ചരിത്ര നേട്ടവുമായി സിയാല്‍; 502 കോടിയുടെ റെക്കോർഡ് ലാഭം, ഇനി എയർപോർട്ട് കൺസൾട്ടൻസി രംഗത്തേക്കും

കഴിഞ്ഞ സാമ്പത്തിക വർഷം ആകെ 1.14 കോടി യാത്രക്കാരാണ് കൊച്ചി വിമാനത്താവളം വഴി യാത്രചെയ്തത്

ചരിത്ര നേട്ടവുമായി സിയാല്‍; 502 കോടിയുടെ റെക്കോർഡ് ലാഭം, ഇനി എയർപോർട്ട് കൺസൾട്ടൻസി രംഗത്തേക്കും
dot image

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് (CIAL) 2025–26 സാമ്പത്തിക വർഷത്തിൽ റെക്കോർഡ് ലാഭം.മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് മികച്ച പ്രകടനമാണ് സിയാല്‍ കാഴ്ചവച്ചത്. നികുതിക്ക് ശേഷമുള്ള ലാഭം 499 കോടിയിൽ നിന്ന് 502.02 കോടിയായി ഉയർന്നതായി കമ്പനി അറിയിച്ചു.

2025–26 സാമ്പത്തിക വർഷത്തിൽ സിയാലിന്റെ മൊത്തം വരുമാനം 1,500 കോടിക്ക് മുകളിലെത്തി. വിമാനത്താവള പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനത്തിനൊപ്പം നോൺ-എറോനോട്ടിക്കൽ ബിസിനസുകളിലെ വളർച്ചയും കമ്പനിയുടെ സാമ്പത്തിക പ്രകടനത്തിന് പിന്തുണ നൽകി. വിമാനത്താവളത്തിന്റെ മികച്ച പ്രവർത്തന പ്രകടനവും യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വളർച്ചയും കമ്പനിയുടെ വരുമാനം ഉയരാൻ സഹായിച്ചു.

അതേസമയം, വിമാനത്താവള പ്രവർത്തനങ്ങളിൽ മാത്രം ഒതുങ്ങാതെ പുതിയ മേഖലകളിലേക്ക് വ്യാപിക്കാനും സിയാല്‍ ഒരുങ്ങുകയാണ്. എയർപോർട്ട് കൺസൾട്ടൻസി ബിസിനസിലേക്ക് കടക്കാനുള്ള പദ്ധതിയാണ് ഇതിൽ ശ്രദ്ധേയം. വിമാനത്താവളങ്ങളുടെ രൂപകൽപ്പന, വികസനം, പ്രവർത്തനം തുടങ്ങിയ മേഖലകളിലെ സിയാലിന്റെ അനുഭവസമ്പത്ത് ഉപയോഗപ്പെടുത്തി കൺസൾട്ടൻസി സേവനങ്ങൾ നൽകാനാണ് നീക്കം.

കൊച്ചി വിമാനത്താവളത്തിന്റെ വിജയകരമായ പ്രവർത്തന മാതൃക മറ്റ് വിമാനത്താവളങ്ങൾക്കും പ്രയോജനപ്പെടുത്താൻ കഴിയുമെന്ന വിലയിരുത്തലിന്റെ ഭാഗമായാണ് പുതിയ ബിസിനസ് മേഖലയിലേക്കുള്ള പ്രവേശനം.

കഴിഞ്ഞ സാമ്പത്തിക വർഷം ആകെ 1.14 കോടി യാത്രക്കാരാണ് കൊച്ചി വിമാനത്താവളം വഴി യാത്രചെയ്തത്. 73134 വിമാനങ്ങൾ സർവീസ് നടത്തി. തുടർച്ചയായ നാലാം വർഷമാണ് സിയാൽ ഒരു കോടിയിലധികം യാത്രക്കാരെ കൈകാര്യം ചെയ്യുന്നത്.

വിമാനത്താവള വികസനത്തിനും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ള നിക്ഷേപ പദ്ധതികളും സിയാല്‍ തുടരുന്നുണ്ട്. യാത്രക്കാരുടെ എണ്ണം വർധിക്കുന്നതിനനുസരിച്ച് ടെർമിനൽ സൗകര്യങ്ങളും മറ്റ് അനുബന്ധ സംവിധാനങ്ങളും വിപുലീകരിക്കാനാണ് കമ്പനിയുടെ നീക്കം.

റെക്കോഡ് ലാഭ സാഹചര്യത്തില്‍ ഓഹരി ഉടമകൾക്ക് 55% ലാഭവിഹിതം നല്‍കാന്‍ സിയാല്‍ തീരുമാനിച്ചിട്ടുണ്ട്. ഇത് സംസ്ഥാന സര്‍ക്കാരിനും മറ്റ് ചെറുകിട നിക്ഷേപകര്‍ക്കും വലിയ സാമ്പത്തിക നേട്ടമാകും.

500 കോടിക്ക് മുകളിലുള്ള റെക്കോർഡ് ലാഭവും പുതിയ ബിസിനസ് മേഖലകളിലേക്കുള്ള പ്രവേശനവും സിയാലിന്റെ വളർച്ചയിലെ പുതിയ ഘട്ടമായാണ് വിലയിരുത്തപ്പെടുന്നത്.

dot image
To advertise here,contact us
dot image