

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിന് പലപ്പോഴായി പല രാജ്യങ്ങള്‍ വേദിയായിട്ടുണ്ട്. യുഎഇയിലെ വിവിധ സ്റ്റേഡിയങ്ങളും ദക്ഷിണാഫ്രിക്കയിലെ സ്റ്റേഡിയങ്ങളുമെല്ലാം ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിന് ആതിഥേയത്വം വഹിച്ചവയാണ്. എന്നാല്‍ അതിലുമപ്പുറത്തേക്ക് ഐപിഎല്‍ കാണാന്‍ പോകേണ്ടി വരുമോ എന്നതാണ് പുതിയ വാര്‍ത്ത. ലോസ് ഏഞ്ചല്‍സിലാണ് പുതിയ ക്രിക്കറ്റ് സ്റ്റേഡിയം പണിയുന്നത്. 2028 ഒളിമ്പിക്‌സിനുള്ള തയ്യാറെടുപ്പിലാണ് ഈ സ്റ്റേഡിയം. ഭാവിയില്‍ ലോസ് ഏഞ്ചല്‍സ് സ്‌റ്റേഡിയം ഐപിഎലിന് വേദിയായേക്കാമെന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് വെങ്കി മൈസൂര്‍ പറഞ്ഞു.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ യുഎസ് ഫ്രാഞ്ചൈസിയായ ലോസ് ഏഞ്ചല്‍സ് നൈറ്റ് റൈഡേഴ്‌സിന്റെ ഹോം ഗ്രൗണ്ടായി സ്‌റ്റേഡിയത്തെ ഉപയോഗപ്പെടുത്താനും നീക്കമുണ്ട്. ജൂലായില്‍ മേജര്‍ സോക്കര്‍ ലീഗ് ക്രിക്കറ്റ് മത്സരങ്ങള്‍ക്കും സ്‌റ്റേഡിയം വേദിയാകും. 15,000 കാണികള്‍ക്ക് കാണാവുന്ന തരത്തിലാണ് സ്‌റ്റേഡിയത്തിന്റെ നിര്‍മാണം. ആദ്യഘട്ടം ഈവര്‍ഷം പൂര്‍ത്തിയാകും. രണ്ടാംഘട്ടം അടുത്ത വര്‍ഷം പൂര്‍ത്തിയാക്കും. 2028 ഒളിമ്പിക്‌സോടെ സ്‌റ്റേഡിയം പൂര്‍ണ സജ്ജമാകും. അമേരിക്കയിലേക്ക് ക്രിക്കറ്റ് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഐപിഎല്‍ മത്സരങ്ങള്‍ ഭാവിയില്‍ ഇങ്ങോട്ടെത്തിക്കാനാണ് ശ്രമം. ക്രിക്കറ്റ് ലോക വ്യാപകമാക്കുന്ന പദ്ധതിയുടെ ഭാഗവുമാകും ഇത്. ഐപിഎലിന് വേദിയാകാന്‍ നേരത്തെ അമേരിക്കയും കാനഡയും സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. ഇതൊന്നും ഫലവത്തായിരുന്നില്ല.
2009-ലാണ് ആദ്യമായി ഇന്ത്യയ്ക്ക് പുറത്ത് ഐപിഎല്‍ മത്സരം നടന്നത്. രാജ്യത്തെ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുന്നതിലുള്ള ബുദ്ധിമുട്ട് കാരണമായിരുന്നു അത്. 59 മത്സരങ്ങളാണ് ദക്ഷിണാഫ്രിക്കയിലെ വിവിധ വേദികളിലായി നടന്നത്. ആദം ഗില്‍ക്രിസ്റ്റ് നയിച്ച ഡെക്കാന്‍ ചാര്‍ജേഴ്‌സ് ആയിരുന്നു ആ വര്‍ഷത്തെ ജേതാക്കള്‍. 2014-ലെ സീസണിന്റെ ആദ്യ ഘട്ടം യുഎഇയിലാണ് നടന്നത്. ആ വര്‍ഷവും ഇന്ത്യയിലെ പൊതുതിരഞ്ഞെടുപ്പ് തന്നെയായിരുന്നു കാരണം. ടൂര്‍ണമെന്റിലെ ആദ്യ 20 മത്സരങ്ങള്‍ അബുദാബി, ദുബായ്, ഷാര്‍ജ എന്നിവിടങ്ങളിലായി നടന്നു. ബാക്കി മത്സരങ്ങള്‍ ഇന്ത്യയില്‍ വെച്ചാണ് പൂര്‍ത്തിയാക്കിയത്. 2020-ലും യുഎഇ ആതിഥേയത്വം വഹിച്ചു. ഇന്ത്യയിലെ കോവിഡ് വ്യാപനമായിരുന്നു കാരണം. 2021-ലെ ഐപിഎലിന്റെ രണ്ടാം പകുതിയും യുഎഇയിലാണ് നടന്നത്. ഇതും കോവിഡ് കാരണമായിരുന്നു. കളിക്കാരില്‍ കോവിഡ് ബാധിച്ചത് വലിയ പ്രതിസന്ധിയുണ്ടാക്കി.
content highlights: USA to host IPL; stadium construction underway. Will fans have to travel far to watch the matches