

ന്യൂഡൽഹി: മുസ്ലീം ഉടമസ്ഥതയിലുള്ള കടയുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ടെത്തിയ ബജ്‌റംഗ്ദൾ പ്രവർത്തകരെ തടഞ്ഞ ജിം ട്രെയ്‌നർ മുഹമ്മദ് ദീപക്കുമായി കൂടിക്കാഴ്ച നടത്തി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മുഹമ്മദ് ദീപക്കിനൊപ്പമുള്ള ചിത്രം രാഹുൽ ഗാന്ധി സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഔദ്യോഗിക എക്‌സ് പേജിലും ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവ് മുഹമ്മദ് ദീപക്കിനെ കണ്ടുവെന്ന തലക്കെട്ടിലാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.
ഐക്യം, സാഹോദര്യം, ധീരത എന്നിവയ്ക്ക് മുഹമ്മദ് ദീപക്ക് മാതൃകകാട്ടി. അനീതിക്കും വെറുപ്പിനുമെതിരെ നിലകൊള്ളാൻ പുതുതലമുറയെ പ്രചോദിപ്പിച്ച വ്യക്തിത്വം. മുഹമ്മദ് ദീപക്ക് മൊഹബത്തിന്റെ കടയിലെ യോദ്ധാവാണ്. രാജ്യം മുഴുവൻ അദ്ദേഹത്തെ ഓർത്ത് അഭിമാനിക്കുന്നുവെന്നും എക്‌സ് പോസ്റ്റിൽ പറയുന്നു.
രാഹുൽ ഗാന്ധിയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. അധികാരം മനുഷ്യത്വത്തെ കണ്ടുമുട്ടി. രണ്ടുപേരും ശക്തരായ നല്ല മനുഷ്യർ, ഒരു മനുഷ്യനെ സഹായിച്ചതിലൂടെ അദ്ദേഹത്തിന്റെ ജീവിതം തന്നെ മാറി, മനുഷ്യന്റെ മനുഷ്യത്വമാണ് യഥാർത്ഥത്തിൽ ഏറ്റവും അംഗീകരിക്കപ്പെടേണ്ടത്. ചെയ്യേണ്ടത് എന്തെന്നാൽ ആ മനുഷ്യത്വത്തെ എന്നും നിലനിർത്തുകയാണ്, വെറുപ്പ് പ്രചരിപ്പിച്ച് കുറച്ച് പേർക്ക് അവരുടെ മതത്തിലുള്ളവരെ സന്തോഷിപ്പിക്കാം എന്നാൽ വെറുപ്പ് വിതറുന്നവർക്കെതിരെ ശബ്ദമുയർത്തി ലോകത്തെമ്പാടുമുള്ള ആളുകളെ സന്തോഷിപ്പിക്കാൻ കഴിയും. ഇന്ന് ദീപക്ക് എന്ന സഹോദരനെ അറിയാത്തവരാരുണ്ട്. സുഹൃത്തുക്കളെ മനുഷ്യത്വം ഇന്നും കുറച്ച് പേരിൽ ബാക്കിയുണ്ട് എന്നടക്കമുള്ള കമന്റുകളാണ് പോസ്റ്റിൽ നിറയുന്നത്.
ഉത്തരാഖണ്ഡിലെ കോഡ്വാറിലുള്ള പട്ടേൽ മാർഗിൽ പ്രവർത്തിക്കുന്ന ബാബാ ക്ലോത്തിങ് സെന്റിലെത്തി ബജ്‌റംഗ്ദൾ നടത്തിയ പ്രതിഷേധത്തിനിടെയാണ് 70കാരനായ കടയുടമ വാക്കിൽ അഹമ്മദിനെ പിന്തുണച്ച് മുഹമ്മദ് ദീപക്ക് രംഗത്തെത്തുന്നത്. ഇതോടെ പ്രതിഷേധക്കാരും ദീപക്കും അഹമ്മദും തമ്മിൽ വാക്കുതർക്കമായി. അഹമ്മദിന്റെ മകന്റെ സുഹൃത്താണ് ദീപക്ക്. സംഘർഷാവസ്ഥ ഉടലെടുത്തോടെ സംഭവത്തിൽ പൊലീസ് ഇടപെട്ടു. പ്രശ്‌നം നിയന്ത്രണവിധേയമാക്കിയ ശേഷം പൊലീസ് മൂന്ന് വ്യത്യസ്ത എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു.
തുടർന്ന് ഹിന്ദു രക്ഷാ ദൾ പ്രചരിപ്പിച്ച ഒരു വീഡിയോയിലൂടെ വീണ്ടും പ്രശ്‌നം സങ്കീർണമായി. മുഹമ്മദ് ദീപക്കിനെ പാഠം പഠിപ്പിക്കാനായി ഇക്കഴിഞ്ഞ ഫെബ്രുവരി 12ന് അദ്ദേഹത്തിന്റെ വീടിന് നേരെ മാർച്ച് നടത്താൻ ആഹ്വാനം ചെയ്ത് ഭീഷണിയുമായി നിൽക്കുന്ന ഒരാളുടെ വീഡിയോ ആയിരുന്നു അത്. ഇതോടെ പ്രാദേശിക ഭരണകൂടം മുഹമ്മദ് ദീപക്കിന് സുരക്ഷയുമായി എത്തി. മാത്രമല്ല പ്രദേശത്ത് സംഘർഷാവസ്ഥ ഉണ്ടാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അഡിഷ്ണൽ സൂപ്രണ്ട് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.
Content Highlights: Opposition leader Rahul Gandhi met with Mohammed Deepak