

ന്യൂഡൽഹി: ഹരിയാനയിൽ മഹിളാ കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി സുചിത്രാ ദേവിക്ക് നിയമസഭാ സീറ്റ് വാഗ്ദാനം ചെയ്ത് പണം കൈപ്പറ്റിയെന്ന ആരോപണത്തിൽ നിയമനടപടിയുമായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഗൗരവ് കുമാറിന് എതിരെ കെ സി വേണുഗോപാൽ മാനനഷ്ടകേസ് ഫയൽ ചെയ്തു. കേരള നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ആരോപണമെന്നും തന്റെ സത്കീർത്തിയും പ്രതിച്ഛായയും തകർക്കുകയാണ് ലക്ഷ്യമെന്നും കെ സി വേണുഗോപാൽ പരാതിയിൽ പറയുന്നു.
ഹരിയാനയിൽ 2024ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ സംബന്ധിച്ച പരാതി രണ്ടു വർഷം കഴിഞ്ഞ് 2026ൽ മാത്രമാണ് ഉയർന്നുവന്നത്. ഇതു സംബന്ധിച്ച് പത്രസമ്മേളനം നടത്തുകയും പല മാധ്യമങ്ങളിലും വാർത്ത വരികയും ചെയ്തു. കൂടാതെ 23.2.26ൽ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതിയും നൽകി. കൈരളി ന്യൂസ് ഉൾപ്പെടെയുള്ള മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും പ്രതി വ്യാജ വാർത്തകൾ പ്രചരിപ്പിച്ചതായും പരാതിയിൽ പറയുന്നു. വ്യക്തമായ ലക്ഷ്യത്തോടെയാണ് ഈ പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പാക്കുന്നതെന്നും ആരോപിക്കുന്നു.
കേരള നിയമസഭാ തെരഞ്ഞെടുപ്പ് അതിന്റെ മൂർധന്യത്തിലേക്കു കടക്കുമ്പോഴാണ് ഇതുവരെ ഇല്ലാതിരുന്ന ആരോപണം പൊട്ടിമുളച്ചത്. യുഡിഎഫ് അധികാരത്തിൽ വരുന്നതു തടയാനുള്ള ഗൂഢാലോചന പരാതിക്കു പിന്നിലുണ്ടെന്നും ദീർഘകാലമായി പൊതുരംഗത്തു പ്രവർത്തിക്കുന്ന താൻ കഠിനാധ്വാനത്തിലൂടെ പടുത്തുയർത്തിയ യശസ് തകർക്കാൻ പരാതിക്കാരന് ലക്ഷ്യമുണ്ടെന്നും സംശയിക്കുന്നു. മുമ്പ് അയച്ച വക്കീൽ നോട്ടീസിന് മറുപടി നൽകുകയോ ആരോപണം പിൻവലിക്കുകയോ ചെയ്യാത്ത സാഹചര്യത്തിലാണ് കെ സി വേണുഗോപാൽ പരാതി ഫയൽ ചെയ്തത്.
Content Highlights: Senior Congress leader K. C. Venugopal has filed a defamation case against Gaurav Kumar