

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നിയമസഭ തെരഞ്ഞെടുപ്പിനൊരുങ്ങി ബിജെപി. ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. മുഖ്യമന്ത്രി മമത ബാനർജിയുടെ സിറ്റിംഗ് സീറ്റായ ഭബാനിപൂർ മണ്ഡലത്തിൽ മത്സരിക്കാനാണ് ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ തീരുമാനം. ബിജെപിയിലേക്ക് ചേരുന്നതിന് മുമ്പ് ബാനർജിയുടെ അടുത്ത അനുയായിയായിരുന്ന സുവേന്ദു അധികാരി ഭബാനിപൂരിൽ നിന്നും നന്ദിഗ്രാമിൽ നിന്നും മത്സരിക്കുന്നുണ്ട്. ബിജെപിയെ പ്രതിനിധീകരിച്ച് സുവേന്ദു അധികാരി ഭബാനിപൂർ മണ്ഡലത്തിൽ മത്സരിക്കുന്നത് ഇരുവർക്കുമിടയിൽ രാഷ്ട്രീയ സംഘർഷം വർദ്ധിപ്പിക്കാനാണ് സാധ്യത.
2021ലെ പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ മമത ബാനർജി മത്സരിച്ച് വിജയിച്ച സീറ്റായിരുന്നു ഭബാനിപൂർ മണ്ഡലം. അധികാരിയെ ഈ മണ്ഡലത്തിൽ നിന്ന് മത്സരിപ്പിക്കാനുള്ള ബിജെപിയുടെ തീരുമാനം തൃണമൂൽ കോൺഗ്രസ് നേതൃത്വത്തെ വെല്ലുവിളിക്കുന്നതിനാണ്. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സുവേന്ദു അധികാരി നന്ദിഗ്രാമിൽ നിന്ന് മത്സരിച്ച് മമത ബാനർജിയെ പരാജയപ്പെടുത്തിയിരുന്നു.
ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയിൽ 10 വനിതാ സ്ഥാനാർത്ഥികളെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ബിജെപിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിലാണ് ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് എന്നിവരുൾപ്പെടെയുള്ള മുതിർന്ന നേതാക്കളാണ് സ്ഥാനാർത്ഥി പട്ടിക നിർണയിച്ചത്. പശ്ചിമ ബംഗാളില്‍ രണ്ട് ഘട്ടമായാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. ആദ്യഘട്ടം ഏപ്രില്‍ 23-നും രണ്ടാംഘട്ടം ഏപ്രില്‍ 29-നും നടക്കും. മെയ് നാലിനായിരിക്കും വോട്ടെണ്ണൽ.
Content Highlights: The Bharatiya Janata Party released its first list of candidates for the upcoming West Bengal Assembly elections, fielding senior leader Suvendu Adhikari from the high-profile Bhabanipur seat -- a constituency represented by Chief Minister Mamata Banerjee.