

ബെംഗളുരു: വടക്ക്കിഴക്കൻ ബെംഗളുരുവിലെ ദേവനഹള്ളിയിലുള്ള സ്വകാര്യ റെസിഡൻഷ്യൽ സ്‌കൂൾ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച സ്‌കൂൾ ഉടമ അറസ്റ്റില്‍. എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് പീഡനത്തിന് ഇരയായത്. സംഭവത്തിൽ കുട്ടി പരാതി ഉയർത്തിയിട്ടും നടപടി സ്വീകരിക്കാത്ത പ്രതിയുടെ ഭാര്യയെയും സ്‌കൂൾ പ്രിൻസിപ്പാളിനെയും പൊലീസ് അറസ്റ്റ് ചെയ്തു. അറുന്നുറോളം കുട്ടികൾ പഠിക്കുന്ന സ്‌കൂളിൽ ഒന്നു മുതൽ പത്തുവരെ ക്ലാസുകളാണ് ഉള്ളത്. ഇവിടെ 150ഓളം വിദ്യാർത്ഥിനികള്‍ പഠിക്കുന്നുണ്ട്.
14 വയസുകാരിയായ വിദ്യാർത്ഥിയും മാതാപിതാക്കളും ഇക്കഴിഞ്ഞ വെള്ളിയാഴ്ച പൊലീസിനെ സമീപിച്ചതിന് പിന്നാലെയാണ് കേസ് രജിസ്റ്റർ ചെയ്തത്. ഉടൻ തന്നെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നാലെ ഇയാളെ സഹായിച്ച മറ്റ് രണ്ടുപേരെയും കസ്റ്റഡിയിലെടുത്തു. സ്‌കൂളിലെ മറ്റ് വിദ്യാർത്ഥികളോടും സമാന അനുഭവമുണ്ടായോ എന്ന കാര്യം പൊലീസ് അന്വേഷിക്കുന്നുണ്ട്.
എട്ടു ദിവസത്തോളമാണ് പ്രതി വിദ്യാർത്ഥിനിയെ ഉപദ്രവിച്ചത്. സംഭവം ഇയാളുടെ ഭാര്യയെയും പ്രിൻസിപ്പാളിനെയും അറിയിച്ചപ്പോൾ ഇന്നത്തെ കാലത്ത് ഇതെല്ലാം സാധാരണയാണ് എന്ന മറുപടിയാണ് ലഭിച്ചതെന്ന് പെൺകുട്ടി പരാതിയിൽ പറയുന്നു. ഒരു രാത്രിയിൽ വാർഡന്റെ ഓഫീസിലേക്ക് തന്നെ വിളിപ്പിക്കുകയാണ് ഉണ്ടായത്. അന്ന് മദ്യപിച്ചെത്തിയ സ്‌കൂൾ ഉടമ തന്റെ മുറിയിലേക്ക് വിളിച്ച് പീഡിപ്പിച്ചു. ഉപദ്രവം സഹിക്കാൻ കഴിയാതെ വന്നതോടെയാണ് മാതാപിതാക്കളെ വിവരമറിയിച്ചതെന്നും കുട്ടി പരാതിയിൽ പറയുന്നു.
Content Highlights: A school owner, his wife, and the principal were arrested in Bengaluru after allegedly assaulting a Class 8 student