'കർശന സുരക്ഷയിലും അക്രമിക്ക് എങ്ങനെ അടുത്ത് എത്താൻ കഴിഞ്ഞു?'; ഫറൂഖ് അബ്ദുള്ളയ്‌ക്കെതിരായ വധശ്രമത്തിൽ ഒമർ

ഫറൂഖ് അബ്ദുള്ളയ്‌ക്കെതിരായ വധശ്രമത്തിൽ ആശങ്ക അറിയിച്ച് ഒമർ അബ്ദുള്ള

'കർശന സുരക്ഷയിലും അക്രമിക്ക് എങ്ങനെ അടുത്ത് എത്താൻ കഴിഞ്ഞു?'; ഫറൂഖ് അബ്ദുള്ളയ്‌ക്കെതിരായ വധശ്രമത്തിൽ ഒമർ
dot image

ന്യൂഡൽഹി: ജമ്മു കശ്മീ‍ർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസിൻ്റെ അധ്യക്ഷനുമായ ഫറൂഖ് അബ്ദുള്ള പങ്കെടുത്ത വിവാഹ ചടങ്ങിൽ വെടിവെയ്പ്പുണ്ടായതിൽ ആശങ്കയറിച്ച് മകനും ജമ്മുകശ്മീർ മുഖ്യമന്ത്രിയുമായ ഒമർ അബ്ദുള്ള. കർശന സുരക്ഷ ഉണ്ടായിരുന്നിട്ടും അക്രമിക്ക് എങ്ങനെ അദ്ദേഹത്തിൻ്റെ അടുത്തെത്താൻ കഴിഞ്ഞുവെന്ന് ഒമർ അബ്ദുള്ള ചോദിച്ചു. ''ദൈവം കരുണയുള്ളവനാണ്. വലിയ അപകടത്തിൽ നിന്നാണ് പിതാവ് രക്ഷപ്പെട്ടത്,'' എന്നും ഒമർ എക്സിൽ കുറിച്ചു. ഫറൂഖ് അബ്ദുള്ളയ്ക്ക് നാഷണൽ സെക്യൂരിറ്റി ഗാർഡ് (എൻ‌എസ്‌ജി) ഇസഡ് പ്ലസ് സുരക്ഷ നൽകിയിരുന്നു. ഇത് മറികടന്നാണ് അക്രമി അദ്ദേഹത്തിന് നേരെ വെടിയുതിർത്തത്.

ജമ്മുവിലെ നാഷണൽ കോൺഫറൻസ് നേതാവായ ബി എസ് ചൗഹാൻ്റെ മകൻ്റെ വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയായിരുന്നു ഫറൂഖ് അബ്ദുള്ളയ്ക്കെതിരെ വധശ്രമം നടന്നത്. ഫറൂഖ് അബ്ദുള്ള സഞ്ചരിച്ച വാഹനത്തിന് നേരെ തോക്കുമായി ഒരാൾ പാഞ്ഞടുക്കുകയും വെടിയുതിർക്കുകയായിരുന്നു. പ്രതി വേദിക്ക് പുറത്ത് ആക്രമിക്കാൻ തയ്യാറായി കാത്തിരിക്കുകയായിരുന്നു.

ഫറൂഖ് അബ്ദുള്ളയോടൊപ്പം ജമ്മു കശ്മീർ ഉപമുഖ്യമന്ത്രി സുരീന്ദർ ചൗധരിയും ഉണ്ടായിരുന്നു. ആക്രമണത്തിൽ ഇരുവർക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. ആക്രമണം നടത്തിയ പ്രതി കമാൽ സിങ് ജംവാളിനെ (63) സുരക്ഷാ ഉദ്യേ​ഗസ്ഥർ പിടികൂടുകയും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. കഴിഞ്ഞ 20 വർഷമായി നാഷണൽ കോൺഫറൻസ് (എൻ‌സി) മേധാവിയെ കൊല്ലാൻ പദ്ധതിയിട്ട് വരുകയായിരുന്നുവെന്നും ഇപ്പോഴാണ് അവസരം കിട്ടിയെതെന്നും പ്രതി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. പ്രതിയുടെ മൊഴി അനുസരിച്ച് കൊലപാതശ്രമത്തിന് പിന്നിലെ കാരണം വ്യക്തിപരമാണെന്നാണ് പൊലീസ് പറയുന്നത്. വെടിയുതിർക്കാൻ ഉപയോഗിച്ച തോക്കും സ്വന്തമാണെന്നാണ് പ്രതി പറയുന്നത്. മദ്യലഹരിയിലായിരുന്നു പ്രതി ആക്രമണം നടത്തിയത്. അതേസമയം സംഭവത്തിൽ തീവ്രവാദ സാധ്യതകൾ ഇല്ലെന്നാണ് പൊലീസ് പറയുന്നത്.

Content Highlights: Jammu and Kashmir Chief Minister Omar Abdullah on Wednesday reacted sharply to the assassination attempt on his father, Farooq Abdullah

dot image
To advertise here,contact us
dot image