

ന്യൂഡൽഹി: തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണ(എസ്‌ഐആർ) നടപടികളിൽ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് സിപിഐഎം. സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബിയാണ് കമ്മീഷന് കത്തെഴുതിയത്. എസ്ഐആര്‍ പ്രക്രിയ ഭരണഘടന തത്വങ്ങള്‍ക്കെതിരെയാണെന്നും വേട്ടര്‍മാരെ പട്ടികയില്‍ നിന്നും ഏകപക്ഷീയമായി ഒഴിവാക്കുന്നുവെന്നും എംഎ ബേബി ആരോപിച്ചു. സമയപരിധി അപ്രായോഗികമാണ്. നടപടിക്രമങ്ങള്‍ ബിഎല്‍ഒമാര്‍ക്ക് സമ്മര്‍ദം ഉണ്ടാക്കുന്നതെന്നും കത്തില്‍ പറയുന്നു. എസ്‌ഐആറില്‍ കമ്മീഷന്‍ രാഷ്ട്രീയ പാര്‍ട്ടികളെ വിശ്വാസത്തിലെടുത്തില്ലെന്നും കത്തില്‍ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്.
ബിജെപിയും ആര്‍എസ്‌എസും തെരഞ്ഞെടുപ്പ് കമ്മീഷനിലൂടെ നടപ്പാക്കുന്ന രാഷ്‌ട്രീയ പദ്ധതിയാണ് വോട്ടര്‍ പട്ടികയുടെ തീവ്ര പരിഷ്കരണമെന്ന് എംഎ ബേബി നേരത്തെ പറഞ്ഞിരുന്നു. പൗരത്വം നിർണയിക്കുന്നതിനുള്ള അവകാശം തങ്ങളുടേതാക്കാന്‍ ശ്രമിക്കുന്ന തെരഞ്ഞെടുപ്പ് കമീഷന്റെ ശ്രമങ്ങള്‍ക്കെതിരായ വിശാലമായ ക്യാമ്പെയിന്‍ പാര്‍ട്ടി സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. യോഗ്യതയുള്ള ഒരു വോട്ടറും വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെടുന്നില്ല എന്നുറപ്പുവരുത്തും. ബിജെപിയുടെയും തെരഞ്ഞെടുപ്പ് കമ്മീഷൻ സംവിധാനങ്ങളുടെയും ഒത്തുകളിയിലൂടെ വ്യാജ വോട്ടര്‍മാര്‍ വോട്ടര്‍ പട്ടികയില്‍ തിരുകി കയറ്റപ്പെടാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തുമെന്നും വ്യക്തമാക്കിയിരുന്നു.
അതേസമയം എസ്‌ഐആറിൽ ഹിയറിങ്ങിനുള്ള സമയം ഇന്നത്തോടെ അവസാനിക്കും. പരാതികളുള്ള എല്ലാവരുടെയും ഹിയറിങ് നടത്തി വോട്ടർ പട്ടികയിൽ ആവശ്യമായ എല്ലാ പരിഷ്‌കരണങ്ങളും പൂർത്തിയാക്കുക എന്നതാണ് പ്രഥമ ലക്ഷ്യമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രത്തൻ യു ഖേൽക്കർ അറിയിച്ചിരുന്നു.
ഫെബ്രുവരി 21ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കാനാണ് തീരുമാനം. എസ്‌ഐആർ നടപ്പാക്കുന്നതിൽ കേരളം മികച്ച രീതിയിലുള്ള പ്രവർത്തനമാണ് കാഴ്ചവെച്ചതെന്ന് രത്തൻ യു ഖേൽക്കർ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഹിയറിങ്ങിലൂടെ 39,297 പേരാണ് വോട്ടർപട്ടികയിൽ നിന്ന് പുറത്തായത്. ഇതിൽ 1,630 പേർ വിദേശ പൗരത്വം സ്വീകരിച്ചവരാണ്. 33,450 പേർ താമസം മാറിയവരാണ്. 4,217 പേർ എന്യൂമേറഷൻ സമയ പരിധിയിൽ മരിച്ചവരാണ്.
അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചാലും നിയമസഭാ തെരഞ്ഞെടുപ്പിന്റെ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതിയുടെ തലേദിവസം വരെ പേര് ഉൾപ്പെടുത്താൻ അവസരം ഉണ്ടായിരിക്കുമെന്നും ഇതിനായി ബിഎൽഒമാരെയോ ഇആർഒമാരെയോ സമീപിക്കാമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ വ്യക്തമാക്കിയിട്ടുണ്ട്.
Content Highlight : The Communist Party of India (Marxist) (CPI-M) has written to the Election Commission demanding that it withdraw the (SIR) procedures.