിയായി; പക്ഷെ കാത്തിരുന്നത് പരാജയം
dot image

അഹമ്മദാബാദ്: ​ ഗുജറാത്ത് തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടി. ഷംലാജി താലൂക്കിലെ ഓദ് ജില്ലാ പഞ്ചായത്ത് സീറ്റിലേക്ക് മത്സരിച്ച ബിജെപി സ്ഥാനാർത്ഥിയായ മുൻ ഐപിഎസ് ഉദ്യോ​ഗസ്ഥൻ മനോജ് നിനാമ പരാജയപ്പെട്ടു. കോൺഗ്രസ് സ്ഥാനാർത്ഥി സുരേഷ് നിനാമയാണ് ബിജെപി സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തിയത്. 2744 വോട്ടുകളുടെ നിർണായക ഭൂരിപക്ഷത്തിലാണ് കോൺഗ്രസ് നേതാവ് മനോജ് നിനാമയെ മറികടന്നത്. ഇത് ബിജെപിക്ക് കനത്ത തിരിച്ചടിയാണ് ഏൽപ്പിച്ചത്. കോൺഗ്രസ് സ്ഥാനാർത്ഥി സുരേഷ് നിനാമ പ്രദേശത്ത് സ്വാധീനമുള്ള നേതാവാണ്.

മുൻ ഐപിഎസ് ഉദ്യോ​ഗസ്ഥനായ മനോജ് നിനാമ കഴിഞ്ഞ ഏപ്രിലിലാണ് ബിജെപിയിൽ ചേർന്നത്. ഐപിഎസ് പദവിയിൽ നിന്ന് സ്വയംവിരമിച്ച് പാർട്ടിയിൽ ചേരുകയായിരുന്നു. ആരവല്ലി ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബിജെപി പ്രഖ്യാപിച്ച 30 സ്ഥാനാർത്ഥികളിൽ ഒരാളായി മനോജ് നിനാമയെ തെരഞ്ഞെടുത്തിരുന്നു. തെരഞ്ഞടുപ്പിൽ ബിജെപിക്ക് ഏറെ പ്രതീക്ഷ നൽകിയ സ്ഥാനാർത്ഥിയായിരുന്നു മനോജ് നിനാമ. ​ഗുജറാത്ത് പൊലീസ് സേനയിൽ ദീർഘകാലത്തെ പ്രവർത്തന പരിചയമുള്ള വ്യക്തിയാണ് ഇദ്ദേഹം.

അതേസമയം, ഗുജറാത്ത് തദ്ദേശതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അനുകൂലവിധിയാണ് ഉണ്ടായത്. സംസ്ഥാനത്തെ 15 കോര്‍പ്പറേഷനിലും ബിജെപി വിജയിച്ചു. നഗരസഭകളിലും ജില്ലാ പഞ്ചായത്തുകളിലും ബിജെപി വന്‍ മുന്നേറ്റമാണ് നടത്തിയത്. ഗുജറാത്തിലെ 1044 മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളില്‍ 732 എണ്ണവും ബിജെപി നേടി. കോണ്‍ഗ്രസ് 65 സീറ്റിലും ആംആദ്മി അടക്കമുള്ള മറ്റ് പാര്‍ട്ടികള്‍ 11 സീറ്റിലുമാണ് വിജയിച്ചത്.

ആകെ 192 സീറ്റുകളുള്ള അഹമ്മദാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ 158 സീറ്റുകളിലും സൂറത്ത് കോര്‍പ്പറേഷനില്‍ 115 സീറ്റുകളിലും രാജ്‌കോട്ട് കോര്‍പ്പറേഷനില്‍ 72ല്‍ 65 സീറ്റും വഡോദരയില്‍ 76ല്‍ 69 സീറ്റുകളും ബിജെപി നേടി. 84 മുന്‍സിപ്പാലിറ്റികളിലായി 1688 സീറ്റുകളും 34 ജില്ലാ പഞ്ചായത്തുകളിലായുള്ള 1090 സീറ്റുകളില്‍ 503 സീറ്റുകളും ബിജെപി കരസ്ഥമാക്കി.

Content Highlights:Unexpected setback for BJP in Gujarat local body elections

dot image
To advertise here,contact us
dot image