

ന്യൂഡൽഹി: രാജ്യത്തെ എൽപിജി ക്ഷാമം അയോധ്യയിലെ കമ്മ്യൂണിറ്റി കിച്ചണ്‍ ആയ സീതാ രസോയിയെയും ബാധിച്ചുവെന്ന് തൃണമൂൽ എം പി കീർത്തി ആസാദ്. രാജ്യത്തെ എൽപിജി ക്ഷാമം കാരണം അയോധ്യയിലെ ഭക്തർക്ക് പ്രസാദം നൽകാൻ കഴിയുന്നില്ലെന്നും സീതാ രസോയി താത്കാലികമായി നിർത്തിവെയ്ക്കേണ്ട സാഹചര്യമാണെന്നും ചൂണ്ടിക്കാട്ടി കീർത്തി ആസാദ് ലോക് സഭയിൽ പരാതി നൽകി. രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ലെങ്കിൽ എന്തിനാണ് സർക്കാർ എൽപിജി സിലിണ്ടർ വില വർധിപ്പിച്ചതെന്നും തൃണമൂൽ എംപി ലോക്സഭയിൽ ചോദിച്ചു. രാജ്യത്തുണ്ടായ എൽപിജി പ്രതിസന്ധിയിൽ പ്രധാന മന്ത്രി ഉത്തരം പറയണമെന്നും കീർത്തി ആസാദ് ആവശ്യപ്പെട്ടു.
പശ്ചിമേഷ്യയിൽ സംഘർഷം 14-ാം ദിവസത്തിലേക്ക് കടന്നതോടെ ഇന്ത്യയടക്കമുള്ള നിരവധി രാജ്യങ്ങളിൽ എണ്ണ, എൽപിജി പ്രതിസന്ധി രൂക്ഷമാകാൻ തുടങ്ങിയിട്ടുണ്ട്. സംഘർഷം കാരണം ഹോർമുസ് കടലിടുക്കിലെ എണ്ണ വിതരണം തടസ്സപ്പെട്ട സാഹചര്യത്തിലാണ് രാജ്യത്ത് എൽപിജി പ്രതിസന്ധി രൂക്ഷമായത്. ഇതോടെ അയോധ്യയിലെ കമ്മ്യൂണിറ്റി കിച്ചൺ സീത രസോയിയുടെ പ്രവർത്തനം നിർത്തിവെച്ചെന്നും ഭക്തർക്ക് പ്രസാദം നൽകാൻ സാധിക്കുന്നില്ലെന്നുമാണ് തൃണമൂൽ കോൺഗ്രസിൻ്റെ ആരോപണം.
Content Highlights: TMC MP Kirti Azad said in Lok Sabha, The LPG shortage in the country has also hit Ayodhya’s Sita Rasoi