നോയിഡ സംഘർഷം; ഉന്നതാധികാര സമിതി യോഗം വിളിച്ച് യോഗി ആദിത്യനാഥ്; പ്രശ്നപരിഹാരം ഇന്ന് തന്നെ ഉണ്ടായേക്കും

ഇന്ന് രാത്രി തന്നെ പ്രശ്നപരിഹാരം ഉണ്ടാകുമെന്നാണ് സൂചന

നോയിഡ സംഘർഷം; ഉന്നതാധികാര സമിതി യോഗം വിളിച്ച് യോഗി ആദിത്യനാഥ്; പ്രശ്നപരിഹാരം ഇന്ന് തന്നെ ഉണ്ടായേക്കും
dot image

ന്യൂ ഡൽഹി: നോയിഡയിൽ വ്യാവസായിക മേഖലയിലുണ്ടായ സംഘർഷത്തെക്കുറിച്ച് സമഗ്ര അവലോകനം നടത്താൻ യുപി സർക്കാർ. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് രാത്രി സംഭവത്തെക്കുറിച്ച് വിശദമായ അവലോകനയോഗം വിളിച്ചു. തർക്കം പരിഹരിക്കുന്നത് സംബന്ധിച്ച് രൂപീകരിക്കപ്പെട്ട ഉന്നതാധികാര സമിതി യോഗി ഇന്ന് രാത്രി തന്നെ പ്രശ്നപരിഹാരം കാണുമെന്നാണ് സൂചന.

തൊഴിൽ വകുപ്പാണ് പ്രശ്നപരിഹാരത്തിനായി ഉന്നതാധികാര സമിതി രൂപീകരിച്ചത്. ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കമ്മീഷണറാണ് സമിതിയുടെ ചെയർമാൻ. തൊഴിലാളി യൂണിയനിൽ നിന്നുള്ള അഞ്ച് പ്രതിനിധികൾ, വ്യവസായികളിൽ നിന്നുള്ള മൂന്ന് പ്രതിനിധികൾ എന്നിവരുൾപ്പെട്ടതാണ് സമിതി.

സംഭവത്തിന് പിന്നിൽ സംസ്ഥാനത്തിന്റെ വളർച്ച തടയാനുള്ള ഗൂഢാലോചനയുണ്ടെന്നാണ് യോഗി ആദിത്യനാഥ് പ്രതികരിച്ചിരുന്നത്. ഇതിനെതിരെ സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് രംഗത്തെത്തിയിരുന്നു. ഇന്റലിജൻസിന് എന്തുകൊണ്ട് ഗൂഢാലോചന കണ്ടെത്താനായില്ല എന്നും അവർ ബംഗാളിൽ ഇലക്ഷൻ പ്രചാരണത്തിന് പോയിരിക്കുകയായിരുന്നോ എന്നുമാണ് അഖിലേഷ് യാദവ് ചോദിച്ചത്. സംഭവത്തിൽ കോൺഗ്രസും രംഗത്തുവന്നിരുന്നു. പരസ്യങ്ങൾക്ക് ഒഴിഞ്ഞ വയറുകൾ നിറയ്ക്കാൻ കഴിയില്ല എന്നും കണ്ണീർ വാതക ഷെല്ലുകൾക്ക് വിശപ്പിന് ഉത്തരം നൽകാൻ കഴിയില്ല എന്നും പറഞ്ഞ കോൺഗ്രസ് അധ്യക്ഷൻ അജയ് റായ് പ്രതിഷേധ ദൃശ്യങ്ങൾ ഭീതിപ്പെടുത്തുന്നതാണെന്നും പറഞ്ഞിരുന്നു.

Also Read:

ശമ്പള വർദ്ധന ആവശ്യപ്പെട്ടുള്ള നോയിഡയിലെ വ്യാവസായിക മേഖലയിലെ ജീവനക്കാരുടെ പ്രതിഷേധമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഓവര്‍ ടൈം വേതനം, ബോണസ്, ആഴ്ചതോറുമുള്ള അവധി, ജോലിസ്ഥലത്തുള്ള സുരക്ഷ എന്നീ വിഷയങ്ങളിൽ തൊഴില്‍ ഉദ്യോഗസ്ഥരും സംസ്ഥാന ഭരണകൂടവും തമ്മിലുള്ള ചർച്ചകൾ നടക്കുന്നതിനിടയിലാണ് സംഘര്‍ഷം ഉണ്ടായത്. പ്രതിഷേധക്കാർ സംഘര്‍ഷത്തിനിടെ കല്ലെറിഞ്ഞതായും ഇത് വ്യവസായിക മേഖലയില്‍ കൂടുതല്‍ നാശനഷ്ടമുണ്ടാക്കിയതായും അധിക്യതര്‍ പറഞ്ഞിരുന്നു. പൊലീസ് സ്ഥലത്തെത്തി ജനക്കൂട്ടത്തെ പിരിച്ചുവിടാൻ കണ്ണീർ വാതകം പ്രയോഗിച്ചിരുന്നു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഭരണകൂടം വ്യാവസായിക യൂണിറ്റുകളുമായി ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് ജില്ലാ മജിസ്ട്രേറ്റ് പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എല്ലാ തൊഴിലാളികള്‍ക്കും ആഴ്ചതോറുമുള്ള അവധി ഉറപ്പാക്കണമെന്നും ആ ദിവസം ആരെയെങ്കിലും ജോലിക്ക് നിര്‍ബന്ധിച്ചാല്‍ ഇരട്ടി വേതനം നല്‍കണമെന്നും ഫാക്ടറികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മജിസ്ട്രേറ്റ് അറിയിച്ചിട്ടുണ്ട്. തൊഴിലാളികളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കല്‍, ഓവര്‍ടൈമിന് ഇരട്ടി വേതനം, ബോണസ്, ആഴ്ചതോറുമുള്ള അവധികള്‍, ജോലിസ്ഥല സുരക്ഷ' എന്നീ വിഷയങ്ങളിലാണ് ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് ഡിഎം ഓണ്‍ എക്സില്‍ പോസ്റ്റ് ചെയ്ത ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

Content Highlights: The Uttar Pradesh government has decided to conduct a comprehensive review of the recent clash in Noida’s industrial area

dot image
To advertise here,contact us
dot image