

കൊൽക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പശ്ചിമ ബംഗാളിൽ പോലീസുകാർക്ക് കൂട്ട സ്ഥലംമാറ്റം. തെരഞ്ഞെടുപ്പ് കമ്മീഷനാണ് സ്ഥലംമാറ്റിയത്. പൊലീസ് സ്റ്റേഷനുകളുടെ ചുമതലയുള്ള 173 പോലീസ് ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയത്.
സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ് സ്ഥലംമാറ്റ നടപടിയെന്നാണ് കമ്മീഷൻ പറയുന്നത്. മമത ബാനർജിയുടെ മണ്ഡലമായ ഭബാനിപൂരിലും, നന്ദിഗ്രാമിലും അടക്കം ഉദ്യോഗസ്ഥരെ മാറ്റി. കൂച് ബെഹാർ, മാൽഡ, മുർഷിദാബാദ്, ബിർഭും, പശ്‌ചിം മേദിനിപുർ, ഹൗറ, നോർത്ത്-സൗത്ത് 24 പർഗനാസ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരെയാണ് മാറ്റിയത്. സ്‌പെഷ്യൽ ടാസ്ക് ഫോസിൽ ഉണ്ടായിരുന്ന സൗമിത്ര ബസുവാണ് ഭബാനിപൂരിലെ പുതിയ ഉദ്യോഗസ്ഥ.
പ്രബലരുടെ മത്സരം മൂലം ദേശീയ ശ്രദ്ധയാകർഷിച്ചുകഴിഞ്ഞ മണ്ഡലമാണ് ഭബാനിപൂർ. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും ബിജെപി സംസ്ഥാന അധ്യക്ഷൻ സുവേന്ദു അധികാരിയും തമ്മിലാണ് ഇവിടെ മത്സരം നടക്കുന്നത്. അലിപൂർ, എക്ബൽപൂർ, ഹരിദേവ്പൂർ, എൻ്റലി, ജോറാസങ്കോ, ഗരിയാഹത്ത്, ഭവാനിപൂർ, ന്യൂ മാർക്കറ്റ്, ബൗബസാർ, ടോളിഗഞ്ച്, ആംഹെർസ്റ്റ് സ്ട്രീറ്റ്, തരാതല, ബെഹാല തുടങ്ങിയ പ്രധാന സ്റ്റേഷനുകളുടെ ഉദ്യോഗസ്ഥരെയും സ്ഥലംമാറ്റിയിട്ടുണ്ട്.
നന്ദിഗ്രാമിലേതടക്കമുള്ള 14 ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർമാരെയും സ്ഥലംമാറ്റാൻ കമ്മീഷൻ ഉത്തരവിട്ടിട്ടുണ്ട്. സംസ്ഥാനത്തെ 18 ജില്ലകളിലായി 83ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർമാരെയും റിട്ടേർണിംഗ് ഓഫീസർമാരെയും കമ്മീഷൻ സ്ഥലംമാറ്റിയിട്ടുണ്ട്.
തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഇത്തരം വ്യാപക സ്ഥലംമാറ്റങ്ങൾ വലിയ രാഷ്ട്രീയ വിവാദത്തിന് തന്നെ തിരികൊളുത്തിയിട്ടുണ്ട്. ബംഗാൾ സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ നിരന്തരം പോര് തുടരുന്ന സാഹചര്യത്തിൽ കൂടിയാണ് സ്ഥലംമാറ്റം ഉണ്ടായിരിക്കുന്നത്. ഇത്തരത്തിലുള്ള നടപടികൾ രാഷ്ട്രീയപ്രേരിതമാണെന്ന് മമത ബാനർജി ആരോപിച്ചിരുന്നു.
Content Highlights: Ahead of the upcoming assembly elections, the Election Commission has ordered a large-scale transfer of police personnel in West Bengal. The move is aimed at ensuring impartial law enforcement and strengthening election security across the state.