

ഹൈദരാബാദ്: ആന്ധ്ര പ്രദേശിലെ എൻടിആർ ജില്ലയിൽ ബിഎംഡബ്ല്യു കാറിന് മേൽ ടാങ്കർ മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം. ശനിയാഴ്ചയാണ് സംഭവം. ഫ്‌ളൈ ആഷ് കയറ്റിവന്ന ടാങ്കർ പതിച്ച ബിഎംഡബ്ല്യു കാർ പൂർണമായും തകർന്നു. അപകടം നടന്ന സ്ഥലത്തെ ടോൾ ഗേറ്റിന് സമീപമെത്തിയപ്പോൾ ടാങ്കറിന്റെ ബ്രേക്ക് നഷ്ടമാകുകയും പിറകേ വന്ന കാറിലേക്ക് ഇടിച്ചു കയറുകയും ചെയ്തു. പിന്നാലെയാണ് കാറിന് മുകളിലേക്ക് ടാങ്കർ മറിഞ്ഞത്. കാറിലുണ്ടായിരുന്ന അഭിഭാഷകൻ പി ശ്രീനിവാസ റാവുവാണ് മരിച്ചത്. ഇയാൾ ഗുണ്ടൂർ സ്വദേശിയാണ്.
ടാങ്കർ നേരെ കാറിന് മേൽ പതിച്ചതിനാൽ രക്ഷാപ്രവർത്തനം ദുഷ്‌കരമായിരുന്നു. പൊലീസ്, ടോൾ പ്ലാസ ജീവനക്കാരും സമീപത്തുള്ളവരും ചേർന്ന് രണ്ടു മണിക്കൂറോളം നടത്തിയ ശ്രമത്തിനൊടുവിലാണ് കാറിന് മുകളിൽ നിന്നും ടാങ്കർ മാറ്റാൻ കഴിഞ്ഞത്. ക്രെയിനുകൾ എത്തി ടാങ്കർ മാറ്റിയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം നന്ദിഗാമ സർക്കാർ ആശുപത്രിയിലേക്ക് പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. ടോൾ പ്ലാസയിലെ സിസിടിവി പരിശോധിച്ച് അപകടത്തിന്റെ കൃത്യമായ വിവരങ്ങൾ ശേഖരിക്കുമെന്നും പൊലീസ് വ്യക്തമാക്കി. ബ്രേക്ക് നഷ്ടമായതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തിൽ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
Content Highlights: A tragic road accident in Andhra Pradesh where an overturned tanker crushed a BMW car, leading to the death of an advocate