മതപരിവർത്തനം നടത്തിയെന്ന് ബജ്‌റംഗ് ദളിന്റെ ആരോപണം; യുപിയിൽ മലയാളി പാസ്റ്റർ അറസ്റ്റിൽ

ആളുകളോട് പ്രസംഗിക്കുന്നതിനിടെയാണ് പൊലീസെത്തി പാസ്റ്ററെ അറസ്റ്റ് ചെയ്തത്.

മതപരിവർത്തനം നടത്തിയെന്ന് ബജ്‌റംഗ് ദളിന്റെ ആരോപണം; യുപിയിൽ മലയാളി പാസ്റ്റർ അറസ്റ്റിൽ
dot image

ലഖ്‌നൗ: മതപരിവർത്തനം നടത്തിയെന്ന് ആരോപിച്ച് ബജ്‌റംഗ് ദൾ പരാതി നൽകിയ മലയാളി പാസ്റ്ററെ അറസ്റ്റ് ചെയ്ത് ഉത്തർ പ്രദേശ് പൊലീസ്. സിക്കന്ദർപൂരിലാണ് പാസ്റ്റർ ജോസ് തോമസ് അറസ്റ്റിലായത്. തിരുവനന്തപുരം സ്വദേശിയാണ് ജോസ്.

പണവും ജോലിയും വാഗ്ദാനം ചെയ്ത് മതപരിവർത്തനം ചെയ്യുന്നു എന്നാണ് ബജ്‌റംഗ് ദളിന്റെ പരാതി. ബജ്‌റംഗ് ദൾ ജില്ലാ ഭാരവാഹിയും പ്രദേശവാസിയുമായ ഗൗതം ഗർ ആണ് പരാതി നൽകിയത്. ഹിന്ദു ദൈവങ്ങളെ ആക്ഷേപിച്ചെന്നും പരാതിയിലുണ്ട്. കേസിൽ മതപരിവർത്തന നിരോധന നിയമപ്രകാരമാണ് പൊലീസ് നടപടി എടുത്തിരിക്കുന്നത്.

ആളുകളോട് പ്രസംഗിക്കുന്നതിനിടെയാണ് പൊലീസെത്തി ജോസിനെ അറസ്റ്റ് ചെയ്തത്. പാസ്റ്ററുടെ കൈവശമുണ്ടായിരുന്ന മതപരമായ പുസ്തകങ്ങളും മ്യൂസിക് സിസ്റ്റവും മൈക്രോഫോണും പൊലീസ് പിടിച്ചെടുത്തു. 124 പുസ്തങ്ങൾ ഇയാളുടെ പക്കലുണ്ടായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. പാസ്റ്ററിനെ അറസ്റ്റ് ചെയ്ത ചിത്രവും പൊലീസ് പുറത്തുവിട്ടിട്ടുണ്ട്.

ബിജെപി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളിൽ സമാനമായ രീതിയിൽ നിരവധി പാസ്റ്റർമാരും ക്രിസ്ത്യൻ പുരോഹിതരും കന്യാസ്ത്രീകളും അറസ്റ്റിലായിരുന്നു. മതപരിവർത്തന നിരോധന നിയമ പ്രകാരമാണ് ഇവർക്കെതിരെ നടപടി സ്വീകരിക്കുന്നത്. എന്നാൽ നിർബന്ധിത മതപരിവർത്തനം നടക്കുന്നില്ലെന്നും ക്രിസ്ത്യൻ മിഷനറി പ്രവർത്തനങ്ങളെ മോശമായി ചിത്രീകരിക്കാനുള്ള ശ്രമമാണ് നടക്കുന്നത് എന്നുമാണ് ഇതിനോട് ക്രിസ്ത്യൻ സഭാ നേതൃത്വത്തിന്റെ പ്രതികരണം.

Content Highlights : Malayali paster arrested in Uttar Pradesh

dot image
To advertise here,contact us
dot image