

സമനിലയിൽ അവസാനിക്കുമെന്ന് തോന്നിച്ച ഘട്ടത്തിൽ നിന്നാണ് ശ്രീലങ്ക ഇലവനെ ഇന്ത്യ കീഴടക്കിയത്. അവസാന ഓവറിൽ ജയിക്കാൻ വേണ്ടിയിരുന്ന 16 റൺസ്, ആദ്യ മൂന്ന് പന്തിൽനിന്നു തന്നെ ഇന്ത്യ കണ്ടെത്തി. മൂന്ന് സിക്‌സറടിച്ച് മുഹമ്മദ് സിറാജാണ് ഇന്ത്യയ്ക്ക് ആവേശജയം സമ്മാനിച്ചത്.
മത്സരത്തിൽ മൂന്നോവർ മാത്രം ബാക്കിനിൽക്കേയാണ് സിറാജ് മൈതാനത്തിറങ്ങുന്നത്. ആ ഘട്ടത്തിൽ 26 റൺസാണ് ഇന്ത്യക്ക് വേണ്ടിയിരുന്നത്. 43-ാം ഓവറിൽ ആകെ പിറന്നത് മൂന്ന് റൺസാണ്. അതോടെ രണ്ടോവറിൽ ജയിക്കാൻ 23 റൺസ് വേണമെന്ന സ്ഥിതി. 44-ാം ഓവറിൽ സിറാജ് ഒരു സിക്‌സറുൾപ്പെടെ ഏഴ് റൺസെടുത്തു. അവസാന ഓവറിൽ ലക്ഷ്യം 16 റൺസായി മാറി. മത്സരം സമനിലയിൽ കലാശിക്കുമെന്നാണ് ഏവരും കരുതിയിരുന്നത്.
കേശാര നുവാന്ത എറിഞ്ഞ ഓവറിലെ ആദ്യ മൂന്ന് പന്തും സിറാജ് അതിർത്തികടത്തി. ആദ്യ രണ്ട് സിക്‌സർ ലോങ് ഓണിലേക്കും മൂന്നാമത്തെ സിക്‌സർ ഡീപ് മിഡ് വിക്കറ്റിന് മുകളിലൂടെയും അതിർത്തി കടന്നു.
അതോടെ സിറാജ് ചിരിച്ചു. മാത്രമല്ല, പരിശീലകൻ ഗൗതം ഗംഭീറും ബാറ്റിങ് കോച്ച് സിതാൻഷു കോട്ടകും ചിരിയോടെയാണ് സിറാജിന്റെ ബാറ്റിങ്ങിനെ നോക്കികണ്ടത്. മത്സരത്തിന് ശേഷം സിറാജിന്റെ ബാറ്റ് പരിശോധിക്കുന്ന സഹതാരങ്ങളെയും കണ്ടു.
content highlights: mohammed siraj four sixes india vs sri lanka warm up match gautam gambhir