

ന്യൂ ഡൽഹി: ലോക്സഭാ സ്പീക്കർ ഓം ബിർളയെ പുറത്താക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം ലോക്സഭ തള്ളി. ശബ്ദവോട്ടോടെയാണ് പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം ലോക്സഭ തള്ളിയത്. തുടർന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു.
വലിയ വാദപ്രതിവാദങ്ങളാണ് ലോക്സഭയിൽ അവിശ്വാസ പ്രമേയത്തിന്മേൽ ഉണ്ടായത്. പ്രമേയത്തിൽ മറുപടി നൽകിയ അമിത് ഷാ രാഹുൽ ഗാന്ധിയെയും പ്രതിപക്ഷത്തെയും രൂക്ഷമായാണ് വിമർശിച്ചത്. സ്‌പീക്കർക്കെതിരായ അവിശ്വാസ പ്രമേയത്തെ രാഷ്ട്രീയത്തിലെ അങ്ങേയറ്റം ഖേദകരമായ നടപടി എന്നാണ് അമിത് ഷാ വിശേഷിപ്പിച്ചത്. പിന്നാലെ രാഹുൽ ഗാന്ധി സഭയിൽ വരാറില്ലെന്നും വന്നാൽ ഫ്‌ളൈയിങ് കിസ് നൽകുകയും കണ്ണിറുക്കുകയുമാണ് ചെയ്യുന്നത് എന്നും അമിത് ഷാ ആക്ഷേപിച്ചു. പരാമർശം വിവാദമായതോടെ അവ സഭാരേഖയിൽ നിന്ന് നീക്കാമെന്ന് ചെയർ അറിയിച്ചു. ദേശീയ താല്പര്യത്തിന് വിരുദ്ധമാണ് രാഹുൽ ഗാന്ധിയുടെ താല്പര്യങ്ങളെന്നും അമിത് ഷാ വിമർശിച്ചു.
നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് മറുപടി നല്‍കാന്‍ പ്രധാനമന്ത്രി എത്താതിരുന്ന വിഷയത്തിൽ ബിജെപി നേതാവ് രവിശങ്കര്‍ പ്രസാദ് ആണ് മറുപടി നൽകിയത്. പ്രധാനമന്ത്രി സഭയില്‍ എത്താതിരിക്കാന്‍ സ്പീക്കര്‍ ഇടപെട്ടത് ഉചിതമായ നടപടിയെന്നാണ് രവിശങ്കർ പ്രസാദ് പറഞ്ഞത്. പ്രധാനമന്ത്രി അന്ന് സഭയില്‍ വന്നിരുന്നെങ്കില്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകുമായിരുന്നുവെന്നും പ്രധാനമന്ത്രിയെ അപമാനിക്കാനുള്ള നീക്കമായിരുന്നു കോണ്‍ഗ്രസ് നടത്തിയത് എന്നും രവിശങ്കർ പ്രസാദ് പറഞ്ഞു.
അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് നിരവധിപ്രതിപക്ഷ നേതാക്കളാണ് സംസാരിച്ചത്. പ്രതിപക്ഷ നേതാക്കൾക്ക് സഭയിൽ സംസാരിക്കാൻ മതിയായ അവസരം ലഭിക്കുന്നില്ലെന്നും ഭരണപക്ഷത്തിന്റെ സ്വേച്ഛാധിപത്യത്തിന്റെ അടയാളമായി സഭ മാറി എന്നും ആർജെഡി എംഎൽഎ അഭയ് കുമാർ സിൻഹ പറഞ്ഞു. സഭയിൽ ഒരു ദിവസം 140 എംപിമാരെ വരെ പുറത്താക്കുന്നത് കണ്ടുവെന്നും അഭയ് കുമാർ സിൻഹ പറഞ്ഞു.
Content Highlights: The Lok Sabha has rejected the opposition's no confidence motion seeking the removal of Speaker Om Birla. The motion was defeated through a voice vote during the parliamentary proceedings. Opposition parties had brought the motion alleging bias, but the House dismissed it, allowing the Speaker to continue in the position.