

ആരോഗ്യ മേഖലയിലെ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് അന്താരാഷ്ട്ര സമ്മേളനത്തിന് ബഹ്റൈന്‍ വേദിയാകുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദഗ്ധരും ഗവേഷകരും പങ്കെടുക്കുന്ന സമ്മേളനത്തില്‍ ആരോഗ്യരംഗത്തെ എഐ സാങ്കേതിക വിദ്യയുടെ വരും സാധ്യതകള്‍ ചര്‍ച്ച ചെയ്യും.
അറേബ്യന്‍ ഗള്‍ഫ് യൂണിവേഴ്‌സിറ്റിയുടെ മേല്‍നോട്ടത്തിലാണ് ബഹ്‌റൈനില്‍ ആര്‍ട്ടിഫിഷ്യന്‍ ഇന്റലിജെന്റ്‌സ് സമ്മേളനം സംഘടിപ്പിക്കുന്നത്. നവംബര്‍ അഞ്ച് മുതല്‍ ഏഴ് വരെ മനാമയിലാണ് ആരോഗ്യ രംഗത്തെ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് എന്ന വിഷയത്തിലുള്ള സമ്മേളനം. ഹൃദ്രോഗം, പ്രമേഹം, അമിതവണ്ണം എന്നിവ തടയുന്നതിലും അത്യാഹിത വിഭാഗങ്ങളിലെ ചികില്‍സ മെച്ചപ്പെടുത്തുന്നതിലും നിര്‍മിത ബുദ്ധി വഹിക്കുന്ന പങ്ക് സമ്മേളനം ചര്‍ച്ച ചെയ്യും.
ഹൃദ്രോഗ സാധ്യത മുന്‍കൂട്ടി പ്രവചിക്കാനും പ്രമേഹരോഗികളെയും അമിതവണ്ണമുള്ളവരെയും കൃത്യമായി നിരീക്ഷിക്കാനും എഐ സാങ്കേതികവിദ്യ എങ്ങനെ പ്രയോജനപ്പെടുത്താം എന്ന വിഷയത്തിലും വിശദമായ സംവാദങ്ങളും ചര്‍ച്ചകളും നടക്കും. ഇതിന് പുറമെ ഡയഗ്‌നോസ്റ്റിക് ഇമേജിംഗ് സാങ്കേതികവിദ്യകളുടെ കൃത്യത വര്‍ദ്ധിപ്പിക്കുന്നതിനെക്കുറിച്ച് വിദഗ്ധരുടെ പ്രത്യേക സെഷനുകളുമുണ്ടാകും.
അത്യാഹിത വിഭാഗങ്ങളിലും ഐസിയുവിലും പ്രവേശിപ്പിക്കുന്ന രോഗികളുടെ നില മുന്‍കൂട്ടി മനസ്സിലാക്കി വിദഗ്ധ ചികില്‍സ നല്‍കുന്നതിനും എഐ സാങ്കേതിക വിദ്യ സഹായകമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിദഗ്ധരും ഗവേഷകരുമാണ് മൂന്ന് ദിവസത്തെ സമ്മേളനത്തില്‍ പങ്കെടുക്കുക.
Content Highlights: An AI conference in Bahrain will discuss innovative possibilities in the healthcare sector. Experts will explore medical technology, digital healthcare, and the future role of artificial intelligence in health services.